Tuesday, 22 August 2017 10.23 PM IST
ഗോരഖ്പൂരിൽ സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജൻ എത്തിച്ച ഡോക്‌ടർക്ക് സസ്‌പെൻഷൻ
August 13, 2017, 7:12 pm
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ബി.ആർ.ഡി ആശുപത്രിയിൽ 73 പേർ മരിക്കാനിടയുണ്ടായ സംഭവത്തിൽ ശിശുരോഗ വിദഗ്‌ദ്ധനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവമുണ്ടായപ്പോൾ സ്വന്തം പണം ഉപയോഗിച്ച് അവയെത്തിച്ച ഡോക്‌ടർ കഫീൽ ഖാനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. അനുവാദമില്ലാതെ സ്വകാര്യ പ്രാക്‌ടീസിംഗ് നടത്തിയെന്നാണ് വിശദീകരണം.

ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിൽ ദുരന്തമുണ്ടായ എൻസെഫാലിറ്റിസ് വാർഡിന്റെ തലവനായിരുന്ന കഫീൽ ഖാൻ. കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഇദ്ദേഹം നടത്തിയ ഇടപെടലുകളാണ് മരണ സംഖ്യ കുറച്ചതെന്ന് പുറത്ത് വന്നിരുന്നു. സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് സിലിണ്ടറുകൾ വാങ്ങിയ ഇദ്ദേഹത്തിന്റെ നടപടിയിൽ രാജ്യവ്യാപകമായി പിന്തുണ ഉയരുന്നതിനിടയിലാണ് സസ്‌പെൻഷൻ വാർത്ത പുറത്ത് വരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ബി.ആർ.ഡി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഡോക്‌ടർ രാജീവ് മിശ്രയെ നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ സംഭവത്തിന്റെ ധാർമിക ഉത്തരാവാദിത്വം ഏറ്റെടുത്ത് ഇദ്ദേഹം സ്വയം രാജിവച്ചതാണെന്നും പറയുന്നു.

അതേസമയം, കുട്ടികൾ മരിച്ചത് ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവം മൂലമല്ലെന്നും മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിശദീകരിക്കുന്നത്. സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയാലുടൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