ഇതാണ് നടൻ
August 27, 2017, 9:41 am
എസ്. അനിൽകുമാർ
മലയാളികളുടെ മനസിൽ ബിജുമേനോന് എന്നും ഒരു സ്ഥാനമുണ്ട്. അത് സിനിമാതാരമെന്നത് അല്ല, കുടുംബത്തിലെ ഒരംഗം.. അതാണ് ബിജുവിനെ മലയാളികളുടെ പ്രിയങ്കരനാക്കുന്നത്. നടനായും സഹനടനായും വേഷപ്പകർച്ച നടത്തുമ്പോൾ അതിലെല്ലാം ഒരു 'ബിജുമേനോൻ ടച്ച് ' എഴുതിച്ചേർക്കാൻ ഈ നടന് ഒരു പ്രത്യേക കഴിവുണ്ട്. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും അദ്ദേഹം തുറന്നു സംസാരിക്കുന്നു.

കുടുംബ പ്രേക്ഷകരാണ് ബിജുമേനോന്റെ സിനിമകൾ ഹിറ്റാക്കുന്നതെന്ന് പറയുന്നുണ്ടല്ലോ?
തീർച്ചയായിട്ടും. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. അനുരാഗകരിക്കിൻ വെള്ളം കണ്ടപ്പോൾ പലരും എന്നോട് ചോദിച്ചു കുടുംബസ്ഥനായ പൊലീസുകാരനെ എങ്ങനെ അവതരിപ്പിക്കാൻ പറ്റിയെന്ന്. എന്റെ അച്ഛൻ ഒരു പൊലീസുകാരനായിരുന്നു. പൊലീസുകാരുടെ കുടുംബ ജീവിതമെങ്ങനെയെന്ന് പലരും കണ്ടിട്ടില്ല. അവരുടെ വ്യക്തിജീവിതം കണ്ടിട്ടില്ല. എന്റെ വീട്ടിലെ കൈക്കലത്തുണി മുതൽ എല്ലാം കാക്കിയായിരുന്നു. സിംപിളായി ബിഹേവ് ചെയ്യാനും അഭിനയിക്കാനും പറ്റുന്നുണ്ട്. അതു കൊണ്ടാവാം കുടുംബപ്രേക്ഷകർ എന്നെ കൂടുതലിഷ്ടപ്പെടുന്നത്.

ആ സിനിമയിലെ പോലെ തൃശൂര് ബിജുമേനോനും കൂട്ടർക്കും ഒരു സങ്കേതവും കളിസ്ഥലവും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്?
ശങ്കരയ്യർ റോഡിൽ ഒരു സുഹൃത്തിന്റെ വർക്ക്‌ഷോപ്പായിരുന്നു ഞങ്ങളുടെ സങ്കേതം. സുരേഷ് മാടയ്ക്കൽ എന്നൊരാളുണ്ടായിരുന്നു അക്കൂട്ടത്തിൽ. രക്ഷാധികാരി ബൈജുവിൽ ഞാനവതരിപ്പിച്ച ഇറിഗേഷൻ ഓഫീസറുടെ ഒറിജിനൽ സുരേഷാണ്. അവൻ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത്. അത്യുത്സാഹിയാണ് സുരേഷ്. ഏത് കാര്യത്തിന് ഏത് നേരത്ത് വിളിച്ചാലും ഓടി വരും. രഞ്ജൻ പ്രമോദിന് ഞങ്ങളുടെ താവളവും മറ്റുമറിയാം. പണ്ട് അവിടെ വന്നിട്ടുമുണ്ട്. ''സുരേഷിനെപ്പോലെ ഒരു ക്യാരക്ടർ'' എന്നാണ് രക്ഷാധികാരി ബൈജുവിനെപ്പറ്റി രഞ്ജൻ പ്രമോദ് എന്നോടാദ്യം പറഞ്ഞത്. ആ സംഘത്തിലുണ്ടായിരുന്ന അഭിലാഷ്,ശ്രീകുമാർ, അബി, സേവി, മരിച്ചുപോയ നോബി. പണ്ടൊക്കെ ഞങ്ങളവിടെ ക്രിക്കറ്റ് കളിക്കുമായിരുന്നു. സീസണലായിരുന്നു കളികൾ. മഴ വരുമ്പോൾ ക്രിക്കറ്റിൽ നിന്ന് ഫുട്ബാളിലേക്ക് മാറും.ചില സമയത്ത് ഷട്ടിൽ കളിക്കും.ഇപ്പോൾ ആ സ്ഥലമില്ല. കച്ചവടാവശ്യങ്ങൾക്കായി പലതായി ഭാഗം വച്ച് പോയി. സിനിമയിലെപ്പോലെ തന്നെ എല്ലാവർക്കും ഒത്തുചേരാനുളള സ്ഥലമില്ലാതായി. പഴയ ചങ്ങാതിമാർക്കൊക്കെ ഒരുപാടിഷ്ടമായി.

