മരണമെത്തുന്ന നേരത്ത്
August 20, 2017, 12:36 pm
ജോർജ് മാത്യു
ഫെബ്രുവരി പന്ത്രണ്ടാം തീയതി ഞാൻ മരിച്ചു. അന്തരിച്ചു എന്ന് എഴുതണമെന്നുണ്ട്. പക്ഷേ വായനക്കാർ തെറ്റിദ്ധരിക്കുമോ എന്ന സംശയം! അതിനാൽ ഞാൻ മരിക്കുന്നു. പിന്നെ ഇതെഴുതുന്നത് എങ്ങനെയെന്നാണോ? മരണം ശാരീരികമല്ല; ആന്തരികമാണ്. പശ്ചാത്തലം വിശദീകരിക്കാം. 2017 ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഉച്ചയ്ക്കുശേഷം തുടങ്ങിയ അസ്വസ്ഥത, രാത്രി പത്തു മണിക്ക് അടുത്തുള്ള ആശുപത്രിയിലെത്തുന്നതോടെ ഒരു ഹൃദയസ്തംഭനം ഏതാനും മണിക്കൂറുകൾക്ക് മുൻപ് കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെടുന്നു. ദ്രുതഗതിയിൽ ഐ.സി.യുവിന്റെ തണുപ്പിലേക്ക് ഞാൻ മാറ്റപ്പെടുന്നു. തുടർന്ന് അഞ്ചുദിവസം നീണ്ട ഐ.സി.യു വാസം. രണ്ട് ബ്‌ളോക്കുകൾ, െ്രസ്രന്റിന്റെ സഹായത്താൽ പിറ്റേദിവസം പ്രതിരോധിക്കപ്പെട്ടു.

