മരുഭൂമി മണ്ണിലും ഓണപ്പൂവിളി ഉയരുന്നു, ഒരു പാട് പ്രതീക്ഷകളോടെ പ്രവാസികളും
August 30, 2017, 5:16 pm
വെബ് ഡെസ്‌ക്
ചിങ്ങം പിറന്നതോടെ മലയാളക്കര ഓണാഘോഷത്തിന്റെ തിരക്കിലാണ്. പൂവും പൂവിളിയുമായി നാടെങ്ങും ഓണം കൊഴുപ്പിക്കാനുള്ള ഓട്ടപ്പാച്ചിൽ തുടരുമ്പോൾ ഏഴാം കടലിനക്കരെ നാട്ടിലെ തൂശനിലയും തുമ്പപ്പൂചോറും കിനാവ് കണ്ട് കഴിയുന്ന പ്രവാസികളെന്ന ഒരു കൂട്ടരുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രവാസത്തിലേക്ക് എടുത്തുചാടിയെങ്കിലും നാടും നാട്ടിലെ ആഘോഷവുമൊന്നും ഇതുവരെയും മലയാളി കൈവിട്ടിട്ടില്ല. ഷോപ്പിംഗ് മാളുകളിൽ നിന്ന് വാങ്ങുന്ന തൂശനിലയിലും ഹോട്ടലുകാർ വിളമ്പുന്ന ഇൻസ്‌റ്റന്റ് സദ്യയിലും മലയാളി സമൂഹം ഗൾഫ് നാടുകളിൽ ഓണം ഗംഭീരമാക്കും.

ഓണവും പെരുന്നാളും ഇരട്ടിമധുരം
നാട്ടിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഒക്കെയുണ്ടെങ്കിലും മറുനാട്ടിലെത്തിയാൽ മലയാളി അതെല്ലാം മടക്കി കീശയിൽ വയ്‌ക്കും. പിന്നെ അതിരോ അതിർത്തിയോ ഇല്ല , ജാതിയോ മതമോ ഇല്ല, എല്ലാവരോടും സഹജീവിയെന്ന പരിഗണന മാത്രം. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഓണവും പെരുന്നാളും ക്രിസ്‌തുമസുമൊക്കെ ഒരുമിച്ച് ആഘോഷിക്കുന്നവരാണ്. ബലിപെരുന്നാളും പൊന്നോണവും അടുത്തടുത്ത ദിവസങ്ങളിൽ വന്നത് കൊണ്ട് ഇത്തവണ പ്രവാസി മലയാളികൾക്ക് ഇരട്ടി ആഘോഷമാണ്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ആഴ്‌ചയിൽ വെള്ളിയാഴ്‌ച ഒരുദിവസം മാത്രമേ അവർക്ക് ഒന്നിച്ച് ഒത്തുകൂടാൻ അവസരം കിട്ടാറുള്ളൂ. ഓണം ആഴ്‌ചയിലെ മറ്റുദിവസങ്ങളിൽ ആയാലും പ്രവാസികൾ അത് അവരുടെ സൗകര്യാർത്ഥം മാറ്റാറുണ്ട്. എന്നാൽ ഇത്തവണ ഓണവും പെരുന്നാളും അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതിനാൽ മിക്ക പ്രവാസികളും ഓണാഘോഷം നേരത്തെയാക്കും. ബലിപെരുന്നാൾ പ്രമാണിച്ച് ആഗസ്‌റ്റ് 31ന് മുതൽ സെപ്‌തംബർ 2വരെ മിക്ക ഗൾഫ് രാജ്യങ്ങളിലും അവധിയാണ്. മിക്ക പ്രവാസികളും ഓണാഘോഷം ഈ ദിവസങ്ങളിൽ തന്നെ സംഘടിപ്പിക്കുമെന്നാണ് സൂചന.

ഓണസദ്യമുതൽ പായസം വരെ വീട്ടുമുറ്റത്തെത്തും
ഓണമെത്തുമ്പോൾ കേരള വിപണിയിൽ വൻ ഓഫറുകൾ പ്രത്യക്ഷപ്പെടും പോലെ തന്നെയാണ് ഗൾഫ് വിപണിയും. മലയാളികളുടെ സൂപ്പർ മാർക്കറ്റിലെല്ലാം തന്നെ കേരളത്തിലേത്‌ പോലെ ഉപഭോക്താക്കൾക്ക് വേണ്ടി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാറുണ്ട്. ഇതിനൊപ്പം മലയാളത്തനിമ ചോരാത്ത നല്ല ഉഗ്രൻ സദ്യ തന്നെ ഓണക്കാലത്ത് മലയാളി ഹോട്ടലുകൾ പ്രവാസികൾക്ക് മുന്നിലെത്തിക്കും.25 ദിർഹം മുതൽ 100 ദിർഹം വരെ വിലയുള്ള നല്ല ഉഗ്രൻ ഓണസദ്യ ഓർഡർ അനുസരിച്ച് റൂമിന് മുന്നിലെത്തിക്കുന്ന നിരവധി ഹോട്ടലുകൾ യു.എ.ഇയിലുണ്ട്. ഇല്ലെങ്കിൽ കുടുംബവും സുഹൃത്തുക്കളുമൊന്നിച്ച് ചെന്ന് സദ്യ കഴിക്കാനുള്ള സൗകര്യവും ഈ ഹോട്ടലുകൾ ഒരുക്കുന്നു.

