'ഗ്ളാമർ വേഷങ്ങൾ ചെയ്യാം'
September 3, 2017, 8:29 am
എസ്. അനിൽ കുമാർ
ഹന്ന റെജി കോശി എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. പക്ഷേ രക്ഷാധികാരി ബൈജുവിലെ നായിക എന്ന് കേട്ടാൽ ആളെ പെട്ടെന്ന് പിടി കിട്ടും. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെ ഇഷ്ടപ്പെട്ട പ്രൊഫഷനും കൂടെ കൊണ്ടു പോകാൻ ഹന്ന ശ്രമിക്കുന്നുണ്ട്. ദന്ത ഡോക്ടർ കൂടിയായ ഹന്ന വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

'' ഹന്ന എന്ന ഹീബ്രു വാക്കിന് കൃപ എന്നാണർത്ഥം. കർത്താവിന്റെ കൃപാവരങ്ങൾ ആവോളം ലഭിച്ച പെൺകുട്ടിയാണ് ഞാനും. നന്നായി പ്രാർത്ഥിക്കുന്നയാളാണ് ഞാൻ. എന്ത് തീരുമാനവും പ്രാർത്ഥിച്ചിട്ടേ എടുക്കാറുള്ളൂ. ദൈവം നമ്മുടെ ഉള്ളിലാണെന്നാണ് എല്ലാ മതങ്ങളും പറയുന്നത്. നല്ല ചിന്തയും നല്ല പ്രവൃത്തിയുമാണെങ്കിൽ ദൈവം ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണെനിക്ക്. പള്ളിയിൽ പതിവായി പോകാറില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പതിവ് നിറുത്തിയത്. കുർബാനയൊന്നും കൈക്കൊള്ളാറില്ലെങ്കിലും ചിലപ്പോൾ എനിക്ക് തോന്നിയാൽ പള്ളിയിൽ പോകും. '' ഹന്ന പറയുന്നു.

അതായിരുന്നു സ്വപ്നം
ഒരു മോഡലാകണം എന്നായിരുന്നു കുട്ടിക്കാലം തൊട്ടേ എന്റെ മോഹം. ടിവിയിൽ ഫാഷൻ ഷോകൾ കണ്ടാണ് മനസിലേക്ക് ആ മോഹത്തിന്റെ വിത്ത് വീണത്. ലിസ ഹെയ്ഡനാണ് എന്റെ റോൾ മോഡൽ. അവരുടെ ഫാഷൻ ഷോകൾ മുടങ്ങാതെ കാണുമായിരുന്നു. അവരുടെ വസ്ത്രധാരണ രീതിയും സംഭാഷണശൈലിയുമൊക്കെ വലിയ ഇഷ്ടമാണ്. പക്ഷേ ഞാനവരെ ഒരിക്കലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മോഡലാകണമെന്ന മോഹം വീട്ടിൽ പറഞ്ഞു. പപ്പയും മമ്മിയും ചിരിച്ച് തള്ളിയതേയുള്ളൂ. ഈ പ്രായത്തിൽ ഇവളിതും പറയും ഇതിലപ്പുറവും പറയുമെന്ന ലൈനായിരുന്നു അവർക്ക്. പക്ഷേ, ആഗ്രഹം കൈവിടാൻ ഞാൻ തയ്യാറായിരുന്നില്ല. എറണാകുളത്ത് അസീസി സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിൽ മിസ് അസീസിയായിരുന്നു. കോളേജിൽ എത്തിയപ്പോഴും മോഡലിംഗ് പ്രേമം കൂടെയെത്തി. ഇഷ്ടമുള്ള കാര്യം നമ്മൾ കൂടുതൽ കാണുകയും പഠിക്കുകയുമൊക്കെ ചെയ്യുമല്ലോ. അതുകൊണ്ട് തന്നെ കോളേജിൽ പഠിക്കുമ്പോൾ ഫാഷൻ ഷോയിലൊക്കെ പങ്കെടുക്കുമായിരുന്നു. ഫാഷനാണ് എന്റെ പാഷനെന്ന് കൂട്ടുകാർക്കൊക്കെ അറിയാമായിരുന്നു. എന്നാൽ എന്റെ ആഗ്രഹം എന്താണെങ്കിലും പഠനം പൂർത്തിയാക്കിയിട്ടേ നടക്കൂവെന്ന് പപ്പയും മമ്മിയും പറഞ്ഞിരുന്നു. അങ്ങനെ പഠനം കഴിഞ്ഞ് ഇന്റേൺഷിപ്പിന് കയറിയപ്പോഴാണ് മോഡലിംഗ് ആഗ്രഹം വീണ്ടും വീട്ടിൽ പറഞ്ഞത്. ദൈവാനുഗ്രഹം കൊണ്ട് അപ്പോഴവർ ചിരിച്ച് തള്ളുന്നതിന് പകരം സപ്പോർട്ട് ചെയ്തു.

