വന്നൂ തിരുവോണം
September 4, 2017, 8:16 am
പയ്യന്നൂർ കുഞ്ഞിരാമൻ
ശുഭപ്രതീക്ഷകളുടെ പൂവിളിയുമായി വീണ്ടും തിരുവോണം വന്നെത്തുന്നു. സമത്വവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് ഭരണം നടത്തിയ മഹാബലി ചക്രവർത്തിയെക്കുറിച്ചുള്ള സമ്മോഹനമായ സ്മരണകളാണ് ഓണം അയവിറക്കുന്നത്. കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം ഒരുപോലെയാവണമെന്ന് ആ ചക്രവർത്തി നിരീക്ഷിച്ചു. സ്‌നേഹസുന്ദരമായ അന്തരീക്ഷം കളിയാടണമെന്ന് ആഗ്രഹിച്ചു. വറുതിയും ദുരിതവുമില്ലാതെ ജനത ഒന്നാകെ സാന്ത്വനത്തിന്റെ നിഴലിൽ ആശ്വസിക്കണമെന്ന് ചിന്തിച്ചു. ഓണത്തെക്കുറിച്ച് സ്‌കൂളിൽ പഠിപ്പിച്ചത് മലയാളം അധ്യാപകനാണ്. ഓർമവച്ച നാൾ തൊട്ട് തിരുവോണം ഒരാവേശവും വികാരവുമായിരുന്നു. ഓണം എന്ന പദത്തിന് നല്ല കാലം, ഐശ്വര്യം എന്നെല്ലാം അർത്ഥമുണ്ട്. മഹാബലി ചക്രവർത്തി സത്യത്തിനുവേണ്ടി രാജ്യം പരിത്യജിച്ചതിന്റെ ഓർമ്മയ്ക്കായി ഓണം കൊണ്ടാടണമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. മലയാളഭാഷയിൽ ഓണവുമായി ബന്ധപ്പെട്ട് അനേകം പദങ്ങളുണ്ട്. ഓലക്കുടയുമായി സ്‌കൂളിൽ പോയിരുന്ന പഴയ കാലത്ത് ഓണത്തിന് ഇന്നുള്ള പ്രൗഢിയും പ്രചാരണവും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അച്ഛൻ വാങ്ങിത്തന്ന പട്ടട്രൗസറാണ് ഓണത്തിന്റെ പ്രധാന ആകർഷകം. ഓണത്തിന് കസവുമുണ്ടുടുക്കണമെന്നാണ് അമ്മ പറയുക. മുത്തച്ഛൻ ഓണപ്പുടവ വാങ്ങിക്കൊടുത്ത ഓർമ്മ അമ്മ അയവിറക്കുമായിരുന്നു. പുത്തനുടുപ്പിന്റെ ഗന്ധം പ്രസരിപ്പിച്ചുകൊണ്ടാണ് കുട്ടികൾ ഓടിക്കളിച്ചിരുന്നത്. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ വീടുകളിലെല്ലാം തകൃതിയായി നടക്കാറുണ്ട്. അമ്മ കാലത്തെഴുന്നേറ്റ് മുറ്റമടിച്ച് ചാണകം മെഴുകി പൂവിടുന്നതും മനസിൽ മായാതെ കിടപ്പുണ്ട്. കൃഷ്ണഗാഥയിലെ വരികൾ ചൊല്ലുന്നതും ഓണക്കാലത്തെ പ്രത്യേകതയാണ്. മഹാബലിയെക്കുറിച്ചൊന്നും വേണ്ടത്ര തിരിച്ചറിവില്ലാതിരുന്ന അക്കാലത്ത് ഓണം ഞങ്ങളെപ്പോലുള്ളവർക്ക് ആവേശം പകർന്നിരുന്നു. ഒരു അസുരചക്രവർത്തിയാണ് മഹാബലി എന്ന് കേട്ടിരുന്നു. അദ്ദേഹത്തെ വാമനൻ വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെന്തിനാണ്? ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുകയില്ലെങ്കിലും തിരുവോണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങൾ ഉടലെടുക്കുമായിരുന്നു.

