ഈ ഓണ ക്കാലം സന്തോഷത്തിന്റേത്
September 3, 2017, 8:52 am
അഞ്ജലി വിമൽ
ഇരുപത്തൊന്ന് വയസും പത്ത് ദിവസോം പ്രായമുള്ള നല്ല സുന്ദരൻ ചെക്കൻ. പക്ഷേ, ആള് ഒരു ഭർത്താവാണ്. സച്ചിൻ ടെൻഡുൽക്കർ, അഭിഷേക് ബച്ചൻ, ധനുഷ് ഇവരും മൂന്നുമാണ് പുള്ളിക്കാരന്റെ റോൾ മോഡൽസ്. എന്തുകൊണ്ടെന്നല്ലേ, ഉത്തരം സിംപിൾ.. മൂന്നു പേരും പ്രായത്തിൽ മുതിർന്നവരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.. അത്ര തന്നെ. പറഞ്ഞു വരുന്നത് തീയേറ്ററിൽ നിറച്ചിരി വിടർത്തുന്ന ബോബിയെയും അതിലെ നായകൻ നിരഞ്ജിനെയും കുറിച്ചാണ്. എന്നാൽ, പ്രണയത്തിന് കണ്ണും മൂക്കും ഉണ്ടോ എന്ന് നായകനോട് ചോദിച്ചാൽ പൊട്ടിച്ചിരിയാണ് ഉത്തരം. ഒപ്പം സിനിമ കണ്ടതിന്റെ സന്തോഷവും താരം പങ്കു വയ്ക്കുന്നു.

''ഈ ഓണം വളരെ സ്‌പെഷ്യലാണ് എനിക്ക്. നായകനായ ആദ്യ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിത്തരുന്നുണ്ട്. ഒരുപക്ഷേ ഓണത്തിനായിരുന്നു റിലീസെങ്കിൽ ഇത്രയും സന്തോഷം കിട്ടുമോ എന്നറിയില്ല. ഓണം മുഴുവൻ ടെൻഷനടിച്ച് തീർന്നേനേ. ഇതിപ്പോ എന്തായാലും ഓണം അടിച്ചു പൊളിക്കാൻ സാധിക്കും. ചിത്രത്തിന്റെ വിജയം നല്ല സന്തോഷം തരുന്നുണ്ട്. ബോബി വളരെ കുഞ്ഞു സിനിമയാണ്. പ്രതീക്ഷിച്ചതിനേക്കാൾ അംഗീകാരം ലഭിക്കുന്നുണ്ട്. ഇരുപത്തിയൊന്ന് വയസുള്ള ചെക്കൻ ഏഴു വയസ് മുതിർന്ന പെണ്ണിനെ പ്രണയിക്കുന്നു. അതാണ് കഥ. പ്രായവ്യത്യാസം കൊണ്ട് സംഭവിക്കുന്ന കുറേ കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമ. വലിയ ബുദ്ധിയൊന്നും ഉപയോഗിച്ച് കാണേണ്ട സിനിമയല്ല. വലിയ വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാത്ത ലളിതമായ ഒരു സിനിമ. രണ്ടു മണിക്കൂർ നന്നായി എൻജോയ് ചെയ്യാൻ കഴിയും.''

സിനിമയിലെ നായകനെ പോലെ നിരഞ്ജും ആള് വളരെ കൂളാണ്. സംസാരത്തിനിടയിലെല്ലാം കുറേ ചിരിപ്പടക്കങ്ങൾ പൊട്ടിച്ചു. അച്ഛന്റെ പാരമ്പര്യം മകനിലും നിറഞ്ഞു നിൽക്കുന്നുവെന്ന് പുള്ളിക്കാരൻ തെളിയിച്ചു. മലയാളികളുടെ പ്രിയപ്പെട്ട നടൻ മണിയൻ പിള്ള രാജുവിന്റെ മകനാണ് നിരഞ്ജ്.

''ചിത്രത്തിന്റെ കഥ ആദ്യം കേട്ടത് അച്ഛനാണ്. കഥ കേട്ടപ്പോൾ അച്ഛനിഷ്ടായി, എനിക്ക് ചെയ്യാൻ കഴിയുന്ന സിനിമയാണ് ഒന്നു കേട്ടു നോക്കൂ എന്നും പറഞ്ഞു. ഞാനന്ന് മാസ്റ്റേഴ്സ് ചെയ്യുന്ന സമയമാണ്. ആദ്യം ഞാൻ ചെയ്യണമെന്ന് വിചാരിച്ചില്ല. പഠനം കഴിയട്ടേയെന്നായിരുന്നു പ്ലാൻ. പക്ഷേ അവർക്ക് എന്നെ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോ ഞാൻ കഥ കേൾക്കാൻ തയ്യാറായി.

