ഓണം ഒരുങ്ങുന്നു, അണിയറയിൽ കുമ്മാട്ടിയും.!
August 29, 2017, 12:45 pm
തൃശൂർ: ഓണ നാളുകളിൽ ഉത്സവക്കൊഴുപ്പേകാൻ കുമ്മാട്ടികളുടെ ഒരുക്കം ആരംഭിച്ചു. കുമ്മാട്ടിക്കുള്ള മുഖം മൂടികളുടെ അവസാന മിനുക്കു പണിയിലും കുമ്മാട്ടി വേഷത്തിനായി പർപ്പടകപ്പുല്ല് സംഘടിപ്പിക്കുന്ന തിരക്കിലുമാണ് വിവിധ ദേശക്കാർ. കുമ്മാട്ടി വേഷം കെട്ടാൻ ഉപയോഗിക്കുന്ന പർപ്പടക പുല്ല് ജില്ലയിൽ കിട്ടാനില്ലാത്തതിനാൽ വടക്കൻ ജില്ലകളിൽ നിന്നാണ് പലരും എത്തിക്കുന്നത്. കുമ്മാട്ടിക്കളിക്കു രണ്ടോ മൂന്നോ ദിവസം മുമ്പാകും പുല്ല് മുറിച്ചെടുത്ത് കൊണ്ടുവരുന്നതെന്ന് കിഴക്കുംപാട്ടുകര ആർ.എഫ്‌.സി കുമ്മാട്ടി സംഘത്തിലെ പ്രഭുദാസ് പറയുന്നു.

പ്രത്യേക ഗന്ധമുള്ള പുല്ലാണിത്. ദേഹത്തുകെട്ടുമ്പോൾ അധികം ചൊറിയില്ലെന്ന പ്രത്യേകതയും ഉണ്ട്. നൂലിൽ കെട്ടിയെടുത്താണ് പുല്ല് ദേഹത്ത് അണിയുന്നത്. പർപ്പടകപ്പുല്ല് കിട്ടാനുള്ള ക്ഷാമം മൂലം ദിവസങ്ങൾക്ക് മുമ്പേ പറിച്ചെടുത്ത് നട്ടുസൂക്ഷിക്കുകയാണ് രീതി. പർപ്പിടകപ്പുല്ലിന്റെ ദൗർലഭ്യം മൂലം ചില സംഘങ്ങൾ രാമച്ചവും ഉപയോഗിക്കുന്നുണ്ട്.

 ഉത്രാടത്തിൽ തുടങ്ങി...
ഓണത്തിന് തൃശൂരിന്റെ പാരമ്പര്യ കലാരൂപം പുലിക്കളിയാണെങ്കിൽ, പ്രാദേശിക കല കുമ്മാട്ടിയാണെന്നാണ് ചരിത്രം. മുമ്പ് മൂന്നോണ നാളിൽ മാത്രമായിരുന്നു കുമ്മാട്ടിക്കൂട്ടങ്ങൾ നാടു കാണാൻ ഇറങ്ങിയിരുന്നത്. ഉത്രാടം നാളിൽ തുടങ്ങുന്ന കുമ്മാട്ടി മുഖങ്ങളുടെ പ്രദർശനത്തോടെ വിപുലമായ പരിപാടികളോടെയാണ് ആഘോഷം ഇപ്പോൾ തുടങ്ങുന്നത്. മുമ്പ് കമുകിൻ പാളയിലൊരുക്കിയ മുഖം മൂടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, മരത്തിലും ഫൈബറിലുമെല്ലാം മുഖം മൂടി ഒരുക്കുന്നു.

 ഈറ്റില്ലങ്ങൾ
കിഴക്കുമ്പാട്ടുകരയാണ് കുമ്മാട്ടിക്കളിയുടെ ഈറ്റില്ലമായി അറിയപ്പെടുന്നത്. എങ്കിലും ചേറൂർ, നെല്ലങ്കര, മുക്കാട്ടുകര, നടത്തറ, വളർക്കാവ്, ഒല്ലൂക്കര, തിരുവാണിക്കാവ്, പുതൂർക്കര, ഒളരി തുടങ്ങിയ പ്രദേശങ്ങളിലും ഓണത്തിന് കുമ്മാട്ടികൾ ഇറങ്ങാറുണ്ട്. ശിവൻ, ഹനുമാൻ, സുഗ്രീവൻ, അപ്പൂപ്പൻ, തള്ള, കാട്ടാളൻ, കാലൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ തുടങ്ങിയവയാണ് കുമ്മാട്ടിയിലെ പ്രധാന വേഷങ്ങൾ.

 ഐതിഹ്യം
കാലദോഷം തീർക്കാനും കുട്ടികളെ സന്തോഷിപ്പിച്ച് അവർക്ക് നന്മ നേരാനുമാണ് കുമ്മാട്ടികൾ എത്തുന്നതെന്നാണ് വിശ്വാസം. പരമേശ്വരന്റെ കൈയിലുള്ള അമ്പ് വരമായി ചോദിച്ച അർജുനന്റെ സാമർത്ഥ്യം ശിവൻ പരീക്ഷിക്കുകയും അതിൽ അർജുനൻ വിജയിക്കുകയും ചെയ്യുന്നു. ഇതിൽ സന്തോഷിച്ച് ഭൂതഗണങ്ങൾ എത്തുന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കുമ്മാട്ടി ആഘോഷമെന്നാണ് ഐതീഹ്യം. വടക്കുന്നാഥ ക്ഷേത്രവുമായും ഇതിന് ബന്ധമുണ്ടെന്ന് പഴമക്കാർ പറയുന്നു. ശിവഭൂതഗണങ്ങളാണ് കുമ്മാട്ടികളായി എത്തുന്നതത്രെ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.