പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചയായി 'മണ്ണാങ്കട്ടയും കരിയിലയും'
August 19, 2017, 9:27 pm
മുഖ്യധാരാ സിനിമകൾ ഉപരിപ്ളവമായി മാത്രം പറഞ്ഞു പോയിട്ടുള്ള വിഷയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതാണ് അരുൺ സാഗര സംവിധാനം ചെയ്ത 'മണ്ണാങ്കട്ടയും കരിയിലയും' എന്ന സിനിമ. പലപ്പോഴും നമ്മൾ തിരസ്‌കരിക്കുകയോ അല്ലെങ്കിൽ മന:പൂർവം വിസ്‌മരിക്കുന്നതോ ആയ സംഭവങ്ങളെ,​ ആശങ്കകളെ അല്ല നേർക്കാഴ്‌ചകളെ പ്രാധാന്യം നഷ്ടപ്പെടാതെ നേർത്തൊരു ചരടിൽ കോർത്ത് പ്രേക്ഷകരുടെ മുന്നിൽ മികച്ച രീതിയിൽ എത്തിച്ചിടത്താണ് സംവിധായകന്റെ വിജയം.

കഥാസാരം
പൊക്കക്കുറവ് കാരണം വൈകി മാത്രം വിവാഹം കഴിക്കേണ്ടി വന്നയാളാണ് ബാലൻ (ജോബി)​. എല്ലാം മനസിലാക്കി കൊണ്ട് ബാലന്റെ ജീവിതത്തിലേക്ക് സുനിത (സ്രിന്ധ)​ കടന്നുവന്നപ്പോൾ അവരുടെ ജീവിതം തളിരിട്ടു. ആ തളിരിൽ നിന്ന് അവർക്കൊരു മൊട്ടുണ്ടായി. ഒരു പെൺകുഞ്ഞ്. ​അവൾ വലുതായതോടെ അവരുടെ ആധി കൂടി. കാമക്കണ്ണുകളുമായി പെൺശരീരത്തെ കൊത്തിപ്പറിക്കാൻ നടക്കുന്ന കഴുകന്മാരിൽ നിന്ന് മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് സിനിമയുടെ ആകെത്തുക. ആ പോരാട്ടത്തിൽ അവർ ജയിക്കുമോ തോൽക്കുമോ?​ ആ അതിജീവനത്തിന്റേയും പോരാട്ടത്തിന്റേയും കഥ അറിയേണ്ടത് തീയേറ്ററിൽ നിന്നാണ്.

നമ്മുടെ കഥ
സമകാലീന സംഭവങ്ങളുടേയും വിവിധ തരത്തിലുള്ള ആളുകളും ഉൾപ്പെടുന്ന സമൂഹത്തിന്റേയും നേർക്കാഴ്ചകളാണ് സിനിമയുടെ ഹൈലൈറ്റ്. അറിഞ്ഞോ അറിയാതെയോ നമ്മൾ വിസ്‌മരിക്കുന്ന സംഭവങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്ന് സിനിമയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. ഒരു നേരത്തെ കഞ്ഞി​ക്ക് വകയില്ലാതെ പട്ടിണിയും ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവന്റെ വേദനയും സങ്കടങ്ങളും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നതും കരളലിയിക്കുന്നതുമാണ്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറും 46 മിനിട്ടുമുള്ള സിനിമയിൽ പല രംഗങ്ങളും പ്രേക്ഷകർ നഖം കടിച്ചിരുന്നാണ് കാണുന്നത്. വൈകാരിക രംഗങ്ങൾ കൊണ്ട് സന്പുഷ്ടമായ സിനിമ പ്രേക്ഷകരുടെ നെഞ്ചിൽ കൊള്ളിയാനായി ഇടക്കിടെ വന്ന് പതിക്കുന്നുണ്ട്.

ബാലന്റെ വേഷത്തിൽ എത്തുന്ന ജോബി അസാമാന്യ പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്. പെണ്ണിന്റെ മാംസത്തിനായി കാമക്കണ്ണുകളോടെ വട്ടമിട്ട് പറക്കുന്ന കഴുകന്മാരിൽ നിന്ന് മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന അശക്തനായ അച്ഛനായി ജോബി നിറഞ്ഞാടുകയാണ്. അദ്ദേഹത്തിന്റെ സിനിമാ കരിയറിയിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണിതെന്ന് പറയാം.

ജോബിയുടെ ഭാര്യാ വേഷത്തിലെത്തിയ സ്രിന്ധയും മികച്ച പ്രകടനമാണ് നടത്തുന്നത്. കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിലുള്ള സ്രിന്ധയുടെ ക്രാഫ്‌റ്റ് ഇവിടെയും കാണാം. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സാന്ദ്ര ജോസഫ് ആണ് മകളായ പാർവതിയുടെ വേഷത്തിൽ എത്തുന്നത്. ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്,​ സുധീർ കരമന എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. അരുൺ സാഗര,​ ശാന്തകുമാരി,​ കെ.എസ്.പ്രസാദ്,​ നെൽസൺ,​ സാന്ദ്ര തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.

വലിയൊരു സന്ദേശം നൽ​കുന്ന സിനിമയെ കേവലം ഒന്നേമുക്കാൽ മണിക്കൂറിൽ മനോഹരമായ ഫ്രെയിമിൽ ഒതുക്കിയ എഡിറ്റർ ബബിത് ബെന്നി അഭിനന്ദനാർഹമായ ശ്രമമാണ് നടത്തിയിരിക്കുന്നത്. അനിൽ കുഴിഞ്ഞകാലയുടെ വരികൾക്ക് സുജിത് ദേവ് ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