നെല്ലിൻ തണ്ടുകളിലൊളിച്ചിരുന്ന് കണ്ണാടി നോക്കുന്ന കൃഷ്ണപൂക്കളും, കിന്നാരം പറയുന്ന കാക്കപ്പൂക്കളും ഇറുത്തുകൊണ്ടുവന്ന് പൂക്കളമൊരുക്കുന്നത് ഓണത്തിന്റെ മറ്റൊരു ചടങ്ങാണ്. എവിടെയോ ഉള്ള കുന്നിൻ ചരിവിലും തോട്ടുവക്കത്തും പൂക്കൾ തേടി കുട്ടികൾ പറന്നുനടക്കുമായിരുന്നു. പോയകാല ചാരുതകൾ അപ്രത്യക്ഷമായെങ്കിലും മയിൽപീലിക്കണ്ണുള്ള സ്വപ്നങ്ങൾ നെയ്‌തെടുക്കാൻ പുതിയ കാലത്തും മനുഷ്യൻ വെമ്പൽ കൊള്ളുന്നു. അകലെയുള്ള ആകാശം പൂക്കുന്നത് നമുക്കുവേണ്ടിയാണെന്ന തോന്നലിലേക്കാണ് തിരുവോണം നയിക്കുന്നത്. സ്‌നേഹവും പരിഭവവും കലർന്ന കുടുംബജീവിതമല്ല ഇന്നുള്ളത്. പണാധിപത്യവും അധികാരവും ജാതീയതയും ഭരിക്കുന്ന വീട്ടുമുറ്റമാണ്. അനശ്വരതയിലേക്ക് കൈ പിടിച്ചുയർത്തേണ്ട കൈകൾക്കും ആശയങ്ങൾക്കും തളർച്ച സംഭവിക്കരുതെന്നും ഓണം ഓർമ്മിപ്പിക്കുന്നു. മലയാളികൾ ഏതുനാട്ടിലായാലും തിരുവോണം കെങ്കേമമായി ആഘോഷിക്കുന്നു. പഴയ തറവാട്ടുമുറ്റത്തെ ഓണം ഇന്നില്ല. ഫ്ളാറ്റിലോ മറ്റോ ഉള്ള അണുകുടുംബവൃത്തത്തിലെ പരിഷ്‌കൃത ഓണമാണിന്ന്. കാർഷിക സംസ്‌കൃതിയുമായി ഓണത്തിന് അടുത്ത ബന്ധമുണ്ട്. ഇന്നാണെങ്കിൽ പണസംസ്‌കാരവുമായാണ് ബന്ധം. പണം കൊടുത്താൽ പൂക്കൾ കിട്ടും. ഓണസദ്യ കിട്ടും. വീടുനിറയ്ക്കാൻ ഉപകരണങ്ങളും കിട്ടും. ടി.വി.യ്ക്കു മുന്നിലുള്ള പണക്കൊഴുപ്പിന്റെ ഓണത്തിൽ കണ്ണഞ്ചിനിൽക്കുമ്പോഴും മണ്ണിന്റെ മനസ്സിലേക്ക് തിരിച്ചുനടക്കണം എന്നാണ് തിരുവോണം ഓർമ്മിപ്പിക്കുന്നത്.

മഹാബലിയെ ഓർമ്മിപ്പിച്ചുകൊണ്ട് ഓണത്തെയ്യം വീടുകളിലെത്താറുണ്ട്. ചെറിയകുട്ടിയാണ് ഓണത്തെയ്യം കെട്ടുക. ദൂരെനിന്ന് ചെണ്ടമേളം കേൾക്കുമ്പോൾ തന്നെ കുട്ടികളെല്ലാം അങ്ങോട്ടെക്ക് ഓടിപ്പോകും. കുട്ടിയുടെ അച്ഛനോ അമ്മാമനോ ചെണ്ടകൊട്ടി ആടാനുണ്ടാകും. മണികിലുക്കി വട്ടം ചുറ്റിക്കൊണ്ടാണ് ഓണത്തെയ്യം ഉറയുന്നത്. വീടുകളിൽ നിന്ന് അരിയും പണവും നല്കും. ഒരു തവണ കൂടെപഠിക്കുന്ന കുട്ടി തെയ്യം കെട്ടിയത് ഓർമ്മയിലുണ്ട്. തെയ്യം കെട്ടിയാടുമ്പോൾ എന്ത് തോന്നിയെന്ന് അവനോട് ചോദിച്ചിരുന്നു. പക്ഷെ അവനതിനുത്തരം പറഞ്ഞില്ല. ഓണത്തോടനുബന്ധിച്ച് നാടൻ കളികളിൽ ഏർപ്പെടുന്നതും പതിവാണ്. ഗോട്ടി, തലപ്പന്ത്, കുട്ടിയും കോലും, തുടങ്ങിയ നാടൻ കളികളിൽ ഏർപ്പെട്ടാൽ നേരം പോകുന്നതറിയില്ല. വിഭവസമൃദ്ധമായ സദ്യയാണ് ഓണത്തിന്റെ മറ്റൊരു ആകർഷകം. പണ്ട് ഓണത്തിനും വിഷുവിനും മാത്രമാണ് സാധാരണക്കാരന്റെ വീട്ടിൽ പപ്പടം വാട്ടുന്നത്. ഇന്ന് എല്ലാ ദിവസവും ഓണസദ്യയാണ്. പാവങ്ങളുടെ ജീവിതത്തിലേക്ക് മണിമുട്ടി കടന്നുവരുന്ന തിരുവോണം വിസ്മയം തീർത്തുകൊണ്ടാണ് തിരിച്ചുപോയിരുന്നത്. ഊണുകഴിഞ്ഞാൽ മുതിർന്ന പുരുഷൻമാർ വള്ളംകളി കാണാനോ സിനിമ കാണാനോ പോകും. വൈകുന്നേരത്തോടെ എല്ലാവരും തളർന്നുപോകുന്നു. ഓണം കഴിഞ്ഞാൽ ക്ഷീണം കൂടുമെന്ന ചൊല്ലുമുണ്ട്. അക്കാലത്ത് മാവേലിസ്റ്റോറുകളുണ്ടായിരുന്നില്ല. റേഷൻ കടയാണ് ഏക ആശ്രയം. ഓണത്തിന്റെ പ്രാധാന്യം പറയുന്ന പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത് ഇന്നുപതിവാണ്. മനുഷ്യസമൂഹത്തിനാകെ നീതി സമാനമായി നല്കിയ ഭരണാധികാരിയാണ് മഹാബലി. നാട്ടിൽ കള്ളവും ചതിയും വഞ്ചനയുമില്ലാതെ ഭരണം നടത്തി കള്ളപ്പറയോ ചെറുനാഴിയോ ഇല്ലായിരുന്നു. ആർക്കും ആപത്തുണ്ടായില്ല. ഇങ്ങനെ ഭൂമിയിൽ സ്വർഗം പണിത മഹാബലിചക്രവർത്തിയെ പാതാളത്തിലേക്ക് താഴ്ത്തിയത് എന്തിനെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കാറുണ്ട്. മഹാബലിയുടെ ഭരണക്രമത്തിൽ ദേവന്മാർക്ക് മാത്രമാണത്രേ വിഷമമുണ്ടായത്.സുഖവും സംതൃപ്തിയും സാഹോദര്യവും പ്രജകൾക്കിടയിൽ വളർന്നുവരണമെന്നതാണ് ഏത് ഭരണാധികാരിയും ലക്ഷ്യം വെക്കുന്നത്. നാടുമായി ബന്ധപ്പെടുത്തിയല്ലാതെ തിരുവോണത്തെക്കുറിച്ച് സങ്കല്പിക്കാൻ കഴിയില്ല. ഓണമാഘോഷിക്കുന്ന കേരളം ഭാരതത്തിന്റെ ഒരു ഭാഗമാണ്. ഭഗീരഥന്റെ നാടാണ് ഭാരതം. പിൽക്കാലത്ത് ഭഗീരഥന്മാരുണ്ടായില്ലെങ്കിലും വർഗ്ഗീയ രഥന്മാർ വേണ്ടുവോളമുണ്ടായി. അവർ രാമന്റെയും ബാബറുടെയും പേരിൽ ജനതയെ ചേരിതിരിച്ച് നിർത്തുന്നു. ചോരപ്പുഴകൾ ഒഴുക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും നാടിനെ കലാപത്തിലേക്ക് നയിക്കുന്നു. നൂറ്റിമുപ്പത് കോടിയോളം വരുന്ന ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗം കുട്ടികളാണ്. ഓക്സിജൻ കിട്ടാതെ ആശുപത്രിയിൽ മരണമടയുന്ന കുട്ടികളുടെ നടുക്കുന്ന വാർത്തകൾ കേൾക്കുന്ന അന്തരീക്ഷത്തിലാണ് ഭാരതീയർ ജീവിക്കുന്നത്. സ്വാതന്ത്ര്യം എന്നാൽ ആഹാരവും വസ്ത്രവും ആരോഗ്യവുമാണെന്ന് നമ്മുടെ പൂർവ്വികർ നിരീക്ഷിച്ചിരുന്നു. എന്നാൽ ഭാരതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആ നിരീക്ഷണങ്ങൾ അപ്രസക്തമാവുകയാണ്. ഓണത്തിന് പ്രകൃതിയുമായും സ്‌നേഹവുമായും ഉറ്റ ബന്ധമുണ്ട്. കർക്കിടകത്തിലെ പട്ടിണിയും പഞ്ഞവും ഇല്ലാതാക്കിക്കൊണ്ടാണ് ചിങ്ങം പിറക്കുന്നത്. മഴ മാറി മാനംതെളിയുമ്പോൾ ദുരിതങ്ങൾക്കാണ് അന്ത്യം വരുന്നത്. വിളവെടുക്കുന്ന കർഷകന്റെ മുഖത്തെ ആഹ്ലാദം ഓണക്കാലത്തെ ഹരിതാഭമാക്കിത്തീർക്കുന്നു. പ്ലാസ്റ്റിക് പൂക്കളന്വേഷിക്കുന്ന യുവത്വത്തിന്റെ മുന്നിൽ തുമ്പപ്പൂവിന്റെ വിശുദ്ധിയോടെ തിരുവോണം വന്നെത്തുകയാണ്. മാനവീകതയും മനുഷ്യത്വവും സമസൃഷ്ടിസ്‌നേഹവുമുള്ള തലമുറയെക്കുറിച്ചാണ് ആധുനിക മനുഷ്യൻ ചിന്തിക്കാനുള്ളത്. ജനാധിപത്യത്തിന്റെ ഉന്നതമായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന ചിന്തകളും വ്യാഖ്യാനങ്ങളുമുണ്ടാകണം. സമൂഹത്തെ മാറ്റിത്തീർക്കുന്ന പ്രതിബദ്ധതയാണ് പ്രധാനം. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാതകളിലാണ് നമുക്ക് യാത്രചെയ്യാനുള്ളത്. ലോകത്തെങ്ങും ഓരോ തരത്തിൽ മലയാളികൾ ഓണം കൊണ്ടാടുന്നു. മലയാളിയും മഹാബലിയും തമ്മിലുള്ള ബന്ധം ഇഴപിരിയാത്തതാണ്.

മണ്ണും സമ്പത്തും വിഭജിക്കപ്പെടുമ്പോഴും മനസ്സുകൾ നന്നാവട്ടെ എന്നാണ് നമുക്ക് പാടാനുള്ളത്. നേരം പോയ നേരത്തും പൂക്കൈത മറപറ്റുന്നത് നോക്കി നെടുവീർപ്പിടേണ്ടിവന്ന പഴയകാലത്തല്ല നാം ജീവിക്കുന്നത്. വഴി നടക്കാനും വിദ്യ നേടാനും ആരാധന നടത്താനും പോയകാലത്തുണ്ടായിരുന്ന അയിത്തവും ഇന്നില്ല. ഉണ്ണുമ്പോൾ ചെന്നാൽ ചോറും തേക്കുമ്പോൾ ചെന്നാൽ എണ്ണയും അന്തിക്കുചെന്നാൽ പായയും നല്കിപോന്ന മലയാളികളുടെ സംസ്‌കാരം കെടാതെ സൂക്ഷിക്കുകയാണ് അനിവാര്യമായിട്ടുള്ളത്. ചെത്തിമിനുക്കിയ ജീവിതമോഹങ്ങളും ആർഭാടസുഖങ്ങളും ത്യജിക്കുമ്പോഴാണ് സ്‌നേഹോഷ്മളമായ പച്ചപ്പിലെത്തിച്ചേരുന്നത്. ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും പരിവേഷമുണ്ടെങ്കിലും തിരുവോണം വിമോചനത്തിലേക്കുള്ള നേർവഴി തുറന്നുതരുന്നു. ചങ്ങമ്പുഴ പാടുകയാണ്.

പൊന്നോണമാണിന്നു കേരളത്തിൽ
പുണ്യം പുലരുമീയാരാമത്തിൽ
പൊന്നുതിരുമേനി വഞ്ചിഭൂപൻ
പൊന്തിച്ച പൊന്നും കൊടിമരത്തിൽ
പാറിപ്പറക്കുന്നു കാന്തി ചിന്തി
കേരളസംസ്‌കാര വൈജയന്തി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.