ചിത്രത്തിന്റെ കഥ അല്പം വ്യത്യസ്തമായിരുന്നു. സമൂഹം കണ്ട് ശീലമില്ലാത്ത രീതിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം കുറഞ്ഞ ആണും പ്രായം കൂടിയ പെണ്ണും വിവാഹം കഴിക്കുന്നു. ഇത് ഉൾക്കൊള്ളാൻ തയ്യാറാകാത്ത സമൂഹത്തെ തുറന്നു കാട്ടിയിട്ടുണ്ട്. റിയൽ ലൈഫിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായാൽ സമൂഹം എങ്ങനെ പ്രതികരിക്കുമോ അത് തന്നെയാണ് ചിത്രവും ചർച്ച ചെയ്യുന്നത്.

വലിയ പ്രിപ്പറേഷൻ ഒന്നും ഇല്ലാതെയാണ് അഭിനയിച്ചത്. എന്റെ പ്രായത്തേക്കാൾ ചെറിയ പ്രായത്തിലുള്ള കാഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടത്. അതുകൊണ്ട് തടി കുറയ്ക്കാനായി കുറച്ചു നാൾ ഡയറ്റിംഗ് നടത്തി. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.''

നിരഞ്ജിന്റെ രണ്ടാമത്തെ ചിത്രമാണ് ബോബി. ആദ്യം വന്നത് അച്ഛൻ നിർമ്മിച്ച 'ബ്ലാക്ക് ബട്ടർഫ്‌ളൈ'യിലൂടെയാണ്. അതും നെഗറ്റീവ് വേഷത്തിൽ. വേഷമേതായാലും പ്രശ്നമില്ലെന്നാണ് നിരഞ്ജിന്റെ കാഴ്ചപ്പാട്. അഭിനയത്തോട് മാത്രമാണ് തന്റെ പ്രണയമെന്ന് തുറന്നു പറയുന്നു.

''സിനിമയാണ് എന്റെയിഷ്ടം. അഭിനയ സാധ്യതയുള്ള ഏതു വേഷം കിട്ടിയാലും ഞാൻ ചെയ്യും. നായകൻ മാത്രം അടങ്ങുന്നതല്ലല്ലോ സിനിമ. വില്ലനും സഹതാരവും ഹാസ്യതാരവും ഒക്കെ ചിത്രത്തിന് വേണ്ടതാണ്. അതുകൊണ്ട് എനിക്ക് ഇന്ന വേഷം കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്ന് പറയില്ല. വ്യത്യസ്തമായ വേഷങ്ങൾ തേടി വരുന്നതിലാണ് സന്തോഷം. ആദ്യ ചിത്രം വില്ലനായിരുന്നെങ്കിലും എന്റെ രണ്ടാമത്തെ ചിത്രം നായകനായിട്ടാണ്. അന്ന് വില്ലനായപ്പോൾ നല്ല വേഷം തേടി വരില്ലേ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് ആ വേഷം ഇഷ്ടമായി. അതിലെ വില്ലനും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു. ഇനിയും വ്യത്യസ്തമായ വേഷങ്ങൾ തേടിവരണമെന്നാണ് ആഗ്രഹം.''

ആദ്യ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാമത്തെ ചിത്രമെന്ന് നിരഞ്ജ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് പറയുമ്പോൾ നിരഞ്ജ് കൂടുതൽ വാചാലനാകും. അത്രത്തോളം എന്റർടെയ്ൻ ചെയ്തതു കൊണ്ടാണ് സിനിമയിലും നന്നായി അഭിനയിക്കാൻ കഴിഞ്ഞതെന്നും പറയുന്നു.

