Tuesday, 22 August 2017 10.30 PM IST
കാശ്‌മീരിലെ തീവ്രവാദികളെ കേന്ദ്രസർക്കാർ സമ്മർദ്ദത്തിലാക്കിയെന്ന് ജെയ്‌റ്റ്‌ലി
August 13, 2017, 6:39 pm
ന്യൂഡൽഹി: നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും കേന്ദ്ര ഏജൻസികളുടെ നിരന്തര ഇടപെടലുകളും കാശ്‌മീരിലെ തീവ്രവാദികളെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി പറഞ്ഞു. കാശ്‌മീരിലേക്ക് വരുന്ന എല്ലാ വിദേശ ഫണ്ടുകളും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതിർത്തിയിൽ ചൈനയുമായി തുടരുന്ന തർക്കത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യൻ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

പതിറ്റാണ്ടുകളായി താഴ്‌വരയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങൾ ഏതാനും മാസങ്ങളായി അതിന് മടിക്കുകയാണ്. തീവ്രവാദി സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ ജമ്മു കാശ്‌മീർ പൊലീസിനെ താൻ അഭിനനന്ദിക്കുന്നതായും ജെയ്‌റ്റ്‌ലി പറഞ്ഞു. രാജ്യം രണ്ട് വിധത്തിലുള്ള ഗുരുതര പ്രശനങ്ങളാണ് നിലവിൽ നേരിടുന്നത്. ഒന്ന് ജമ്മു കാശ്‌മീരിൽ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന തീവ്രവാദ ഭീഷണി. രണ്ടാമത്തേത് മദ്ധ്യ ഇന്ത്യയിലെ തീവ്ര ഇടത് ചിന്താഗതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്‌മീർ താഴ്‌വരയിൽനിന്ന് ഭീകരരെ തുരത്താനുള്ള നിരന്തര ശ്രമത്തിലാണ് സൈന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ഭീകരർക്കെതിരെ ഏറ്റുമുട്ടലുകൾ നടക്കുമ്പോൾ സൈന്യത്തിനെതിരെ കല്ലെറിയാൻ ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ മറയാക്കിയാണ് പലപ്പോഴും തീവ്രവാദികൾ രക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ കല്ലെറിയാനെത്തുന്നവരുടെ എണ്ണം ഇരുപതും മുപ്പതും അമ്പതുമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാശ്‌മീരിനെ സ്വന്തമാക്കാമെന്ന പാകിസ്ഥാന്റെ മോഹം നടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