സ്ത്രീകൾക്ക് വേണ്ടത് പിന്തുണ
August 27, 2017, 8:42 am
അഞ്ജലി വിമൽ
ബസന്തിയെ അത്ര പെട്ടന്ന് മറക്കാൻ കഴിയുമോ? ഇന്നും മലയാളികളുടെ സ്വീകരണ മുറിയിൽ 'പറക്കും തളിക' എത്തുമ്പോൾ മനസിലുയരുന്ന ചോദ്യമുണ്ട്, നിത്യാദാസ് എവിടെയാണിപ്പോൾ. അങ്ങനെയിരിക്കെയാണ് നിത്യയെ ടെലിവിഷൻ സീരിയലിൽ 'സുന്ദരി പ്രേത'മായി വീണ്ടും കാണുന്നത്. അന്വേഷണത്തിനൊടുവിൽ നിത്യയെ കിട്ടി. കോഴിക്കോട്ടെ വീട്ടിലാണിപ്പോൾ നിത്യാദാസ്.

വർഷങ്ങൾക്കിപ്പുറവും നിത്യയ്ക്ക് വലിയ മാറ്റങ്ങളില്ല, കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്നതൊഴിച്ചാൽ. നീണ്ട വർഷങ്ങളുടെ അകലം കുറയ്ക്കാൻ നിത്യയുടെ ചിരി മാത്രം മതി. സ്‌ക്രീനിൽ കണ്ട പഴയ നിത്യയെ വീണ്ടും ഓർത്തു. ഇവിടെ നിത്യ ഒരു സിനിമാതാരമല്ല. വീട്ടമ്മയാണ്. നല്ലൊരു ഭാര്യ, അമ്മ. വിശേഷങ്ങൾ ഒന്നിടവിടാതെ നിത്യ പറഞ്ഞു തുടങ്ങി.

''ഇതെന്റെ രണ്ടാം വരവ് ആണെന്ന് പറയാം. സീരിയലുകളായിരുന്നു ചെയ്തതെല്ലാം. മലയാളത്തിൽ ഇപ്പോൾ കഴിഞ്ഞത് 'ഒറ്റച്ചിലമ്പ് '. അതിൽ പ്രേതമായിട്ടാണ് അഭിനയിച്ചത്. വ്യത്യസ്തമായ ഒരു വേഷം വേണമെന്ന് തോന്നിയപ്പോഴാണ് ഈ സീരിയലിൽ എത്തിയത്. തമിഴിൽ കുറേ സീരിയലുകൾ ചെയ്തു. അതിനിടയിൽ പലയിടത്തും നിന്നും ചോദ്യങ്ങൾ വന്നു തുടങ്ങി എന്തേ മലയാളത്തിൽ കാണുന്നില്ലല്ലോ എന്ന്. അന്ന് നല്ലൊരു വേഷത്തിന് വേണ്ടി കാത്തിരിക്കുന്നുവെന്നായിരുന്നു മറുപടി. ഒടുവിൽ ഒരു വേഷം വന്നപ്പോൾ ചെയ്യാൻ തയ്യാറാവുകയായിരുന്നു. പ്രേതം ആകുമ്പോ എപ്പോഴും വരേണ്ടല്ലോ. അങ്ങനെയാണ് പ്രേതമാകാൻ ഡേറ്റ് കൊടുത്തത്. '' നിത്യ പൊട്ടിച്ചിരിക്കുന്നു.

