ഓണനാളിൽ സംസ്‌കൃതിയുടെ ഓർമ്മപ്പെടുത്തലുമായി ഓണപ്പൊട്ടനും
August 28, 2017, 3:56 pm
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കൃതിയുടെയും ഓർമ പുതുക്കി വീണ്ടുമൊരു ഓണനാൾ കൂടി എത്തി. അത്തം പിറന്നതോടെ ലോകമെമ്പെടുമുള്ള മലയാളികൾ പൂവിളിയും പൂക്കളവുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മലബാറിലെ പ്രത്യേകിച്ച് കടത്തനാട്ടിലെ ഓണരസങ്ങളിൽ കളിചിരിയുമായെത്തുന്ന ഓണപ്പൊട്ടനുമുണ്ട്.

ഉത്രാടനാൾ മുതൽ നാട്ടിൻപുറങ്ങളിലും നഗരത്തിലുമെല്ലാം മണിക്കിലുക്കത്തിന്റെ താളത്തിനൊപ്പിച്ചെത്തുന്ന ഓണപ്പൊട്ടൻമാരെ മഹാബലിയുടെ പ്രതിപുരുഷനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുഖത്ത് ചായം പൂശി, ചുവന്ന പട്ടുടുത്ത് തെച്ചിപ്പൂ ചൂടി, കയ്യിലെ മണി കിലുക്കിയാണ് ഓണപ്പൊട്ടൻ വരിക.ഒരാഴ്ച കാലത്ത് പ്രത്യേക വ്രതമെടുത്തതിന് ശേഷം മലയസമുദായക്കാരാണ് ഓണേശ്വരനാകുന്നത്. വേഷം കെട്ടി കിരീടം ചൂടിയാൽ പിന്നെ ഓണപ്പൊട്ടൻമാർ സംസാരിക്കാറില്ല. ഇതിനാലാണ് ഓണപ്പൊട്ടൻ എന്ന് പേര് വന്നത്.

കയ്‌തോലയിൽ നിന്നും വാഴനാരിൽ നിന്നും ഉണ്ടാക്കുന്ന കിരീടവും താടിയും നിറങ്ങളിൽ മുക്കി പാകപ്പെടുത്തും. മുഖത്ത് ചായങ്ങൾ കൊണ്ടുള്ള എഴുത്തും ഉടുക്കാൻ പ്രത്യേക പട്ടുമുണ്ടാകും. ഒരിക്കലും കാൽ നിലത്തുറപ്പിക്കാതെ താളം ചവിട്ടുകയും ഓടുകയും ചെയ്യുന്ന പൊട്ടൻ കുട്ടികളുമായി കളിച്ചുല്ലസിച്ചാണ് ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് നീങ്ങുന്നത്. പല കോപ്രായങ്ങളിലൂടെയും വീട്ടുകാരെയും നാട്ടുകാരെയും രസിപ്പിക്കുന്ന ഒരു ഹാസ്യവേഷം കൂടിയാണിത്. അരിയും ഓണക്കോടിയും ഭക്ഷണവുമാണ് ഓണത്തപ്പന് ദക്ഷിണയായി നൽകുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.