അങ്ങനെ സസുഖം വാഴുമ്പോഴാണ് ആ ചിന്ത തുടങ്ങുന്നത്. അല്ല, ഇനി കുറേ ഏറെ നിയന്ത്രണങ്ങളോടെ ഒരു ജീവിതം തുടരണോ? പന്ത്രണ്ടാം തീയതി രാത്രി പത്തിന് എത്തിപ്പെട്ട എ.സി.യുവിൽ നിന്നും പതിനേഴാം തീയതി മുറിയിലേക്ക് മാറ്റപ്പെടുന്നത് വരെ, ഒരു നിമിഷം പോലും അബോധാവസ്ഥയിലേക്ക് പോയിട്ടേയില്ല. ഇടയ്ക്കിടയ്ക്ക് മയങ്ങും. പക്ഷേ അപ്പോഴേക്കും വിളിച്ചുണർത്തപ്പെടും. കുത്തിവയ്പ്, അല്ലെങ്കിൽ ഇ.സി.ജി, അല്ലെങ്കിൽ ഡോക്ടർമാരുടെ സന്ദർശനം. അങ്ങനെ ഒരു നൂറ് കൂട്ടം ആവശ്യങ്ങൾക്ക് നമ്മൾ വിധേയനാണ്. അപ്പോൾ ഒരു ദീർഘമായ ഉറക്കം പോലും വ്യാമോഹമായി മാറുന്നു. ജാഗ്രതാവസ്ഥയിൽ മനസ് കൃത്യമായി ആലോചനകളിൽ ഏർപ്പെടും. ഇനിയെന്ത്? എഴുപത്തിമൂന്ന് വയസുവരെ ജീവിതം ചൊൽപ്പടിയിലായിരുന്നു; ഉണ്ടും ഉറങ്ങിയും ആഹ്ളാദിച്ചും. ഓഷോ പറയും പോലെ സാമാന്യം.'സെലിബ്രേഷൻ' ആയിരുന്നു ജീവിതം. പന്ത്രണ്ടാം തീയതി പാതിരാത്രിയിൽ ശരീരമാസകലം ട്യൂബുകളും, മുഖത്ത് മാസ്‌ക്കും, മിനിട്ടുകൾ ഇടവിട്ടുള്ള കുത്തിവയ്പുകളും നൽകിയ അസഹ്യമായ വേദനകളിൽ. (ഒറ്റ ഇൻജക്ഷനിലൂടെ നെഞ്ച് വേദന മാറിയിരുന്നു) നിന്നും രക്ഷയ്ക്കായി പലതും മനസ് പരതി. ആദ്യം ഓർത്തെടുത്തത് യേശുവിന്റെ കനിവാർന്ന മുഖം. പക്ഷേ തുടർന്ന് ഓർമ്മ വന്നത് ''ഏലി, ഏലി, ലാമ ശബത്താനി' (പിതാവേ നീ എന്നെ കൈവിട്ടതെന്തേ!) എന്ന വിലാപമാണ്. പിന്നെയും പാഠങ്ങൾ പലതും മറിച്ചുനോക്കി; ബുദ്ധനേയും, ജിദ്ദുവിനേയും, എന്തിന് യു.ജിയെയും (യു.ജി. കൃഷ്ണമൂർത്തി) വരെ ഓർത്തെടുത്തു. ഒന്നും പ്രയോജനപ്പെട്ടിട്ടില്ല. ഇടയ്‌ക്കെപ്പോഴോ ആണ് ഓഷോ (ഛെവീ) യുടെ വാക്കുകൾ ഓർമ്മ വന്നത്. ഘശളല ശ െമ ാ്യേെലൃ്യ ീേ യല ഹശ്ലറ; ചീ േമ ുൃീയഹലാ ീേ യല െീഹ്ലറ. ജീവിതം ഒരു ആഘോഷമായി മാറ്റാൻ (ഇലഹലയൃമേശീി ) നിരന്തരം ഉപദേശിച്ച ഓഷോ. 'സെലിബ്രേഷൻ' എന്ന വാക്ക് മനസിൽ തറച്ചു. എട്ട് പത്ത് ആവർത്തി ആ വാക്ക് ആവർത്തിച്ചപ്പോൾ, അതിനൊരു 'മന്ത്രണ'സ്വഭാവം വരാൻ തുടങ്ങി. പിന്നെ മിനിട്ടുകളോളം 'സെലിബ്രേഷൻ' എന്ന പദം മനസിൽ നൃത്തം വച്ചു. ക്രമേണ വേദനയുടെ തീനാളങ്ങൾ ശമിക്കാൻ തുടങ്ങി. ശരീരം ശാന്തമായി; കണ്ണുകൾ അടഞ്ഞു. മനസ് മാത്രം ഉണർന്നിരുന്നു. ഒന്നുറങ്ങിക്കിട്ടാൻ വല്ലാതെ മോഹിച്ചു. നിർവാഹമില്ല; അടുത്ത കുത്തിവയ്പിനായി, മാലാഖയെത്തും; സ്‌നേഹപൂർവം വിളിക്കും. 'അച്ഛാ, ഉറങ്ങിപ്പോയോ? ഒന്നു രക്തമെടുക്കട്ടെ.' അനുവാദത്തിന് കാത്തു നിൽക്കാതെ അവൾ മടങ്ങും. ഇതാണ് അവസ്ഥ. സ്‌നേഹത്തിൽ പൊതിഞ്ഞ ശല്യം ചെയ്യൽ. പക്ഷേ ഇപ്പോൾ നമ്മൾ നിസ്സഹായാവസ്ഥയിൽ, കസ്റ്റഡിയിലാണല്ലൊ. അവർക്കെന്തുമാവാം. അത്രയ്ക്ക് നിസ്സഹായനാണ് ഞാൻ; ഏലി, ലാമ ശബത്താനി!!!