''ഡേറ്റ് വലിയ പ്രശ്നമാണ്. മറ്റേത് വേഷം ചെയ്യേണ്ടി വന്നാലും ഒരുപാട് ഡേറ്റ് അതിനു വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരും. പിന്നെ എന്റെ കണ്ണുകൾക്കും പ്രേതത്തിന്റെ ലുക്ക് ഉണ്ടാവും. അതുകൊണ്ട് കൂടിയാകും പ്രേതവേഷങ്ങൾക്കെല്ലാം എന്നെ തേടി വരുന്നത്. ഇപ്പോൾ മലയാളത്തിലും തമിഴിലുമായി ഒരുപാട് പ്രേതങ്ങളെ ചെയ്തു കഴിഞ്ഞു. ഇനി എനിക്ക് പ്രേതം ചെയ്യാൻ വയ്യെന്നായിട്ടുണ്ട്. ''

മലയാള സിനിമയിൽ നിന്ന് നിത്യ മാറി നിന്നിട്ട് പത്തുവർഷത്തോളമാകുന്നു. പക്ഷേ, മടങ്ങി വരവിൽ നിത്യ ഏറ്റവും കൂടുതൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം ഉണ്ട്. എവിടെയായിരുന്നു നിത്യ ഇതുവരെ? അതിനുള്ള മറുപടിയും നിത്യ പറയുന്നുണ്ട്.

''ഞാൻ ഇവിടെയുണ്ടായിരുന്നു, കോഴിക്കോട്ടും ഇടയ്ക്ക് ചെന്നൈയിലുമായിട്ടായിരുന്നു ജീവിതം. നല്ലൊരു ഹോം മേക്കർ ആയി മകളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി ജീവിക്കുകയാണ്. അതിലാണിപ്പോൾ എന്റെ സന്തോഷം മുഴുവൻ. ഈ വേഷം ഞാനിപ്പോൾ നന്നായി ആസ്വദിക്കുന്നുണ്ട്. എന്റെ ലോകം മുഴുവൻ ഇപ്പോൾ ഭർത്താവും മകളും തന്നെയാണ്.

ഇടയ്ക്ക് ഒരു ഫ്ളാഷ് ബാക്ക് പോലെ നിത്യ അല്പനേരം മൗനിയായി. പിന്നെ പഴയ കാലത്തേക്ക് ഒരു യാത്ര. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം വീണ്ടും വാചാലയായി.
''മഞ്ജു ചേച്ചിയാണ് സത്യത്തിൽ എന്നെ സിനിമയിലേക്ക് എത്തിക്കുന്നത്. അക്കാലത്ത് മാഗസിനിൽ വന്ന എന്റെയൊരു ഫോട്ടോ ചേച്ചി കാണാനിടയായി. ദിലീപേട്ടന്റെ പുതിയ ചിത്രത്തിലേക്ക് നായികയെ തിരയുന്ന സമയമായിരുന്നു. ചേച്ചിയാണ് ആ വേഷത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. അങ്ങനെ വലിയ സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത ഞാൻ സിനിമാനടിയായി. ഇന്നും എന്നെ എല്ലാവരും തിരിച്ചറിയുന്നത് പറക്കും തളികയിലെ നായികയായിട്ടാണ്.''
പത്തു വർഷത്തെ ഇടവേളയിൽ മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ടെന്ന് നിത്യ സമ്മതിക്കുന്നുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാൻ കഴിയാത്തതിന്റെ സങ്കടവും പങ്കു വച്ചു.

''സത്യത്തിൽ മലയാള സിനിമകൾ കാണുക കുറവായിരുന്നു. എല്ലാ വെള്ളിയാഴ്ചയും സിനിമയ്ക്കു പോകും. ഭർത്താവ് പഞ്ചാബി സ്വദേശിയായതുകൊണ്ട് പുള്ളിക്ക് മലയാളം തീരെ പിടിയില്ല. എന്നാലും കുറേ സിനിമകളൊക്കെ എന്റെ കൂടെ വന്നു കാണുമായിരുന്നു. എന്നിട്ടും മലയാളം അത്ര വഴങ്ങുന്നുണ്ടായിരുന്നില്ല. പിന്നെ കൂടുതലും കണ്ടിരിക്കുന്നത് ഹിന്ദി സിനിമകളാണ്. ഇടയ്ക്ക് യൂട്യൂബിലൊക്കെ മലയാളം സിനിമകൾ കാണും. അടുത്തിടെ കണ്ടതിൽ ഏറ്റവും പ്രിയപ്പെട്ടത് ഉറുമിയും പ്രേമവുമാണ്. ടി.വിയിൽ വരുന്നതൊന്നും കാണാൻ കഴിയില്ല. അർവിന്ദുള്ള സമയമാണെങ്കിൽ എപ്പോഴും ന്യൂസ് ചാനൽ ആയിരിക്കും. മകളാണെങ്കിൽ കാർട്ടൂൺ ചാനലും. അതുകൊണ്ട് മലയാള സിനിമ അത്രത്തോളം ഫോളോ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല.''

