അച്ഛാ പണ്ടത്തെപ്പോലെ എന്റെ നെറുകയിൽ ഒരിക്കൽ കൂടി തൊടണേ! ഹൃദയം തൊടുന്നൊരു കുറിപ്പ്
August 29, 2017, 12:12 pm
അച്ഛന്റെ ഓർമ്മദിനത്തിൽ അക്ഷരങ്ങൾ കൊണ്ട് ഓർമയേകി സാഹിത്യകാരൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്. മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ മുൻകുറിപ്പിൽ നിന്നുള്ള ഒരു ഭാഗമാണ് അച്ഛന്റെ ചിത്രത്തോടൊപ്പം അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കമ്പനിപ്പണിക്കിടയിൽ വലതുകൈയിലെ നടുവിരൽ അറ്റുപോയ അച്ഛനെ എനിക്കിപ്പോൾ ഓർമിക്കണം. മൂലധനം വായിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റായിരുന്നു അച്ഛൻ. കുട്ടിക്കാലത്ത് പാട്ടിനും കവിതയ്‌ക്കും പഠനത്തിനും സമ്മാനം വാങ്ങിച്ചെല്ലുമ്പോൾ വ്യവസായവിപ്ലവത്തിന് കൈവിരൽ നേദിച്ച അദ്ദേഹം മൂർധാവിൽ കൈവെച്ച് ചേർത്തുപിടിക്കുമായിരുന്നു വാക്കുകളില്ലാതെ.

ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റായിരുന്ന അച്ഛൻ ഒരിക്കലേ മദ്യപിച്ചുള്ളൂ. ഞങ്ങളുടെ ജില്ലാ കൗൺസിലിലേക്ക് ഒരു ഇടതുപക്ഷ സ്ഥാനാർത്ഥി ജയിച്ച സന്ദർഭത്തിൽ. കുറെക്കാലം തുടർച്ചയായി ആലുവയിലും എറണാകുളത്തും കോൺഗ്രസ് എം.എൽ.എ.യും കോൺഗ്രസ് എം.പി.യും മാത്രം തിരഞ്ഞെടുക്കപ്പെടുന്ന നാളുകളായിരുന്നു അത്. ആദ്യമായി ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.

ജയാഘോഷങ്ങളിൽനിന്നു മാറി ഒറ്റയ്ക്കു കാണപ്പെട്ട അദ്ദേഹം പതിവില്ലാതെ ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു: ''അച്ഛൻ കുടിച്ചോ?''
മകന്റെ മുന്നിൽ തലകുനിച്ചുകൊണ്ട് അച്ഛൻ വികാരാധിക്യത്തോടെ പറഞ്ഞു: ''ഇന്നല്ലെങ്കിൽപ്പിന്നെ എന്നാണെടാ എനിക്കു കുടിക്കാൻ കഴിയുക?''

എട്ടുവർഷം മുമ്പ് അച്ഛൻ മരിച്ചു. പണ്ട് അലൂമിനിയം കമ്പനിയിലേക്ക് അദ്ദേഹം നടന്നുതീർത്ത ദൂരമത്രയും ഒരിക്കൽക്കൂടി എന്റെ കാറിൽ ഇരുത്തിക്കൊണ്ടുപോകണമെന്ന ദുരാഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാൽ ആ നാണംകെട്ട തമാശയിൽ പങ്കാളിയാക്കാതെ കാലം അദ്ദേഹത്തെ കാത്തു. പകരം, സഞ്ചയനത്തിന് പെറുക്കിയ അസ്ഥികൾ മടിയിലും പിന്നെ ചാക്കിൽ വടിച്ചുകൂട്ടിയ ചാരം ഡിക്കിയിലുമാക്കി ഞങ്ങൾ ആലുവാപ്പുഴയിലേക്കുപോയി. ആലുവാപ്പുഴയിൽ ചെന്ന് അച്ഛനെ കൊട്ടിക്കളഞ്ഞിട്ട് തിരിച്ച് കോഴിക്കോട്ടെത്തിയപ്പോൾ പുത്തൻ കാറിന്റെ ഡിക്കിയിലെ വെൽവെറ്റിൽ ഓട്ടച്ചാക്കിൽനിന്നു തൂവിയ ഭസ്‌മം പറ്റിയിരുന്നത് അസ്വാസ്ഥ്യമുണ്ടാക്കി. മോനേ മോനേ എന്നു വിളിച്ച് എന്നോടൊപ്പം കോഴിക്കോട്ടേക്കു പോന്ന കുറച്ചു ചാരം.

അച്ഛാ, എല്ലാം കത്തിത്തീരുകയാണല്ലോ. സുഖജീവിതകാമനകൾ അച്ഛന്റെ മകനെയും ജീവിച്ചിരിക്കെത്തന്നെ ചാരമാക്കിത്തീർക്കുന്ന കാലവും വന്നല്ലോ. അവസാനത്തെ കനലും അണയും മുൻപ് ഇത്രയെങ്കിലും എഴുതിവെച്ചതിന് പണ്ടത്തെപ്പോലെ എന്റെ നെറുകയിൽ ഒരിക്കൽകൂടി തൊടണേ!

(മനുഷ്യന് ഒരാമുഖം എന്ന നോവലിന്റെ മുൻകുറിപ്പിൽനിന്ന്)

നാളെ അദ്ദേഹത്തിന്റെ എട്ടാം ശ്രാദ്ധം

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