അപ്പോൾ അതുവരെ കണ്ടതും കേട്ടതും ഒക്കെ എന്തായിരുന്നു! കുഴഞ്ഞു വീണു മരിച്ച നാലു പ്രമുഖ ഡോക്ടർമാരുടെ കഥയറിയാം. ഡോ. മാത്യു റോയ് മുതലുള്ള പ്രശസ്തർ, ജോലിയ്ക്കിടെ കടന്നുപോയവർ. രണ്ടു സുഹൃത്തുക്കൾ, പുലർകാല നടത്ത കഴിഞ്ഞ് മടങ്ങിയെത്തി പത്രവുമായി സല്ലപിക്കവെ, സുഷുപ്തി, പൂകിയത് ഓർക്കുന്നു. കുഴഞ്ഞുവീണ്, ആശുപത്രിയിലെത്തിയ ഒന്നിലേറെ അയൽപക്കക്കാർ! പക്ഷേ നമുക്ക് ഓർമ്മ നശിക്കുന്നില്ല, ഉറങ്ങാനൊട്ട് മാർഗവുമില്ല. രണ്ടാം ദിവസമാണ് 'െ്രസ്രന്റ്' പ്രയോഗം നടന്നത്. ആൻജിയോഗ്രാം കുഴപ്പമില്ലാതെ നടന്നു. പക്ഷേ, പിന്നീടൊരു മുപ്പത്, നാല്പത് മിനിട്ടുകൾ അതിശൈത്യം താങ്ങാനാവാതെ ഞാൻ നിലവിളിച്ചു. ശാന്തനാകാൻ അതിശാന്തനായ ഡോക്ടർ എത്ര പറഞ്ഞിട്ടും എനിക്ക് കഴിഞ്ഞില്ല. ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു. അങ്ങനെയൊരു മുപ്പത് മിനിട്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം.അപ്പോഴും ഒരു മയക്കത്തിന് വേണ്ടി മനസ് കൊതിച്ചു. 'സെലിബ്രേഷൻ' എന്ന മന്ത്രവും മറന്നുപോയ നിമിഷങ്ങൾ. ആ നിമിഷങ്ങളിൽ എപ്പോഴോ ആണ് ഞാൻ മരിച്ചത്. അല്ലെങ്കിൽ 'ജീവിതം' ഒരു ഭാരമായത്. ഇനിയത് വേണ്ട, അല്ലെങ്കിൽ 'ഇത്രയും മതി' എന്ന തോന്നൽ പിന്നീടങ്ങോട്ട്, ദാ ഈ നിമിഷം വരെ ആ 'മോഹം' മാത്രമാണ് മുന്നിൽ, പിന്നിൽ, വശങ്ങളിൽ. രാത്രിയിൽ ഉറക്കത്തിന് മുൻപ്, പത്രം വായിച്ചിരിക്കെ അന്തരിച്ച രണ്ട് സുഹൃത്തുക്കളെ അസൂയയോടെ ഓർക്കും. ഇന്ന്, ഈ രാത്രിയിൽ ഒന്നുവരുമോ? എന്ന് ആരോടോ ചോദിക്കണമെന്ന് തോന്നും.

പക്ഷേ അപ്പോഴും ഉറക്കമെന്ന 'സൗഖ്യം' വന്ന് പൊതിയുമ്പോൾ എന്നാൽ പിന്നീടാവാം എന്ന് മാറ്റിവയ്ക്കും. എന്നാൽ ഉറക്കം വരാൻ വിസമ്മതിച്ച രാവുകളിൽ സംഗതി മാറിയിട്ടുമുണ്ട്. അപ്പോൾ ആദ്യം മനസിലെത്തുക ബർഗ്മാനെയാണ്. പുള്ളിക്കാരനാണ്, മരണത്തെ മനുഷ്യന് മുഖാമുഖം നിർത്തി വിചാരണയ്ക്ക് വിധേയനാക്കിയത്. സത്യത്തിൽ മരണം, മനുഷ്യനെ (ദീർഘകാലത്തെ, യുദ്ധമുൾപ്പെടെയുള്ള സൈനിക സേവനം കഴിഞ്ഞ് അവശനായി മടങ്ങുന്ന ധീരപടയാളി ) തടഞ്ഞുനിറുത്തി ബലാൽക്കാരമായി ഒപ്പം കൂട്ടാൻ ശ്രമിക്കുകയാണ്. ബ്‌ളോക്ക് അതിന് വഴങ്ങുന്നില്ല. ദീർഘനേരത്തെ തർക്കങ്ങൾക്ക് ശേഷം 'മരണം' ബ്‌ളോക്കിനെ ഒരു ചതുരംഗ മത്സരത്തിൽ ഏർപ്പെടുവാൻ വെല്ലുവിളിക്കുന്നു. വിജയിച്ചാൽ ബ്‌ളോക്കിന് യാത്ര തുടരാം. മറിച്ചാണെങ്കിൽ മരണത്തിൽ വിലയം പ്രാപിക്കാം. ഈ രണ്ടിലേതിലോ ലയിച്ച് ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട് ആ രാത്രികളിൽ. ഞാൻ ഒരു ബ്‌ളോക്കാണോ? മരണം വഴിമാറി പോകുകയാണോ? അതാണ് ഇപ്പോഴത്തെ അന്വേഷണം. ബർഗ്മാൻ പറയുന്നത്, സെവന്ത് സീൽ (ടല്ലിവേ ടലമഹ) ചെയ്തശേഷം താൻ മരണത്തെ ഭയന്നിട്ടേയില്ല എന്നാണ്.