എല്ലാം കേരളത്തിൽ നിന്നും പറന്ന് വരുന്നത്
പ്രവാസി മലയാളിക്ക് ഓണമാഘോഷിക്കാൻ ഉപ്പ് മുതൽ കർപ്പൂരം വരെ ഇന്ത്യയിൽ നിന്നും വിമാന മാർഗം ഗൾഫ് നാടുകളിലെത്തും. തൂശനില മുതൽ പച്ചക്കറികൾ വരെയുള്ള എല്ലാം കേരളത്തിൽ നിന്നും എത്തിക്കുന്നവയാണെന്ന് യു.എ.ഇയിലെ പ്രമുഖ ഷോപ്പിംഗ് സെന്റർ ഉടമകൾ പറയുന്നു. കേരളത്തിൽ നിന്നും വരുന്ന ഉത്പന്നങ്ങൾക്ക് പ്രത്യേക സ്ഥാനവും മിക്ക ഷോപ്പിംഗ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. അത്തപ്പൂക്കളത്തിനുള്ള പൂക്കളും കേരളത്തിൽ നിന്ന് തന്നെയാണ് വരുന്നത്.

ചിലർ ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരികെ പറക്കും
ഓണവും പെരുന്നാളും അടുത്തതോടെ ഗൾഫ് നാടുകളിൽ നിന്നുള്ള വിമാന നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായി കഴിഞ്ഞു. എന്നാൽ ഇത് നേരത്തെ മുന്നിൽ കണ്ട ചിലർ കാലേക്കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്. ഇവർക്കൊപ്പം നാട്ടിലെ ഓണത്തിന് മറ്റെന്തിനേക്കാളും വില നൽകുന്ന ചിലരും പൊന്നും വിലയ്‌ക്ക് ടിക്കറ്റ് എടുത്ത് മലയാളക്കരയിലേക്കുള്ള വണ്ടിപിടിക്കും.

മരുഭൂമിയിലെ ഓണാഘോഷം
പ്രാദേശിക കൂട്ടായ്‌മകൾ മുതൽ കെ.എം.സി.സി വരെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട് നിൽക്കുന്ന ഓണാഘോഷമാണ് ഗൾഫ് നാടുകളിൽ നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ കുടുംബസമേതം എത്തി, നാടിന്റെ ഹൃതാരുത്വം അയവിറക്കി അടുത്ത ഓണത്തിനെങ്കിലും നാടണയാമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും ജീവിക്കുന്നത്.

ഓണം വെറും സ്വപ്‌നം മാത്രമാകുന്ന കൂട്ടർ
സ്വപ്‌നങ്ങളുടെ താഴ്‌വരയെന്ന് അറിയപ്പെടുന്ന ഗൾഫ് നാടുകളിൽ പക്ഷേ എല്ലാവരുടെയും സ്വ‌പ്‌നങ്ങൾക്ക് ചിറക് മുളയ്‌ക്കാറില്ല. നല്ലൊരു ജീവിതം ആഗ്രഹിച്ച് കടൽ കടന്നെത്തുന്നവരിൽ പലരും ജീവിക്കുന്നത് നിരാശയോടെയായിരിക്കും. തുഛമായ ശമ്പളത്തിന് ലേബർ ക്യാംപുകളിൽ കഴിയുന്ന അവിദഗ്‌ദ്ധ തൊഴിലാളികൾക്കിടയിൽ ഓണത്തിന്റെ സ്ഥാനം നാട്ടിൽ മറന്ന് വെച്ച ആഗ്രഹങ്ങൾക്കൊപ്പമായിരിക്കും. ചില മലയാളി സംഘടനകളെങ്കിലും ലേബർ ക്യാംപുകളിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. തൂശനില ഇല്ലാതെ അലൂമിനിയം ഫോയിൽ പേപ്പറിൽ കറികൾ വിളമ്പി ചുറ്റും കൂടിയിരുന്ന് കണ്ണീരിന്റെ തിരുമധുരത്തോടെ അവർ ഓണം കൊണ്ടാടും.

കാണം വിറ്റും ഓണമുണ്ണണമെന്നാണ് പഴമക്കാർ പറഞ്ഞ് പഠിപ്പിച്ചത്. ആ ശീലമൊന്നും ഗൾഫിലെത്തിയാലും മലയാളി മറക്കാറില്ല. കാണം വിറ്റിട്ടാണെങ്കിലും ഇത്തവണ ഓണവും പെരുന്നാളും കളറാക്കാൻ തന്നെയാണ് ഓരോ പ്രവാസിയുടെയും തീരുമാനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.