പുതിയ തലമുറയിലെ കുട്ടികളെ വളരെ ബഹുമാനത്തോടെയാണ് നിത്യ കാണുന്നത്. അവരെ കുറിച്ച് പറയുമ്പോൾ നിത്യയുടെ മുഖത്ത് അതിശയഭാവം തെളിയുന്നുണ്ട്.
''എന്തു ബോൾഡായിട്ടുള്ള കുട്ടികളാണ് ഇപ്പോഴുള്ളത്. അവരൊക്കെ വരുന്നത് തന്നെ ബോൾഡായിട്ടാണ്. ഞാനൊക്കെ സ്‌കൂൾ കഴിഞ്ഞ് നേരെ എത്തിയതാണ്. ഒന്നും അറിയില്ല, പൊട്ടിയായിട്ടാണ് വന്നത്. ഇന്നത്തെ കുട്ടികൾക്കാണെങ്കിൽ നല്ല ബുദ്ധിയും വിവേകവുമാണ്. നമുക്ക് ചുറ്റും എപ്പോഴും അച്ഛനും അമ്മയും ഉണ്ടാകും. എന്ത് വേണമെങ്കിലും അവരോട് പറയണം. തീരുമാനം എടുക്കുന്നതും അവര് തന്നെ. ഇപ്പോഴാണെങ്കിലോ കുട്ടികൾക്ക് അധികം ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. അവർക്കും വേണ്ടതും വേണ്ടാത്തതുമൊക്കെ നന്നായിട്ടറിയാം. ഇതൊക്കെ ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് സത്യത്തിൽ വിഷമം തോന്നാറുണ്ട്. പിന്നെ, ഇന്നത്തേക്കാൾ കൂടുതലായി താരങ്ങളെ ജനങ്ങൾക്ക് കുറച്ചുകൂടി അറിയാമായിരുന്നുവെന്ന് തോന്നുന്നുണ്ട്. ഞാനിപ്പോഴും അറിയപ്പെടുന്നത് പറക്കും തളികയുടെ പേരിലാണ്. പക്ഷേ പുതിയ സിനിമയിൽ ഒരുപാട് കുട്ടികളെ എനിക്ക് അധികം അറിയില്ല. സത്യത്തിൽ ക്രെഡിറ്റ് ആയിട്ടല്ല പറയുന്നത്, വിഷമത്തോടെയാണ്. എന്റെ ഏറ്റവും വലിയ പരാജയവും അതാണ്.

നിവിൻ, പൃഥ്വി, ദുൽഖർ , സായ് പല്ലവി.. ഇവരെയൊക്കെ എനിക്ക് ഇഷ്ടമാണ്. സത്യത്തിൽ ഇപ്പോഴത്തെ മലയാള സിനിയെ കൂടുതൽ അറിയില്ല. അവരെയൊന്നും ശ്രദ്ധിക്കാത്തത് എന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. എന്റെതായ ലോകത്ത് തിരക്കുകളിലാണ് ഞാൻ.