എന്നെ മരണത്തോട് വല്ലാണ്ട് അടുപ്പിച്ചത് സത്യജിത് റേയാണ്. 'മിഷി'യുടെ മരണം! പഥേർ പാഞ്ചാലിയിലെ മെലിഞ്ഞ് ശുഷ്‌ക്കിച്ചു അനാഥയായ ആ പടു വൃദ്ധ. അവർ ഭിത്തിയോട് ചാരിയിരിക്കുന്ന അവസ്ഥയിൽ കുസൃതി തോന്നിയ ദുർഗ ഒന്ന് ചെറുതായി ഉന്തിയതാണ്. മിഷി ചരിഞ്ഞുവീണു. ദുർഗയുടെ കൈയിലെ മൺചട്ടി വീണുടയുമ്പോഴും, സത്യത്തിൽ 'മരണം' ഇത്ര സുഗമമാണോ എന്നാണ് ആ സീൻ കാണുമ്പോഴൊക്കെ ഞാൻ അതിശയിച്ചിട്ടുള്ളത്. മിഷിയുടെ വരണ്ട ചുണ്ടുകളിൽ വിരിയുന്ന 'ചിരി'. എന്തൊരു സൗന്ദര്യമുണ്ടായിരുന്നു! ചുനിബാലയെ ചുംബിക്കാൻ തോന്നും അപ്പോഴൊക്കെ.

മരണത്തിലേക്കുള്ള എന്റെ മോഹങ്ങൾക്ക് ചിറക് വിടർത്തിയതിൽ അരവിന്ദേട്ടനും (ജി. അരവിന്ദൻ) ഒരു പങ്കുണ്ട്. എസ്തപ്പാൻ, പൊതുനിരത്തുവക്കിലെ പീടികയ്ക്ക് മുന്നിൽത്തൂങ്ങി നിൽക്കുന്ന ചിത്രം നമ്മളൊക്കെ കണ്ടതാണല്ലോ. പീടിക ഉടമ അന്തം വിടുന്നു. നാട്ടുകാർ ഓടിക്കൂടുന്നു; പൊലീസും എത്തുന്നു. പിന്നെ ശവം കയർ അറുത്ത് നിലത്ത് കിടത്തുന്നു. 'ശല്യം, ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല' എന്നു ഈർഷ്യയോടെ ഉണരുന്ന എസ്തപ്പാൻ മരണത്തെ എത്രമാത്രം നിസാരവത്കരിക്കുന്നു.

അരവിന്ദേട്ടൻ പോയത് ഓർക്കുമല്ലോ. ലീലചേച്ചിക്ക് മരുന്നു നൽകാനായി ഉണർന്നിരുന്ന്; രാത്രി പന്ത്രണ്ടിന് മരുന്നുമായി എഴുന്നേറ്റിടത്ത്; ആ നിമിഷമാണ്, അദ്ദേഹം പോയത്. എസ്തപ്പാന്റെ ഈർഷ്യ, പക്ഷേ, അരവിന്ദേട്ടനിൽ നിന്നുമുണ്ടായില്ല എന്ന പരാതി! ഇതൊക്കെ കൂടിച്ചേർന്നാണ് ഞാൻ ആന്തരികമായി മരിക്കാൻ തീരുമാനിച്ചത്. ഇനി അവശേഷിക്കുന്നത് ' ഭാഗ്യം' എന്ന വിരുന്നുകാരന്റെ വരവാണ്. നമ്മളൊന്നും ബർഗ് മാൻമാരല്ലല്ലൊ, മരണത്തെ സൃഷ്ടിക്കാനും, വരുതിയിൽ നിറുത്താനും, അരവിന്ദേട്ടനുമല്ല, പൊടിയും തട്ടി എഴുന്നേറ്റ് പോകുന്ന എസ്തപ്പാനാവാൻ. അവൻ വരും; വരാതിരിക്കില്ല, ഗോഥേയെയും കാത്ത്...!

(ലേഖകന്റെ ഫോൺ : 9847921294 )
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.