തുടക്കത്തിൽ പരുക്കൻ കഥാപാത്രങ്ങൾ. ഇപ്പോൾ തമാശ വേഷങ്ങൾ ... അടുത്തത്?
ഒന്നും പ്ലാൻ ചെയ്യാറില്ല. അങ്ങനെ കഴിയുകയുമില്ല. അനുരാഗകരിക്കിൻ വെള്ളം ചെയ്യുമ്പോൾ ആസിഫ് അലിയുടെ അച്ഛനായി അഭിനയിക്കണോയെന്ന് പലരും ചോദിച്ചു. എല്ലാം സംവിധായകരും എഴുത്തുകാരുമാണ് തീരുമാനിക്കേണ്ടത്.അത് മോശമാകാതെ നോക്കുക എന്നതാണ് നമ്മുടെ കടമ.

ദിലീപ് ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടോ?
ദിലീപ് എന്നെയോ ഞാൻ ദിലീപിനെയോ ഒതുക്കാൻ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാതെ ആരൊക്കെയോ ചേർന്ന് സൃഷ്ടിച്ച് വിടുന്ന വാർത്തകളാണിതൊക്കെ. വേറെ എന്തൊക്കെയോ വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കാം ചിലർ അത്തരം വാർത്തകൾ പടച്ച് വിടുന്നത്. ഞാനും കാണാറുണ്ട് അത്തരം വാർത്തകൾ. ദിലീപും കണ്ടിട്ടുണ്ടാവണം.ഞാനും ദിലീപും ഇത്തരം കാര്യങ്ങൾ സംസാരിക്കാറില്ല. ദിലീപിനും അറിയാമല്ലോ എന്താണ് ഈ വാർത്തകൾ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യമെന്ന്.

ഓൺലൈനുകാർ ബിജുമേനോനെ തൊട്ട് കളിക്കാറില്ലല്ലോ?
മോശമായ സംഭവങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടാവാത്തത് കൊണ്ടാവാം. എന്റെ ജോലി അഭിനയമാണ്. ഞാനത് ചെയ്യുന്നു. സാധാരണ ജീവിതം നയിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. ഒരു പ്രശ്നത്തിലും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാറില്ല. എന്റെ സൗഹൃദ സംഘങ്ങളിൽ മാത്രമേ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുള്ളൂ. ഫേസ്ബുക്ക് പേജ് സിനിമകളുടെ പ്രൊമോഷന് വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളൂ.

മറ്റൊരു താരത്തിനും നല്കാത്ത ചില പരിഗണനകൾ പ്രേക്ഷകർ നൽകുന്നുണ്ടല്ലോ?
ഞാൻ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് പ്രേക്ഷകർക്ക് മുൻവിധിയൊന്നുമില്ല. അതിഭാവുകത്വമില്ലാത്ത ലാളിത്യമുള്ള സിനിമകളായിരിക്കും എന്റേതെന്ന് അവർക്കറിയാം.

ഒരു സിനിമ വിജയിച്ചാൽ അതിന്റെ പകർപ്പുകളായ കഥാപാത്രങ്ങൾ വരും. ആവർത്തനത്തെ എങ്ങനെയാണ് മറികടക്കുന്നത്?
അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കും. സിനിമാ വ്യവസായം നിലനിൽക്കണമെങ്കിൽ സിനിമകൾ വിജയിക്കണം. ഞാൻ ലീഡ് റോൾ ചെയ്യുന്ന ഒരു സിനിമയുടെ നിർമ്മാതാവിന് നഷ്ടം വരരുതെന്ന് ആഗ്രഹിക്കാറുണ്ട്. അങ്ങനെ ആഗ്രഹിക്കുമ്പോൾ പ്രേക്ഷകർക്കിഷ്ടമായേക്കാവുന്ന വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഒരുപാട് അക്കാഡമിക്കായ സിനിമകൾ ചെയ്തിട്ടുണ്ട്. അത് വിരലിലെണ്ണാവുന്ന ആൾക്കാരെ കണ്ടിട്ടുള്ളൂ. സിനിമ കൂടുതൽ പേർ കാണുമ്പോഴാണ് അതിന് അർത്ഥമുണ്ടാകുന്നത്.

അടുത്ത പ്രോജക്ടുകൾ?
ഷാഫി സംവിധാനം ചെയ്യുന്ന ഷെർലക്ക് ടോംസ്. സച്ചി എഴുതുന്നു. ആ കോമ്പിനേഷനിൽ പ്രതീക്ഷയുണ്ട്. ഞാനിതുവരെ ചെയ്യാത്ത ശൈലിയിലുള്ള സിനിമ. നീരജ് മാധവ് തിരക്കഥയെഴുത്തുന്ന ലവകുശ. അതൊരു കുട്ടിക്കളി സിനിമയാണ്.അവരുടെ ഏജ് ഗ്രൂപ്പിലുള്ളവരുടെ സിനിമ. ഞാനാ കുട്ടിക്കളിക്കൊപ്പം നിൽക്കുന്നു. അതിന് ശേഷം രൺജി പണിക്കർ നിർമ്മിച്ച് പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന സിനിമ, രഞ്ജിത്ത് നിർമ്മിച്ച് അനൂപ് രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ഭജഗോവിന്ദം, തമീൻസ് നിർമ്മിച്ച് വിനുതോമസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് കമ്മിറ്റ് ചെയ്തിട്ടുള്ള സിനിമകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.