സിനിമ ഇപ്പോഴും യൂട്യൂബിൽ കാണുമെന്നല്ലാതെ ടി വിയുടെ മുന്നിൽ പോയിരുന്നു കാണില്ല. എന്റെ സിനിമകളും ഞാൻ അങ്ങനെയിരുന്ന് കണ്ടിട്ടില്ല. ചിലതൊക്കെ ടി വിയിൽ വരുമ്പോൾ കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നും. അങ്ങനെ തോന്നി അസ്വസ്ഥയാകുന്നതിലും നല്ലത് കാണാതിരിക്കുന്നതല്ലേയെന്ന് ഞാൻ സ്വയം ഉത്തരവും കണ്ടെത്തും. ഇപ്പോഴും ആ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. വീട്ടിലുണ്ടെങ്കിൽ പോലും എന്റെ സീരിയലുകൾ ഞാൻ കാണില്ല. പോകുന്നു, അഭിനയിക്കുന്നു, തിരിച്ചു വരുന്നു, അത്രേയുള്ളൂ. എന്റെ ആ ദിവസത്തെ ജോലി അവിടെ തീർത്തിട്ടാണ് ഞാൻ വരുന്നത്. വീട്ടിൽ വന്നിരുന്ന് വീണ്ടും അത് തന്നെ ചെയ്‌തോണ്ടിരിക്കാൻ പറ്റില്ല. വീട്ടിൽ മോളുടെയും ഭർത്താവിന്റെയും കാര്യങ്ങളൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്. എനിക്ക് സത്യത്തിൽ അതിന് തന്നെ സമയം തികയുന്നില്ല. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ തിരക്കുകളും ഇപ്പോഴുണ്ട്. പക്ഷേ, ഞാനതിൽ സന്തോഷവും കണ്ടെത്തുന്നുണ്ട്.

സംസാരത്തിനിടയിൽ ഇടയ്‌ക്കൊന്ന് നിത്യ മേശപ്പുറത്തിരുന്ന ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് നോക്കി. നിത്യയും ഭർത്താവും മകളും അടങ്ങിയ കുടുംബ ചിത്രം. തൊട്ടടുത്തു തന്നെ നിത്യയുടെ വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രവും. പഴയ നിത്യയിൽ നിന്ന് പുതിയ നിത്യയിലേക്കുള്ള യാത്രയെ കുറിച്ചും അവർ സംസാരിച്ചു. ഇനി ഒരല്പം ഫ്ളാഷ് ബാക്ക്..

സിനിമയിൽ കത്തി നിൽക്കുന്നതിനിടയിലായിരുന്നു പഞ്ചാബി സ്വദേശി അർവിന്ദുമായുള്ള പ്രണയവും വിവാഹവുമൊക്കെ. ആദ്യം ഇരുവീട്ടുകാരും എതിർത്തിരുന്നെങ്കിലും ഇപ്പോൾ ആ പിണക്കമെല്ലാം മറന്നുതുടങ്ങിയെന്നും നിത്യ പറയുന്നു.

