ഓർമപ്പൂനിലാവ്
September 3, 2017, 10:30 am
അഞ്ജലി വിമൽ
പൂവിളിയും ഓണപ്പാട്ടും നിറഞ്ഞ പഴയ ഓണക്കാലം. അതിരാവിലെ എഴുന്നേറ്റ് പറമ്പിലേക്ക് ഓരോട്ടമാണ്. പാടത്തും തൊടിയിലും ഓടി നടന്ന് കിട്ടാവുന്ന പൂവൊക്കെ ഇലക്കൊട്ടയിൽ ശേഖരിക്കാൻ. പിന്നെ, കുട്ടികളെല്ലാം കൂടിചേർന്ന് അത്തപ്പൂക്കളമൊരുക്കൽ, ഓണത്തപ്പനെ ഒരുക്കൽ, തിരുവാതിരക്കളി, ഊഞ്ഞാലാട്ടം. അങ്ങനെ എത്രയെത്ര ഓർമ്മകളാണ് ഓരോ ഓണക്കാലവും ബാക്കി വയ്ക്കുക. എല്ലാം എവിടെയോ വച്ച് മലയാളികൾക്ക് നഷ്ടമായി.

കുട്ടിക്കാലത്തെ ആ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കാണ് നീതു അമിത്തിന് ഇത്തവണത്തെ ഓണം. മലയാളികളുടെ പ്രിയ എഴുത്തുകാരൻ, മലയാളികളുടെ മനസിൽ യാത്രാപ്രണയം നിറച്ച സഞ്ചാരി എസ്. കെ. പൊറ്റക്കാടിന്റെ ചെറുമകളാണ് നീതു. വർഷങ്ങൾക്കുശേഷം തറവാട്ട് മുറ്റത്തേക്ക് മടങ്ങിയെത്താനായതിന്റെ സന്തോഷത്തിലാണ് നീതു.

കോഴിക്കോട്‌കോട്ടുളിയിലെ 'ഇന്ദ്രനീലം' ഇത്തവണ പതിവിലും സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. നീതു പടിവാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.
''ഇത്തവണത്തെ ഓണം ഞങ്ങൾ കുറച്ച്‌നേരത്തേ ആഘോഷിക്കാൻ തുടങ്ങി. അതിനൊരു കാരണമുണ്ട്. വർഷങ്ങൾക്ക്‌ശേഷമാണ് ഞാൻ ഓണം ആഘോഷിക്കുന്നത്. മുത്തച്ഛൻ ഉണ്ടായിരുന്നപ്പോൾ എല്ലാരും ഒരുമിച്ച് ഓണം ആഘോഷിക്കുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. മുത്തച്ഛൻ ഇല്ലാതായപ്പോഴും ആ പതിവിന് മാറ്റം വന്നില്ല. എന്റെ വിവാഹം കഴിഞ്ഞ് വിദേശത്ത്‌പോയതോടെ പിന്നെ എനിക്കങ്ങനെ ഓണം ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും നാട്ടിൽ ആ പതിവ് തെറ്റിയിട്ടില്ല. എല്ലാവരും ഒന്നിക്കും. ഇത്തവണ എന്തായാലും ഞങ്ങളും ഓണം ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു.''

മുത്തച്ഛനെ കണ്ടുള്ള ഓർമ്മകളൊന്നും നീതുവിനില്ല. എങ്കിലും മനസ് മുഴുവൻ അദ്ദേഹത്തോടുള്ള ആരാധന നിറഞ്ഞു നിൽക്കുകയാണ്. ഒക്കെയും അമ്മ തന്നെ പറഞ്ഞുകൊടുത്ത വിശേഷങ്ങളും. ജീവിതത്തിൽ ഒരിക്കൽപോലും മുത്തച്ഛനെ കാണാൻ കഴിയാത്തതിന്റെ വിഷമവും നീതുവിന്റെ മനസിൽ ഒരുവേദനയായി നിൽക്കുന്നുണ്ട്.