'' ഷിബു ചേട്ടൻ ( സംവിധായകൻ ) വളരെ ഫ്രണ്ട്ലിയായിരുന്നു. സിനിമ ആണെന്ന് കരുതേണ്ടെന്ന് ആദ്യമേ പറഞ്ഞു. നിനക്ക് തോന്നുന്നത് നീ ചെയ്‌തോ എന്നായിരുന്നു പുള്ളിയുടെ പോളിസി. ഏതൊക്കെ ഷോട്ട് ഏതൊക്കെ ആംഗിളിൽ എടുക്കണമെന്ന് പുള്ളിക്കാരന് നന്നായി അറിയാം. വേണ്ട ഷോട്ട് മാത്രേ നമ്മളെ കൊണ്ട് എടുപ്പിക്കൂ. അതു നമുക്ക് വളരെ നല്ലതാണ്. ഫ്രീയായിട്ട് ലൊക്കേഷനിൽ നിൽക്കാൻ കഴിയും. ലൊക്കേഷൻ ആകെ രസമായിരുന്നു. മിയയായിരുന്നു നായിക. ആള് വളരെ സപ്പോർട്ടീവാണ്. തെന്നിന്ത്യയിലാകെ അഭിനയിച്ച പരിചയം മിയയ്ക്കുണ്ട്. പക്ഷേ ജാഡകളൊന്നുമില്ലാതെയാണ് പെരുമാറിയത്. പാവാടയുടെ ലൊക്കേഷനിൽ വച്ചിട്ടാണ് ഞങ്ങൾ പരസ്പരം പരിചയപ്പെടുന്നത്. അച്ഛനാണ് ആ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആളിനെ പരിചയമുള്ളതുകൊണ്ട് അഭിനയിക്കാൻ കാമറയ്ക്ക് മുന്നിൽ നിന്നപ്പോഴും വലിയ പ്രശ്നമൊന്നും തോന്നിയില്ല. വളരെ ഫ്രണ്ട്ലിയാണ്. ലൊക്കേഷൻ നല്ല ജോളിയായിരുന്നു. സ്‌ട്രെസും ടെൻഷനും ഒന്നും വലുതായി അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ അധിക ദിവസങ്ങളില്ലായിരുന്നു. തൃശൂരും എറണാകുളവുമായിരുന്നു ലൊക്കേഷൻ. അഭിനയിച്ചപ്പോഴും ഡബ്ബിംഗിനിടയിലും സ്പീഡായിരുന്നു എനിക്ക്. അത് കുറച്ചു കുറയ്ക്കാൻ മിയയാണ് പറഞ്ഞത്. പതിയെ പതിയെ ആണെങ്കിലും ഞാനത് കൺട്രോൾ ചെയ്‌തെടുത്തു.''

സിനിമാ പ്രണയം തുടങ്ങിയത് ഏതു പ്രായത്തിൽ ആണെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും എട്ടാം ക്ലാസ് മുതൽ സിനിമയിലേക്ക് എത്തണമെന്ന് തീരുമാനിച്ചയാളാണ് നിരഞ്ജ്. പക്ഷേ, അന്ന് പഠിക്കാനായിരുന്നു അച്ഛൻ പറഞ്ഞത്. പഠിച്ചു കഴിഞ്ഞിട്ട് ആ ഇഷ്ടം പിന്നെയും ഉണ്ടെങ്കിൽ അഭിനയിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതും അച്ഛൻ തന്നെ.

ഒടുവിൽ അച്ഛൻ തന്നെ നിരഞ്ജിനോട് പറഞ്ഞു, നല്ലൊരു കഥയുണ്ട്, നിനക്ക് താത്പര്യമുണ്ടെങ്കിൽ ചെയ്‌തോളൂവെന്ന്. '' പലരും ചോദിക്കാറുണ്ട്, അച്ഛൻ നല്ല നടനായതുകൊണ്ട് വിമർശനങ്ങളൊക്കെ കേൾക്കേണ്ടി വരില്ലേ എന്ന്. ഞാൻ ഒരു തുടക്കക്കാരനാണ്. ആകെ രണ്ടു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച പരിചയമേയുള്ളൂ. പരമാവധി ഞാൻ എന്റെ ബെസ്റ്റ് പുറത്തേക്കു കൊണ്ടു വരാൻ ശ്രമിക്കും എന്ന ഉറപ്പ് നൽകാൻ എനിക്ക് കഴിയും. അതല്ലാതെ അച്ഛന്റെ അഭിനയത്തിന്റെ അടുത്തെത്താൻ എനിക്ക് കഴിയുമോയെന്നൊന്നും അറിയില്ല. അച്ഛനെയും എന്നെയും വച്ച് താരതമ്യം ചെയ്യരുതേ എന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാ അർത്ഥത്തിലും ഞാനൊരു തുടക്കക്കാരൻ മാത്രമാണ്.