'' ഒരു ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലാണ് അർവിന്ദിനെ പരിചയപ്പെടുന്നത്. ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ്, ആദ്യം സൗഹൃദമായിരുന്നു. പിന്നീട് പ്രണയം തോന്നി. ഒരു വർഷം കഴിഞ്ഞപ്പോൾ തോന്നി വിവാഹം കഴിക്കാമെന്ന്. രണ്ട് വീട്ടിലും ആദ്യം പ്രശ്നമായിരുന്നു. ഇപ്പോ മഞ്ഞുമല ഒരുകി തീർന്നു. വിവാഹം കഴിഞ്ഞ് ജമ്മുവിലേക്കായിരുന്നു ആദ്യം പോയത്. അന്ന് എന്റെ അച്ഛന്റെ വിചാരം ജമ്മു എന്നു പറഞ്ഞാൽ അവിടെയെല്ലാം തീവ്രവാദികളാണെന്നാണ്. അതായിരുന്നു അച്ഛന്റെ പേടിയും. പതിയെ അതൊക്ക മാറ്റിയെടുത്തു. പിന്നെ ഭാഷയായിരുന്നു അടുത്ത ടെൻഷൻ. പഞ്ചാബി ഇപ്പോഴും എനിക്കറിയില്ല. ആള് പറയുന്നത് കേട്ടാൽ മനസിലാകും എന്നല്ലാതെ തിരിച്ചു പറയാനൊന്നും അറിയില്ല. ഞാൻ തിരിച്ച് മറുപടി കൊടുക്കുക ഹിന്ദിയിലാണ്. വീട്ടിൽ ഞങ്ങൾ എല്ലാരും ഹിന്ദിയിലാണ് സംസാരിക്കുന്നത്. പുള്ളിക്കാരന് ഇപ്പോൾ മലയാളം കുറച്ചൊക്കെ മനസിലാകുന്നുണ്ട്. തിരിച്ചു സംസാരിക്കാനൊന്നും അറിയില്ല. പക്ഷേ, അർവിന്ദിന് നമ്മുടെ നാടും ഭാഷയുമൊക്കെ ഇഷ്ടമാണ്. കോഴിക്കോട് ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട സ്ഥമാണ്. അർവിന്ദിന് കേരളം വിട്ട് ഒരു കളിയുമില്ല. ആഹാര കാര്യത്തിൽ മാത്രമാണ് ആകെ പ്രശ്നം. അത് മാത്രം നോർത്ത് ഇന്ത്യൻ െ്രസ്രെലിലാണ്. ആള് ജോലിയ്ക്ക് പോയിക്കഴിഞ്ഞാൽ വീട് പക്കാ സൗത്ത് ഇന്ത്യൻ ആകും. മോൾക്ക് സാമ്പാറും ചോറുമാണ് പ്രിയം.
ഞങ്ങൾ തമ്മിൽ കുറേ കാര്യങ്ങളിൽ സമാനതയുണ്ട്. അത് തന്നെയാണ് ഞങ്ങളെ പരസ്പരം അടുപ്പിച്ചതും. എത്ര വൈകി കിടന്നാലും അതിരാവിലെ എഴുന്നേൽക്കുക എന്റെ ശീലമാണ്. രാവിലെ കുളിച്ച് വിളക്കു കൊളുത്തും. ഇനി എന്തൊക്കെയായാലും പത്ത് മണി വരെ കിടന്നുറങ്ങാൻ എനിക്ക് കഴിയില്ല. അതുപോലെയാണ് പുള്ളിയും. പുള്ളിക്കും രാവിലെ എഴുന്നേൽക്കലും വിളക്ക് കൊളുത്തലും ഒക്കെയുണ്ട്. എന്നിട്ടേ ഭക്ഷണം പോലും കഴിക്കൂ. ആള് ഭയങ്കര വൃത്തിക്കാരനുമാണ്. അതുകൊണ്ട് എനിക്ക് വലിയൊരു പണി കുറഞ്ഞു കിട്ടി. വീടെപ്പോഴും നീറ്റ് ആയിരിക്കണമെന്ന് പുള്ളിക്കാരന് നിർബന്ധമാണ്. ഞാനും അങ്ങനെ തന്നെ. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് വീടൊക്കെ അടിച്ചു തുടച്ച് വൃത്തിയാക്കിയ ശേഷമാണ് ഞാൻ സ്‌കൂളിൽ പോവുക. അത് ആരും പറഞ്ഞു ചെയ്യിപ്പിക്കുന്നതല്ല. കുട്ടിക്കാലം തൊട്ടേ കയറിക്കൂടിയ വൃത്തി ബോധമാണ്. അങ്ങനെ ചെയ്തിട്ട് പോകുന്ന സമയത്ത് വലിയ സന്തോഷമാണ് കിട്ടുന്നത്. പുള്ളിയുടെയും ഈ ഗുണം തന്നെയാണ് എനിക്കും ഇഷ്ടമായത്.പിന്നെ, പാട്ട് ഞങ്ങൾക്ക് രണ്ടാൾക്കും വലിയ ഇഷ്ടമാണ്. പിന്നെയല്ലേ മനസിലായത് പുള്ളി കൂടുതലും പഞ്ചാബിപ്പാട്ടുകളാണ് പാടുന്നതെന്ന്. '' നിത്യ പൊട്ടിച്ചിരിക്കുന്നു.
സംസാരത്തിനിടയിലേക്ക് നിറയെ കുസൃതിയുമായി നൈന ഓടിയെത്തി അമ്മയുടെ മടിയിൽ ഇരിപ്പുറപ്പിച്ചു. അല്പംസമയം ഇരുവരും തമ്മിലുള്ള സ്‌നേഹ പ്രകടനം. തൊട്ടടുത്ത നിമിഷം നൈന വീണ്ടും മുറിയ്ക്കുള്ളിലേക്ക് വീണ്ടും ഓടി, തിരിച്ചെത്തിയത് കൈയിൽ ഒരു സി.ഡിയുമായി. അതിനുള്ള മറുപടി നിത്യയാണ് പറഞ്ഞത്.

