അനന്തപുരിയുടെ പൈതൃകത്തിലകമായി 'ഓണവില്ല്'
August 29, 2017, 5:51 pm
ഓണം ഓരോ മലയാളിക്കും ഓർമ്മകളുടെ ആഘോഷമാണ്. തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളുടെ സമന്വയമാണ് ഓരോ ഓണവും. അത്തപ്പൂക്കളവും, ഓണക്കോടിയും, ഓണസദ്യയും, ഓണക്കളികളും മലയാളിയുടെ യശസ്സ് ലോകത്തിന് മുന്നിൽ ഉയർത്തുന്നു.

ഓണം പോലെ സുന്ദരമാണ് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും. കഥകളും ഉപകഥകളും മെനയുന്ന മനോഹാരിതയാണ് ഓണത്തെ മലയാളിയുടെ ലാവണ്യോത്സവമാക്കുന്നത്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചു പോരുന്നു. അതിലൊന്നാണ് തിരുവനന്തപുരവുമായി ബന്ധപ്പെട്ട് കിടക്കുന്ന 'ഓണവില്ല്.'

പദ്മനാഭസ്വാമിക്ക് ഓണവില്ല് സമർപ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുന്ന സമയത്ത്, വിഷ്ണുവിന്റെ ഓരോ കാലങ്ങളിലേയും അവതാര ദർശനം തനിക്ക് സാധ്യമാക്കണമെന്ന് മഹാബലി പ്രാർത്ഥിച്ചു. ആ സമയം വിഷ്ണു വിശ്വകർമ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും കാലാകാലങ്ങളിലെ തന്റെ അവതാര ചിത്രങ്ങൾ മഹാബലിയെ വരച്ചുകാട്ടണമെന്നും നിർദേശിച്ചു. ഇങ്ങനെ മഹാബലിക്ക് വിഷ്ണുവിന്റെ അവതാര ചിത്രങ്ങൾ വരച്ചു കാട്ടാനാണ് പദ്മനാഭ സ്വാമി സന്നിധിയിലേക്ക് ഓണവില്ല് നൽകുന്നതെന്നാണ് വിശ്വാസം.

കടമ്പ് മരത്തിന്റെ തടികൊണ്ടാണ് ഓണവില്ല് തയ്യാറാക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിൽ അനന്തശയനം, ലക്ഷ്‌മി, താടക, കാവൽ ഭൂതങ്ങൾ, മഹർഷി തുടങ്ങിയ ചിത്രങ്ങൾ വില്ലിൽ വരയ്‌ക്കും. എട്ടു വില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. വില്ലിൽ ചുവന്ന ചരടും കുഞ്ചലവും കെട്ടും. ഇത് വിശ്വാസികൾ ക്ഷേത്രത്തിൽ നിന്ന് വാങ്ങി വീടുകളിൽ സൂക്ഷിക്കാറുണ്ട്. ഐശ്വര്യദായകമാണിതെന്നാണ് ഭക്തരുടെ വിശ്വാസം.

വില്ല് നിർമിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ. 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണമിതിന്. കരമന വാണിയംമൂല മൂത്താശാരി കുടുംബത്തിന്റെ അവകാശമാണ് വില്ല് നിർമാണം. കേരളത്തിന്റെ ഭൂപടത്തെക്കൂടി ഈ വില്ലിന്റെ രൂപം അനുസ്‌മരിപ്പിക്കുന്നു.

തിരുവോണ നാളിലാണ് വില്ല് പദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത്. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ പൂജകൾക്ക് ശേഷം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് കൊണ്ടുപോകും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാനാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.