Tuesday, 22 August 2017 10.31 PM IST
ഹമീദ് അൻസാരിയോട് രാജ്യം വിട്ട് പോകാൻ ആർ.എസ്.എസ്
August 13, 2017, 4:34 pm
ന്യൂഡൽഹി: ശിശുസംരക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ രാജ്യത്തെ മുസ്ളിംങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ആർ.എസ്.എസ്. രാജ്യത്ത് താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെങ്കിൽ സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് ഹമീദ് അൻസാരി താമസം മാറണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറ‌ഞ്ഞു. അതേസമയം ഹമീദ് അൻസാരിയുടെ പ്രസ്താവനയോട് മുസ്ലിംങ്ങൾക്കിടയിൽ നിന്നു പോലും പിന്തുണയില്ലെന്നും അവരെല്ലാം ഈ പ്രസ്താവനയെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹം മതേതരവാദിയിരുന്നുവെന്നും രാജിവച്ചതിനു ശേഷം വർഗീയ വാദിയായെന്നും ഇന്ദ്രേഷ് കുമാർ ആരോപിച്ചു.

മുസ്ളിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് തങ്ങൾ അരക്ഷിതാരണെന്ന തോന്നൽ ഉണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അൻസാരി രാജ്യസഭാ ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോസംരക്ഷകരുടെ വെല്ലുവിളികളും ഘർവാപസിയുടെ രാഷ്‌ട്രീയവുമെല്ലാം അഭിമുഖത്തിൽ പരാമർശിച്ച അൻസാരി സംഘപരിവാർ സംഘടനകളിൽ നിന്നുൾപ്പടെ വരുന്ന മുസ്ളിംവിരുദ്ധ പരാമർശങ്ങളും പ്രവൃത്തികളും സമുദായാംഗങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

ഹമീദ് അൻസാരിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തെയും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. വിരമിച്ച ശേഷമുള്ള രാഷ്‌ട്രീയ ജീവിതം ലക്ഷ്യമാക്കിയാകാം അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നായിരുന്നു ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാസ് വിജയ് വർജിയ പ്രതികരണം. ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ചിലർ പറയുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഹമീദ് അൻസാരിയുടെ പേരെടുത്ത് പറയാതെ വെങ്കയ്യാനായിഡുവും പ്രതികരിച്ചിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