Tuesday, 22 August 2017 10.29 PM IST
പ്രവാസി വോട്ട്: കമ്മിഷന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ 98 ശതമാനവും മലയാളികൾ
August 13, 2017, 9:01 pm
ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച പ്രത്യേക വൈബ്സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ 98 ശതമാനവും മലയാളികളാണെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത 24,348 പേരിൽ 23,556 പേരും കേരളത്തിൽ നിന്നുള്ളവരാണ്. പഞ്ചാബിൽ നിന്ന് 364 പേരും, ഗുജറാത്തിൽ നിന്ന് 14 പേരും സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രവാസി ഇന്ത്യക്കാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വെബ്സൈറ്റിന് തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപം നൽകിയത്. ഇതിന്റെ ഭാഗമായാണ് വോട്ട് രേഖപ്പെടുത്താൻ താത്പര്യമുള്ളവർക്കായി പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയത്. സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി പാസ്‌പോർട്ടിലെയും വിസ സംബന്ധിച്ച വിവരങ്ങളും നൽകണം. വേറൊരു രാജ്യത്തും പൗരത്വമില്ലാത്ത ഇന്ത്യാക്കാർക്കാണ് പ്രവാസി വോട്ടിന് അർഹതയുള്ളത്.

അപേക്ഷന്റെ മണ്ഡലത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രജിസ്‌ട്രേഷൻ സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് വിദേശത്തെ മേൽവിലാസത്തിൽ തപാലായി ലഭിക്കും. എന്നാൽ, പ്രവാസി വോട്ടർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് ഉണ്ടാവില്ലെന്നും, പാസ്‌പോർട്ടുമായി വന്ന് വോട്ട് രേഖപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

പ്രവാസികൾക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. നേരത്തെ, പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതിയും അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