പരസ്‌പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ...
August 24, 2017, 4:07 pm
ആശാ മോഹൻ
നെടുമ്പാശേരിയിലെ പുതിയ എയർപോർട്ടിൽ ഷോട്ടിനായുള്ള കാത്തിരിപ്പിലാണ് മലയാളികളുടെ പ്രിയ നടി ലെന. ശ്രീനിവാസൻ നായകനാകുന്ന മധുരച്ചൂരലിന്റെ മൂന്ന് ദിവസത്തെ ചിത്രീകരണത്തിനായാണ് ലെന കൊച്ചിയിലെത്തിയത്. താങ്ക്യു വെരിമച്ച്, ആദം ജോൺ, ഒരു വിശേഷപ്പെട്ട ബിരിയാണി കിസ തുടങ്ങി മൂന്ന് ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഒപ്പം ഒരുപിടി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുമുണ്ട് താരത്തിന്. ഇതിനിടയിൽ ഒരൽപ്പ സമയം ലെന നീക്കി വച്ചു കേരളകൗമുദി ഓൺലൈനിനായി

?ഈ ഓണക്കാലത്ത് മൂന്നു ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. പ്രതീക്ഷകൾ...
താങ്ക്യു വെരിമച്ച്, ആദം ജോൺ, ഒരു വിശേഷപ്പെട്ട ബിരിയാണി കിസ എന്നീ ചിത്രങ്ങളാണ് ഈ ഓണത്തിന് തിയേറ്ററുകളിലെത്തുന്നത്. മൂന്നും മൂന്നു രീതിയിലുള്ള ചിത്രങ്ങളാണ്. വളരെയധികം സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് സജിൻലാൽ ഒരുക്കുന്ന താങ്ക്യു വെരിമച്ച്. അതിൽ നായകൻ ഒരു സ്‌കൂൾ വിദ്യാർത്ഥിയാണ്. അവന്റെ അമ്മയായ ദേവി എന്ന കഥാപാത്രമാണ് എന്റേത്. വളരെ ശക്തമായൊരു വേഷമാണ് ദേവി. ഇന്നത്തെ സമൂഹത്തിന്റെ യഥാർത്ഥ അവസ്ഥ തുറന്നു കാട്ടുന്ന ചിത്രമാണത്. മക്കളോട് സംസാരിക്കാൻ സമയമില്ലാതെ ഓടിനടക്കുന്ന മാതാപിതാക്കൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം. ഒരു റിയലിസ്റ്റിക്കായ മൂവി എന്നു വിളിക്കാം താങ്ക്യു വെരിമച്ചിനെ.

നമ്മുടെ പൊതു സമൂഹം യുവജനതയ്ക്കു മുകളിൽ ചെലുത്തുന്ന സ്‌ട്രെസ്, ടെൻഷൻ എല്ലാം ഈ ചിത്രത്തിന്റെ വിഷയങ്ങളാണ്. ടെക്‌നോളജി വളർത്തന്നതിനനുസരിച്ച് കുടുംബങ്ങളിൽ പരസ്പരമുള്ള കമ്മ്യൂണിക്കേഷൻ വളരെ കുറഞ്ഞു. വിജയത്തിനു വേണ്ടിയുള്ള കഷ്ടപ്പാടുകൾ, കഠിനാദ്ധ്വാനങ്ങൾ ഒക്കെ കുറഞ്ഞു, ജോലിക്കായി അലഞ്ഞു നടക്കേണ്ട അവസ്ഥയില്ല. കാരണം സ്‌കൂൾ കാലം മുതൽ അവരെ ഏത് പ്രൊഫഷനിലേക്ക് വിടണമെന്ന് പാരന്റ്സ് തീരുമാനിച്ചുറപ്പിക്കുന്നു. ആ രീതിയിലേക്ക് അവരെ കൊണ്ടുപോകുന്നു. പക്ഷേ അടുപ്പിച്ച് നിറുത്താൻ മറക്കുന്നു. കുട്ടികൾക്ക് വഴികാട്ടേണ്ട മുതിർന്നവർ തന്നെ അവരെ ശ്രദ്ധിക്കാതിരിക്കുന്നതിനുള്ള താക്കീതാണ് ഈ ചിത്രം. പൃഥ്വിരാജ് നായകനാകുന്ന ആദം ജോണിൽ ഒരു റിസർച്ച് സ്‌കോളറായാണ് അഭിനയിക്കുന്നത്. ആദ്യമായാണ് അത്തരമൊരു കഥാപാത്രം.

വിശേഷപ്പെട്ട തീമും വർക്കിംഗുമാണ് ഒരു വിശേഷപ്പെട്ട ബിരിയാണി കിസയുടേത്. താര എന്ന പ്രധാന കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിക്കുന്നത്. ശരിക്കും ഫാന്റസിയെ മുൻനിറുത്തിയുള്ള ഒരു കഥയാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു കഥ.

? വീണ്ടും അമ്മ കഥാപാത്രങ്ങളിൽ സജീവമാകുന്നു.
അമ്മവേഷം ചെയ്യില്ലെന്ന് ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങൾ അങ്ങനെ എഴുതിയതാണ്. എന്നിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവന്ന നിരവധി അമ്മ കഥാപാത്രങ്ങൾ ഉണ്ട്. നായികയായി മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് വാശി പിടിച്ചാൽ വ്യത്യസ്തത കുറയും. ഇപ്പോൾ നിരവധി പ്രേക്ഷകർക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. വെറുതേ വന്നു പോകുന്ന വേഷങ്ങളല്ല ലഭിച്ചതൊന്നും. വളരെ ശക്തവും കഥാഗതിയെ നിയന്ത്രിക്കുന്നതുമായ വേഷങ്ങളാണ് ലഭിച്ചത്. അതിൽ ഞാൻ സന്തുഷ്ടയാണ്. ഇതോടൊപ്പം പവിയേട്ടന്റെ മധുരച്ചൂരൽ പോലുള്ള സിനിമകളിലൂടെ നായികയായും അഭിനയിക്കുന്നുണ്ട്.

? തമിഴിലേക്കും ചുവടുറപ്പിക്കുകയാണോ.
നല്ല കഥാപാത്രങ്ങൾ ഏതു ഭാഷയിലായാലും സന്തോഷത്തോടെ ഏറ്റെടുക്കുന്നു. ഉൻ കാതൽ ഇരുന്താൽ എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. അതിന്റെ ക്‌ളൈമാക്സ് ഉൾപ്പെടെയുള്ള ചിത്രീകരണം ബാക്കിയുണ്ട്. ഒരൽപ്പം എക്സൻട്രിക്കായ കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിക്കുന്നത്.

?ആദിയിലെത്തുമ്പോൾ.
പ്രണവിന്റെ അമ്മയായാണ് ജീത്തു ജോസഫ് ചിത്രമായ ആദിയിൽ വേഷമിടുന്നത്. വളരെ ഡൗൺ ടു എർത്തായ ആളാണ് പ്രണവ്. വളരെ സിംപിളുമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.