Tuesday, 22 August 2017 10.28 PM IST
കുട്ടികളുടെ മരണകാരണം മസ്‌തിഷ്‌ക ജ്വരമാണെന്ന് ആവർത്തിച്ച് യു.പി മുഖ്യമന്ത്രി
August 13, 2017, 3:08 pm
ഗോരഖ്പൂർ: തന്റെ മണ്ഡലമായ ഗോരഖ്പൂരിൽ 60 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് മസ്‌തിഷ്‌ക ജ്വരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ച് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയാലുടൻ നടപടി എടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തം ഉണ്ടായ ബാബ രാഘവ് ദാസ് ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു യോഗി.

കുട്ടികളുടെ മരണത്തിന് കാരണം എൻസെഫലിറ്റിസ് എന്ന രോഗമാണ്. യു.പിയിൽ സർവസാധാരണമായ ഈ രോഗത്തെ തുടച്ചു നീക്കാൻ തന്റെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഏതാണ്ട് 90 ലക്ഷം കുട്ടികൾക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ട്. ഈ ആശുപത്രിയിലേക്ക് ഇത് നാലാം തവണയാണ് താൻ സന്ദർശനം നടത്തുന്നത്. 1996-97 കാലം മുതൽ മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പൊരുതുന്ന ഒരാളാണ് താനെന്നും യോഗി പറഞ്ഞു. ബി.ആർ.ഡി ആശുപത്രിയിലുണ്ടായ ഈ ദുരന്തത്തെ കുറിച്ച് പ്രത്യേകം അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യാതെ ആശുപത്രിക്ക് അകത്ത് ചെന്ന് മാദ്ധ്യമപ്രവർത്തകർ കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കണം. മാദ്ധ്യമങ്ങളെ തടയരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് ഗോരഖ്പൂരിലെന്നല്ല യു.പിയിൽ എവിടെയും മരണങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് യോഗിക്കൊപ്പം ആശുപത്രി സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ പറഞ്ഞു.

കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു
കുട്ടികളുടെ മരണത്തിന്റെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും യോഗി ആരോപിച്ചു. ഗുലാംനബി ആസാദ് കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ ആശുപത്രി സന്ദർശിച്ചിരുന്നവെന്നും എന്നാൽ,​ ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു അന്ന് പറഞ്ഞതെന്നും യോഗി ആദിത്യനാഥ് വെളിപ്പെടുത്തി. ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചോ എന്നറിയണമെങ്കിൽ ആശുപത്രി വാർഡുകൾ സന്ദർശിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് കുട്ടികൾ കൂടി മരിച്ചു
മസ്തിഷ്ക ജ്വരം ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് കുട്ടികൾ കൂടി ഇന്ന് മരിച്ചു. ഇതോടെ ആഗസ്‌റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ എണ്ണം 70 ആയി. ഇതിൽ 30 പേർ മരിച്ചതു വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