Tuesday, 22 August 2017 10.28 PM IST
ശ്രീലങ്കയെ എറിഞ്ഞിട്ടു, 135ന് പുറത്ത്
August 13, 2017, 4:39 pm
പല്ലെക്കലെ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ശ്രീലങ്ക ഓൾഔട്ടായി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 487 പിന്തുടർന്ന ശ്രീലങ്കയ്‌ക്ക് 37.4 ഓവറിൽ 135 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാലു വിക്കറ്റും ഷമി, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റും വീഴ‌്ത്തി. ഫോളോഓൺ വഴങ്ങിയ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക അഞ്ചോവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ പത്ത് റൺസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറിനൊപ്പമെത്താൻ ശ്രീലങ്കയ്ക്ക് ഇനിയും 342 റൺസ് കൂടി വേണം.

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 487 റൺസിന് പുറത്താക്കിയിട്ടും ബാറ്റിംഗിൽ അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ ശ്രീലങ്കയ്ക്കായില്ല. ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ഓപ്പണർമാരായ ഉപുൾ തരംഗ(5)യെയും ദിമുത് കരുണരത്ന(4)യെയും അടുത്തടുത്ത ഓവറുകളിൽ ഷമി പുറത്താക്കിയതോടെയായിരുന്നു ലങ്കൻ പതനം ആരംഭിക്കുന്നത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത കുശാൽ മെൻഡിസ്(18) റണ്ണൗട്ടാവുകയായിരുന്നു. കഴിഞ്ഞ ടെസ്‌റ്റിൽ സെഞ്ച്വറി നേടിയ കരുണരത്നയെയും കുശാൽ മെൻഡിസിനെയും ആദ്യമേ നഷ്ടപ്പെട്ടത് ലങ്കൻ ബാറ്റിംഗിന് തിരിച്ചടിയായി. ആഞ്ജലോ മാത്യൂസിനെ(പൂജ്യം) ഹർദ്ദിക് പാണ്ഡ്യ വിക്കറ്റിനു മുന്നിൽ കുരുക്കി. 38ന് നാല് എന്ന നിലയിൽ പരുങ്ങിയ ശ്രീലങ്കയെ ക്യാപ്‌റ്റൻ ദിനേഷ് ചാന്ദിമാലും നിരോഷൻ ഡിക്‌വാലയും ചേർന്ന് 100 കടത്തി. ഡിക്‌വാലയെ പുറത്താക്കി കുൽദീപ് യാദവ് തന്റെ വിക്കറ്റ് വേട്ട തുടങ്ങി. ഡിക്‌വാലയ്ക്ക് ശേഷം പുറത്തായ അഞ്ച് ശ്രീലങ്കൻ ബാറ്റ്‌സ്‌മാൻമാരിൽ മൂന്ന് പേരെയും പുറത്താക്കിയത് കുൽദീപാണ്. ശ്രീലങ്കൻ നിരയിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. 48 റൺസെടുത്ത ക്യാപ്‌റ്റൻ ദിനേഷ് ചാന്ദിമാലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