'' ഇത് പറക്കുംതളികയുടെ സി ഡിയാണ്. അവളുടെ പ്രിയപ്പെട്ട മലയാളം സിനിമ. മലയാളം അറിയില്ലെങ്കിലും അവൾ ഒരുപാട് വട്ടം ഈ സിനിമ കണ്ടുകഴിഞ്ഞു. ഇപ്പോ നാലാം സ്റ്റാൻഡേർഡിൽ പഠിക്കുകയാണ്, അമ്മ അഭിനയിക്കണമെന്നൊക്കെ ആഗ്രഹമുള്ളയാളാണ് കക്ഷി. പക്ഷേ അവളെ കൂട്ടാതെ അമ്മ ഒറ്റയ്ക്ക് ഷൂട്ടിന് പോകുന്നതിനോട് അവൾക്ക് താത്പര്യമില്ല. അവളേം കൊണ്ടു പോയാൽ ആൾ ഹാപ്പിയാകും. ആൾക്ക് ഇപ്പോ അഭിനയിക്കാൻ ഇഷ്ടം വന്നു തുടങ്ങിയിട്ടുണ്ട്. ഞാൻ ചെയ്തിരുന്ന സീരിയലിൽ ഇവളുടെ പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഇടയ്‌ക്കൊക്കെ ലൊക്കേഷനിൽ കൊണ്ടു പോയതോടെ നുന്നു പെട്ടെന്ന് അവളുമായി കൂട്ടായി. അവൾ അഭിനയിക്കുന്നതു കാണുമ്പോ നുന്നുവിനും അഭിനയിക്കാൻ ഇഷ്ടമാണെന്ന് മനസിലായി. അമ്മ എന്നോടും അഭിനയിക്കാൻ പറ എന്നൊക്കെ പറയും. '' നിത്യ വിശേഷങ്ങൾ പറഞ്ഞു നിറുത്തി. ഇനി വീണ്ടും വീട്ടുകാര്യങ്ങളിലേക്ക്.

വരട്ടെ, കാത്തിരിക്കാൻ തയ്യാറാണ്
സിനിമ മടുത്തിട്ടല്ല സീരിയലിലേക്ക് പോയത്. ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ കംഫർട്ട് അതായിരുന്നു. സിനിമയിൽ നമ്മുടെ ഡേറ്റ് മാത്രം ആശ്രയിച്ചു ഒന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ സീരിയൽ ആകുമ്പോൾ അവർ നമ്മുടെ സൗകര്യം കൂടി നോക്കും. സിനിമയിലേക്ക് മടങ്ങി വരില്ല എന്നൊന്നും അതിനർത്ഥമില്ല. നല്ല അവസരം വന്നാൽ മാത്രം അഭിനയിക്കും. അല്ലാതെ ഒരു നിർബന്ധവുമില്ല. ഞാൻ ഇവിടെ ഹാപ്പിയാണ്.

