സ്വാശ്രയം: സർക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ
August 30, 2017, 12:57 pm
തിരുവനന്തപുരം: സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്. സ്വാശ്രയ കേസിലെ സുപ്രീം കോടതി ഉത്തരവ് ഇടതു മുന്നണി സർക്കാരിനോ സി.പി.എമ്മിനോ തിരിച്ചടിയല്ലെന്നും അവർ ചെയ്യാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ കോടതിയും ചെയ്തതെന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

സുപ്രീം കോടതി 11 ലക്ഷത്തിൽ താഴെ ഫീസ് നിശ്ചയിച്ചിരുന്നെങ്കിൽ പാവം സ്വാശ്രയ മുതലാളിമാർക്കു നഷ്ടം വരുമായിരുന്നു. തുടർന്ന് 'മേടിക്കൽ (മെഡിക്കൽ) കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോവേണ്ടി വന്നേനെ. അത് അറിയാവുന്നതു കൊണ്ടാണ് സർക്കാർ വക്കീൽ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോൾ പഴി കോടതിക്കും ലാഭം മുതലാളിമാർക്കും പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്കുമാണെന്ന് ജയശങ്കർ പരിഹസിക്കുന്നു. കോടതിവിധി അറിഞ്ഞ് ചില വിദ്യാർത്ഥികൾ പൊട്ടിക്കരഞ്ഞു, രക്ഷിതാക്കൾ മോഹാലസ്യപ്പെട്ടു എന്നൊക്കെ ചില ബൂർഷ്വാ പത്രങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്. കുട്ടികളും മാതാപിതാക്കളും ആനന്ദാശ്രു പൊഴിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പോസ്‌റ്റിന്റെ പൂർണരൂപം:

അല്ലാ അല്ലാ, തിരിച്ചടിയല്ല.. സ്വാശ്രയ മേടിക്കൽ കോളേജ് കേസിലെ സുപ്രീം കോടതി ഉത്തരവ് ഇടതു മുന്നണി സർക്കാരിനോ വിപ്ലവപ്പാർട്ടിക്കോ തിരിച്ചടിയല്ല. നമ്മൾ ചെയ്യാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ കോടതി ചെയ്തിട്ടുളളത്. പ്രതിവർഷ ഫീസ് 11ലക്ഷം, കോഴ്സിനു മൊത്തം അരക്കോടി. ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാൽ പാവം സ്വാശ്രയ മുതലാളിമാർക്കു നഷ്ടം വന്നേനെ. അവർ മേടിക്കൽ കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോയേനെ. അത് അറിയാവുന്നതു കൊണ്ടാണ് സർക്കാർ വക്കീൽ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോൾ പഴി കോടതിക്ക്, ലാഭം മുതലാളിമാർക്ക്, പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്ക്. കോടതിവിധി അറിഞ്ഞ് ചില വിദ്യാർത്ഥികൾ പൊട്ടിക്കരഞ്ഞു, രക്ഷിതാക്കൾ മോഹാലസ്യപ്പെട്ടു എന്നൊക്കെ ചില ബൂർഷ്വാ പത്രങ്ങൾ പറയുന്നത് പച്ചക്കളളമാണ്. കുട്ടികളും മാതാപിതാക്കളും ആനന്ദാശ്രു പൊഴിക്കുകയാണുണ്ടായത്.

അരക്കോടി എടുക്കാനില്ലാത്ത കുട്ടികൾ മേടിക്കൽ കോളേജിൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്നതേ തെറ്റാണ്; പാർലമെന്ററി അവസരവാദമാണ്. മാർക്സിസത്തിന് എതിരാണ്. കാശില്ലാത്ത കുട്ടികൾ എം.ബി.ബി.എസിന് പോയി ആയുസ്സു പാഴാക്കാതെ സർക്കാർ കോളേജിൽ ഫീസേ കൊടുക്കാതെ ബി.എയ്ക്കോ ബി.എസ്.സിക്കോ നടക്കട്ടേ, എത്തപ്പൈയിൽ ചേർന്നു പ്രവർത്തിക്കട്ടേ, പ്രിൻസിപ്പലിന്റെ കസേര കത്തിച്ചും ജഡ്ജിമാരെ നാടുകടത്തിയും നേതാക്കന്മാരാകട്ടേ, എമ്മല്ലേമാരും മന്ത്രിമാരും ആകട്ടേ. കാശും പണവും ഉണ്ടാകുമ്പോൾ മക്കളെ സ്വാശ്രയത്തിലോ ബെർമിംഗ്ഹാമിലോ വിട്ടു പഠിപ്പിക്കട്ടേ.

വിപ്ലവം ജയിക്കട്ടേ!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