'ആ നടൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല' - വിശദീകരണവുമായി നടി ഭാമ
August 13, 2017, 3:49 pm
തന്റെ സിനിമാ ജീവിതം തകർക്കാൻ ശ്രമിച്ച ഒരു നടനെ കുറിച്ച് നടി ഭാമ അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അത് ആരാണെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ, നടി ആക്രമിക്കപ്പെട്ട സംഭവം വാർത്തയായതോടെ ഭാമയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച നടൻ, ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ദിലീപാണെന്ന് വാർത്തകൾ പരന്നതോടെയാണ് ഭാമ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി എത്തിയത്.

ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയാണ് വിശദീകരണമെന്ന് ഭാമ പറഞ്ഞു. താൻ നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ചിലർക്ക് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതിൽ പറഞ്ഞിരിക്കുന്ന നടൻ ദിലീപ് അല്ല എന്ന് താൻ വെളിപ്പെടുത്തുകയാണെന്നും ഭാമ പറഞ്ഞു. ഒരാഴ്ച മുന്പ് മറ്റൊരു മാദ്ധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ടുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും ഭാമ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അഭ്യർത്ഥിച്ചു.

'ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിലെ അവസരം മുടക്കാൻ ചിലർ ശ്രമിച്ചിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകൻ സജി സുരേന്ദ്രൻ തന്നോട് പറഞ്ഞിരുന്നതായണ് അഭിമുഖത്തിൽ ഭാമ പറഞ്ഞത്. അയാളുടെ പേര് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഭാമ പറഞ്ഞു. സജി സുരേന്ദ്രൻ പറഞ്ഞപ്പോൾ അതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയിൽ ശത്രുക്കളോ എന്ന് വിചാരിച്ചു. എന്നെ സിനിമയിൽ ഉൾപ്പെടുത്തിയാൽ വലിയ തലവേദനയാണെന്നാണ് ആ ശത്രുക്കൾ പറഞ്ഞു പരത്തുന്നത്. കുറച്ച് നാൾ മുൻപ് വി.എം.വിനു സംവിധാനം ചെയ്ത 'മറുപടി' എന്ന ചിത്രത്തിൽ അഭിനിയിച്ചു. ഷൂട്ടിംഗ് തീരാറായപ്പോൾ നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്ന് വിനുച്ചേട്ടൻ പറഞ്ഞു. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്പ് ഒരാൾ വിളിച്ച് നിന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ പുലിവാലാകുമെന്നും പറഞ്ഞു. ആൾ ആരെന്ന് പറയാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം പേര് വെളിപ്പെടുത്തി. ആ പേര് കേട്ട് ഞാൻ ഞെട്ടി. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരാളായിരുന്നു അത്' - ഇതായിരുന്നു ഭാമ അഭിമുഖത്തിൽ പറഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