മോഡലിംഗ് കൂടെക്കൂടി
ബി.ഡി.എസ് കംപ്ലീറ്റ് ചെയ്തതിന് ശേഷമാണ് ഞാൻ മിസ് സൗത്ത് ഇന്ത്യാ പേഗന്റ്സിൽ പങ്കെടുത്തത്. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ നിൽക്കാനും നടക്കാനും സംസാരിക്കാനുമൊക്കെ നമ്മളെ ഗ്രൂം ചെയ്യുമെന്ന് അറിയാമായിരുന്നു. അങ്ങനെ ഒരു ഗ്രൂമിംഗ് കിട്ടാൻ വേണ്ടിയാണ് ഞാൻ പേഗന്റ്സിൽ പങ്കെടുത്തത്. പല കാര്യങ്ങളും അവിടെ നിന്ന് പഠിക്കാൻ പറ്റി. ക്യാറ്റ്വാക്ക് പഠിക്കണമെങ്കിൽ പോലും അവിടെ ഗ്രൂമിംഗ് ഉണ്ട്. പപ്പയ്ക്കും മമ്മിക്കും ഞാൻ ഒറ്റ മോളാണ്. അതുകൊണ്ട് എന്നെ എവിടെയെങ്കിലും ഒറ്റയ്ക്ക് വിടുമ്പോൾ അവർക്ക് ടെൻഷനാണ്. സിനിമയായാലും മോഡലിംഗായാലും നമ്മുടെ തീരുമാനങ്ങളായിരിക്കും നമ്മളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതെന്റെ അനുഭവമാണ്. ആ മേഖലയിൽ മോശമായ കാര്യങ്ങളില്ലെന്ന് പറയുന്നില്ല. എല്ലാ മേഖലകളും പോലെ മോശം കാര്യങ്ങൾ ഇവിടെയുമുണ്ട്. പപ്പയ്ക്കും മമ്മിക്കും എന്നെ വിശ്വാസമുണ്ട്. എന്റേതായ മോറൽസ് ഞാൻ കാത്തുസൂക്ഷിക്കുന്നുമുണ്ട്. എന്നെന്നും ആ ധാർമ്മിക മൂല്യം കാത്തുസൂക്ഷിക്കുന്നതുകൊണ്ട് ഏത് ഫീൽഡിൽ പോയാലും എങ്ങനെ നിൽക്കണമെന്ന് എനിക്കറിയാം. മോഡൽസ് എന്നു പറയുമ്പോൾ തന്നെ ചിലരുടെ മനസിൽ നെഗറ്റീവ് ഇമേജ് വരും. പത്തുപേരിൽ രണ്ട് പേർ ചീത്തയായാൽ ബാക്കി എട്ടുപേരെയും ബാധിക്കും. ആ രണ്ട് പേരിൽ പെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ ആവണോ വേണ്ടയോയെന്നുള്ളത് നമ്മുടെ പേഴ്സണൽ ചോയ്സാണ്.

സിനിമയിലെത്തിയത് ഇങ്ങനെ
മോഡലിംഗ് സിനിമയിലേക്കുള്ള വഴി തുറന്നു. മാക്‌സോ എന്ന മോഡലിംഗ് ഏജൻസിയുടെ ഹെഡ് ആയ ഹുവൈസ് വഴിയാണ് ഡാർവിന്റെ പരിണാമം എന്ന സിനിമയിലേക്ക് അവസരം വരുന്നത്. മൂവി കാമറയ്ക്ക് മുന്നിലുള്ള എന്റെ ആദ്യത്തെ എക്സ്പീരിയൻസ് അതായിരുന്നു. എന്റെ പപ്പ റെജി ജോസഫ് ബിസിനസ്മാനാണ്. മമ്മി ആലീസ് സി. മാത്യു വീട്ടമ്മയും. പപ്പയ്ക്കും മമ്മിക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് രക്ഷാധികാരി ബൈജു കാണാൻ പോയത്. ശരിക്കും മോഡേണായ ഞാൻ നാടനായി മാറിയത് ചിലർക്കൊന്നും അത്ര ഇഷ്ടമായില്ല. മറ്റു ചിലർ ഞാനാണെന്ന് മനസിലായില്ലെന്ന് പറഞ്ഞു. എന്നെ സ്‌ക്രീനിൽ കണ്ടപ്പോൾ ശരിക്കും ചമ്മലായിരുന്നു. വീട്ടിൽ കുട്ടിക്കളിയുമായിട്ട് നടക്കുന്ന ഞാനല്ലേ സിനിമയിൽ ഒരു പെൺകുട്ടിയുടെ അമ്മയായഭിനയിച്ചത്.

അവസരങ്ങൾ വരുന്നുണ്ട്
മലയാളത്തിൽ നിന്നും അന്യഭാഷാ സിനിമകളിൽനിന്നും കുറേ ഓഫറുകൾ വരുന്നുണ്ട്. ചിലതൊക്കെ കഥ കേട്ട് വേണ്ടെന്ന് വച്ചു. കഥയോ കഥാപാത്രമോ നമ്മളെ എക്‌സൈറ്റ് ചെയ്താലേ ഒരു സിനിമ തിരഞ്ഞെടുക്കുന്നതിൽ കാര്യമുള്ളൂ. പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന അവർ മോശം പറയാത്ത സിനിമകൾ ചെയ്യണമെന്നാണ് മോഹം. റിയലിസ്റ്റിക്കായ സിനിമകളോടാണ് കൂടുതൽ താത്പര്യം. അന്യഭാഷാ സിനിമകളിൽ അഭിനയിക്കുമ്പോൾ ഗ്ലാമറസാകേണ്ടി വരില്ലേയെന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ഫാമിലി വളരെ ഓർത്തഡോക്സാണ്. ഏത് ഭാഷയിലുള്ള സിനിമയായാലും കോസ്റ്റ്യൂമിന്റെ കാര്യത്തിലും രംഗങ്ങളുടെ കാര്യത്തിലും എനിക്കൊരു കംഫർട്ട് സോണുണ്ട്. ആ കംഫർട്ട് സോണിനുള്ളിൽ നിൽക്കുന്ന ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ പ്രശ്നമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.