''എത്ര തിരക്കിലായാലും ബന്ധുക്കളെല്ലാം തറവാട്ടിൽ ഒത്തുകൂടണമെന്നത് മുത്തച്ഛന് വലിയ ആഗ്രഹമാണെന്ന്‌കേട്ടിട്ടുണ്ട്. മുത്തച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമൻ ഇത്തവണ ഞാൻ ഉണ്ടാക്കുന്നുണ്ട്. മധുരപ്രിയനായിരുന്നു അദ്ദേഹം എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. മുത്തച്ഛൻ യാത്രയായിട്ട് മുപ്പത്തിയഞ്ചുവർഷമായി ഇക്കഴിഞ്ഞ ആഗസ്റ്റിൽ. യാത്രകൾ കഴിഞ്ഞാൽ അടുത്ത ഇഷ്ടം മധുരത്തോടായിരുന്നു. ഇപ്പോൾ അതെല്ലാം അമ്മയ്ക്ക് കിട്ടിയിട്ടുണ്ട് .'' അമ്മ സുമിത്രയെചേർത്തു നിറുത്തി നീതു പറഞ്ഞു. എസ്. കെ. പൊറ്റക്കാടിന്റെ രണ്ടാമത്തെ മകളാണ് സുമിത്ര ജയപ്രകാശ്.

'' യാത്രകളായിരുന്നല്ലോ അച്ഛന്റെ ജീവൻ. പക്ഷേ, ഏതു നാട്ടിൽപോയാലും ഓണത്തിന് തറവാട്ടിൽ എത്തിയിരിക്കും. അച്ഛന് ഓണം വലിയ ആഘോഷമായിരുന്നു. അന്ന് ബന്ധുക്കളെല്ലാം ഒരുമിക്കണമെന്നതും അച്ഛന്റെ നിർബന്ധമാണ്. കൂട്ടുകറിയോട് അച്ഛന് വലിയ ഇഷ്ടമാണ്. പിന്നെ ഓണസദ്യയിൽ ഞങ്ങൾ വടക്കൻകാർക്ക് എന്തെങ്കിലും ഒരുനോൺ വിഭവം കൂടി ഉണ്ടാകും. അത് അച്ഛന് നിർബന്ധമാണ്. രാവിലെ എഴുന്നേറ്റാൽ ഓണക്കൈനീട്ടം തരും. ബാങ്കിൽപോയിനേരത്തേ തന്നെ നാണയമൊക്കെ റെഡിയാക്കി വച്ചിട്ടേ അച്ഛൻ വീട്ടിൽ കയറൂ. ആ പരിസരത്തുള്ള വീട്ടിലെ കുട്ടികൾക്കെല്ലാം കൈനീട്ടം കൊടുക്കും. അതുകൊണ്ട് രാവിലെ തന്നെ ഞങ്ങൾ കുട്ടികളുടെ ഒരു വലിയ ക്യൂ തറവാട്ട് മുറ്റത്ത് കാണാമായിരുന്നു. കുട്ടികളോടൊപ്പം കളിക്കാനും അച്ഛന് വലിയ ഇഷ്ടമാണ്. ആഘോഷങ്ങളിലെല്ലാം വലിയ സന്തോഷം കണ്ടെത്തിയിരുന്ന ആളാണ് അച്ഛൻ. കുട്ടികളെപോലെ ആഘോഷങ്ങളിൽ മുന്നിൽ നിൽക്കും, സന്തോഷത്തിൽ മതിമറക്കും. മുറ്റത്ത് പൂവിടാൻ കുട്ടികളോടൊപ്പം അച്ഛനും കൂടുമായിരുന്നു. അച്ഛൻപോയെങ്കിലും ഇന്നും ഞങ്ങൾ പൂവിടാറുണ്ട്. ഒരു വർഷംപോലും ഓണം മുടങ്ങാൻ അച്ഛൻ സമ്മതിക്കില്ല, ആഘോഷങ്ങളൊന്നും മുടക്കരുതെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അന്നൊക്കെ അമ്മയായിരുന്നു ഞങ്ങൾക്ക് ഓണക്കോടി തുന്നി തരാറുള്ളത്. അമ്മ നന്നായി തുന്നുമായിരുന്നു. മറ്റെന്ത്‌ജോലി അമ്മയ്ക്കുണ്ടായിരുന്നാലും അതെല്ലാം മാറ്റിവയ്പിച്ച് ഞങ്ങൾക്ക് ഓണക്കോടി തയ്യാറാക്കാൻ അമ്മയെ ചട്ടം കെട്ടുന്നതിൽ അച്ഛനായിരുന്നു മുന്നിൽ നിന്നത്. ഇപ്പോൾ എല്ലാ ഓണവും അച്ഛന്റെ ഓർമ്മകൾക്ക് മുന്നിലാണ് ആഘോഷിക്കുന്നത്. ആ കൈ നീട്ടം ഇന്നും മിസ് ചെയ്യുന്നുണ്ട്. '' അച്ഛനെ കുറിച്ച് പറയുമ്പോൾ സുമിത്ര കൂടുതൽ വാചാലയായി.