പറക്കുംതളിക ഞാൻ കാണാറില്ല
ഈ പറക്കുംതളിക തന്നെയാണ് എന്റെ പ്രിയപ്പെട്ട സിനിമ. പക്ഷേ ഞാൻ അത് കാണാറില്ല. അതിൽ എന്നെ കാണാൻ ഇഷ്ടമേയല്ല. എന്നെ എന്തോ പോലെ തോന്നും. മര്യാദയ്ക്ക് മുടി കെട്ടാൻ പോലും അറിയില്ലായിരുന്നു. അന്ന് അതിനെ കുറിച്ചൊന്നും ഒരു സെൻസുമില്ലായിരുന്നു. പിന്നീട് കണ്ടപ്പോഴൊക്കെ തോന്നി ഡ്രസിംഗും മേക്കപ്പും ഒക്കെ കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്ന്. ഭർത്താവും മോളും സിനിമ കണ്ടിട്ട് നന്നായിട്ട് ചിരിച്ചിട്ടുണ്ട്. സിനിമ മൊത്തത്തിൽ മനസിലായോ എന്നറിയില്ല. പക്ഷേ കോമഡി നന്നായിട്ട് എൻജോയ് ചെയ്തു ഇരുവരും.

നവ്യയോട് അസൂയയാണ്
നന്ദനം കണ്ടപ്പോൾ നവ്യയോട് എനിക്ക് കടുത്ത അസൂയ തോന്നിയിരുന്നു. ഞാനത് അവളോട് വിളിച്ചു പറയുകയും ചെയ്തിരുന്നു. എത്ര നല്ല വേഷമാണ്. അങ്ങനെയൊരു വേഷം കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇന്നും നന്ദനം എന്റെ ഫേവറൈറ്റ് സിനിമയിലൊന്നാണ്.

അന്നും ഇന്നും സൗന്ദര്യരഹസ്യം ഇത് തന്നെ
നന്നായി ഭക്ഷണം കഴിക്കുന്നൊരാളാണ് ഞാൻ. പക്ഷേ ഭർത്താവ് അങ്ങനെയല്ല. ആവശ്യമുള്ള ആഹാരം മാത്രം കഴിക്കുക, ബാക്കി സമയം വ്യായാമം ചെയ്യുക ഇതാണ് പുള്ളിക്കാരന്റെ പോളിസി. അദ്ദേഹമാണ് എന്നെ നിർബന്ധിച്ച് ഉന്തി തള്ളി എക്സർസൈസ് ചെയ്യിപ്പിക്കുന്നത്. കുറച്ച് ദിവസത്തെ ബുദ്ധിമുട്ട് ഉണ്ടാകും. അത് കഴിഞ്ഞാൽ പിന്നെ നമ്മൾ യൂസ്ഡ് ആകും. ഇപ്പോൾ ഞാനും ആ ട്രാക്കിൽ വന്നു.

സ്ത്രീകൾ ഒന്നിക്കണം
മലയാള സിനിമയിലെ വനിതാ സംഘടന വളരെ നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പെണ്ണിനെ സംബന്ധിച്ച് ഒരു സപ്പോർട്ട് കിട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് നമ്മളോട് എതിർക്കാൻ ഒരു പേടി തോന്നും. ആക്രമിക്കാൻ ഒരു മടിയായിരിക്കും. അവളെ ഞാനും വിളിച്ച് സംസാരിച്ചിരുന്നു. പിന്തുണ അറിയിച്ചു. അവൾ മിടുക്കിയാണ്, നല്ല ബോൾഡും. നമുക്ക് ഒരുമിച്ച് അവളുടെ കൂടെ നിൽക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.