''അത്തം മുതൽ പത്ത് ദിവസോം ഞങ്ങളിവിടെ പൂക്കളമൊരുക്കുന്നുണ്ട്. ഞാനുംമോനുംചേർന്നാണ് പൂക്കളമൊരുക്കുന്നത്. തിരുവോണത്തിന് എന്തായാലും പൂ പുറത്തുനിന്നു വാങ്ങേണ്ടി വരും. ഇതൊക്കെ വീട്ടിൽ നിന്നു തന്നെ പറിച്ചെടുത്ത പൂക്കളാണ്. '' മുറ്റത്തിട്ടിരിക്കുന്ന പൂക്കളം ചൂണ്ടി നീതു തുടർന്നു.

''ഇവൻ ആദ്യമായിട്ടാണ് പൂക്കളമൊക്കെ കാണുന്നത്. ആദ്യ ദിവസം തന്നെ പൂ പറിക്കാൻ അവനെ കൂട്ടിയപ്പോൾ ആളാകെ സന്തോഷത്തിലായി. ഞങ്ങൾ ആദ്യം ബംഗ്ലാദേശിലായിരുന്നു, ഇപ്പോജോർദാനിലേക്ക് മാറി. അവിടെയായിരുന്നപ്പോഴൊന്നും ഓണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കക്ഷിക്ക് ഇതിനെകുറിച്ചൊന്നും ഒന്നും അറിയില്ല. ഇവനും നമ്മുടെ ഓണം കണ്ട് വളരട്ടെയെന്ന് കരുതിയാണ് ഇത്തവണ കുടുംബസമേതം ഞങ്ങൾ വന്നത്. മുത്തച്ഛനെ കുറിച്ചൊക്കെ ഇവൻ സ്‌കൂളിൽപോയി തട്ടിവിടാറുണ്ട്, ഗ്രേറ്റ് ഗ്രാൻഡ് ഫാദർ വലിയ എഴുത്തുകാരൻ ആണെന്നൊക്കെ.

സ്‌കൂളിലൊക്കെ പഠിക്കുമ്പോ ഞാനും അവിടത്തെ താരമായിരുന്നു. എസ്. കെയുടെ ചെറുകുട്ടിയെന്നാണ് എല്ലാരും എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. ''
നീതുവും മുത്തച്ഛനെപോലെ വലിയ സഞ്ചാരിയാണ്. യാത്രകളോടുള്ള പ്രണയം പാരമ്പര്യമായി കിട്ടിയതാണെന്ന് വിശ്വസിക്കാനാണ് നീതുവിനിഷ്ടം.
''വിവാഹം കഴിഞ്ഞിട്ടാണ് യാത്ര ചെയ്യാൻ തുടങ്ങിയത്. ഭർത്താവ് അമിത് തന്നെയാണ് പിന്തുണ. അമ്മയ്ക്കും മുത്തച്ഛനെപോലെ യാത്രകളോട് പ്രിയമാണ്. ഇവർക്ക് രണ്ടുപേർക്കും താത്പര്യമുണ്ടാകുമ്പോൾ സ്വാഭാവികമായും എനിക്കും അങ്ങനെ വന്നതിൽ അതിശയപ്പെടാനാകില്ലല്ലോ. ഒരുപാട് സ്ഥലങ്ങൾ കണ്ടു കഴിഞ്ഞു. അമിത്തിന് ഗാർമെന്റ്സ് എക്സ്‌പോർട്ടിംഗാണ്. അപ്പോൾ എല്ലായിടത്തും സഞ്ചരിക്കാം. ഭാവിയിൽ ഇതൊക്കെചേർത്ത് ഒരു യാത്രാവിവരണം എഴുതണമെന്നുന്നുണ്ട്. എന്നുകരുതി മുത്തച്ഛനെപോലെ ആകുമെന്നൊന്നും പ്രതീക്ഷിക്കരുത്. എസ്. കെ ആകാൻ മുത്തച്ഛന് മാത്രേ കഴിയൂ. ''

യാത്രകളോട് മാത്രമല്ല എസ്. കെ യുടെ ചെറുകുട്ടിക്ക് പ്രിയം.ഫോട്ടോഗ്രഫിയിലും അഗ്രഗണ്യയാണ്. അതും തനിയെ പഠിച്ചെടുത്തത്. ഇന്നിപ്പോൾ ഏതു യാത്രയ്ക്കു പുറപ്പെട്ടാലും തന്റെ പ്രിയപ്പെട്ട കാമറ 700 ഡിഡിയും നീതുവിന്റെ കൂടെയുണ്ടാകും. ഒപ്പം നല്ലൊരു പക്ഷി നിരീക്ഷക കൂടിയാണ് കക്ഷി. കുട്ടിക്കാലത്തേ മനസിൽ കൂടു കൂട്ടിയ ഇഷ്ടമാണ് പക്ഷികളോടുള്ളത്. അതിനെല്ലാം പിന്തുണ നൽകിയത് അച്ഛൻ ജയപ്രകാശാണെന്നും നീതു പറയുന്നു. തന്റെ യാത്രാമോഹം മനസിലാക്കി അതിനെ പ്രോത്സാഹിപ്പിച്ചത് ഭർത്താവ് ജയപ്രകാശ് ആണെന്ന് സുമിത്രയും പറയുന്നു.

''എന്റെ മനസിൽ അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നത് ആദ്യം തിരിച്ചറിഞ്ഞത് ഭർത്താവാണ്. അദ്ദേഹത്തിനും യാത്രകളോട് വലിയ കമ്പമാണ്. ആദ്യമൊക്കെ അച്ഛൻ ഇതെങ്ങനെ യാത്ര ചെയ്യുന്നുവെന്ന് എനിക്ക് അത്ഭുതംതോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ആ രസം എനിക്കും കിട്ടുന്നുണ്ട്. ഇന്ന് എന്റെ മകളും അതേ ഇഷ്ടം കൊണ്ടുപോകുന്നതിൽ നിറഞ്ഞ സന്തോഷം. എഴുത്തിനേക്കാളൊക്കെ സംതൃപ്തി നൽകുന്നത് യാത്രകളായിരുന്നുവെന്ന് അച്ഛൻ പറയും. ആ യാത്രകൾ കഴിഞ്ഞ് വീട്ടിലേക്കുള്ള മടങ്ങി വരവായിരുന്നു അതിലും വലിയ സന്തോഷം. ഇത്തവണ ഞങ്ങളുടെ വീട്ടിലും അതേ സന്തോഷമുണ്ട്. എല്ലാവരും കൂടി ഒന്നിച്ച് ഓണം ആഘോഷിക്കുകയാണ്. '' സുമിത്ര നിറഞ്ഞു ചിരിക്കുന്നു. ഓരോ ഓണക്കാലവും ഒത്തുകൂടലിന്റേത് കൂടിയാണ്. അതുതന്നെയാണല്ലോ ഏറ്റവും വലിയ സന്തോഷം. ഒരുമയുടെ, നന്മയുടെ ആഘോഷങ്ങൾക്ക് എല്ലാ ആശംസകളും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.