അച്ഛന്റെ സിനിമകളൊക്കെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഈ അച്ഛൻ ഇതെങ്ങനെയൊണ് ഇത്രയും നന്നായി ചെയ്തിരിക്കുന്നതെന്ന്. ബോയിംഗ് ബോയിംഗ്, മിന്നാരം, ചിത്രം ഒക്കെ അച്ഛൻ അഭിനയിച്ച പ്രിയപ്പെട്ട സിനിമകളാണ്. സിനിമാനടന്റെ മകനായതു കൊണ്ട് പ്രത്യേക പരിഗണനയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സാദാ കുട്ടികളെ പോലെ തന്നെയാണ് ഞങ്ങളും വളർന്നത്. സെലിബ്രിറ്റി കുടുംബം എന്ന ഇമേജ് എങ്ങും ഉപയോഗിക്കാറില്ല. അതൊക്കെ അച്ഛന് നിർബന്ധമുള്ള കാര്യമാണ്. പിന്നെ, വഴക്കു പറയുന്നതു കൂടുതലും അമ്മയാണ്. ഡ്രൈവിംഗ് സീറ്റിൽ കയറിയാൽ മാത്രേ പ്രശ്നമുള്ളൂ. ഞാൻ സ്പീഡ് കൂട്ടുമ്പോൾ അച്ഛന് ഇഷ്ടമാകില്ല. അതിന്റെ പേരിൽ മാത്രമാണ് ഞങ്ങൾ തമ്മിൽ ആകെ അഭിപ്രായ വ്യത്യാസം വരിക.

വീട്ടിൽ അധികം ചിട്ടയൊന്നുമില്ല. കോമഡിയൊക്കെ വീട്ടിലുമുണ്ട്. വളരെ കൂളായിട്ടുള്ള ഒരു ഫാമിലിയാണ് ഞങ്ങളുടേത്. അച്ഛന്റെ കോമഡിയൊക്കെ കണ്ട് വളർന്നതുകൊണ്ടാകും എന്റെയും വഴി അതു തന്നെയാണ്. സ്‌കൂളിൽ പഠിക്കുന്ന സമയത്തേ ഞാൻ മിമിക്രിയും കോമഡിയുമായിട്ടൊക്കെ നടക്കും. സ്‌കൂളിൽ നിന്ന് എപ്പോഴും പരാതിയൊക്കെ വീട്ടിൽ വരുമായിരുന്നു. ക്ലാസിനിടയിൽ മിമിക്രി കാണിക്കലുംകോമഡി പറച്ചിലുമൊക്കെയായിരുന്നു എന്റെ പ്രധാന ഹോബി. അതിന്റെ പേരിൽ എന്നും സ്‌കൂളിൽ പ്രശ്നമായിരുന്നു (പൊട്ടിച്ചിരിക്കുന്നു). പിന്നെ, സ്റ്റേജ് കണ്ടാൽ ഞാൻ അവിടെയുണ്ടാകും. പഠിത്തത്തേക്കാൾ ഞാനിഷ്ടപ്പെട്ടത് കലയായിരുന്നു. എന്നു കരുതി പഠിക്കാതിരുന്നിട്ടില്ല. ഇംഗ്ലണ്ടിൽ നിന്ന് ഇന്റർനാഷണൽ മാർക്കിറ്റിംഗിൽ പി. ജി കഴിഞ്ഞു.

സിനിമ കണ്ട് വളർന്നൊരാൾ ആയതുകൊണ്ട് കാമറ കാണുമ്പോൾ ടെൻഷൻ ഇല്ലെന്നു കരുതരുത്. നല്ലതു പോലെ ടെൻഷൻ അടിച്ചിട്ടുണ്ട്. ബ്ലാക്ക് ബട്ടർഫ്‌ളൈസിൽ വില്ലനായിട്ട് എത്തിയപ്പോഴുണ്ടായ അതേ ടെൻഷൻ ഇപ്പോഴുമുണ്ട്. കാമറയെ ഫേസ് ചെയ്യുമ്പോൾ ടെൻഷൻ നല്ലതു പോലെ വരും. അച്ഛൻ സിനിമയിലായതു കൊണ്ടാണോ എന്റെ വരവ് എളുപ്പമായതെന്നൊന്നും ചോദിക്കല്ലേ. അച്ഛൻ സിനിമയിലായതു കൊണ്ട് അഭിനയിക്കാൻ വരുന്നതല്ല, മനസിൽ സിനിമയെ പ്രണയിക്കുന്നതു കൊണ്ടാണ് ഞാനെത്തിയത്. പിന്നെ നമ്മുടെ തലയിൽ എഴുതിയിട്ടുണ്ടേൽ നമ്മൾ വരിക തന്നെ ചെയ്യും. സിനിമാക്കാരുടെ മക്കൾ മാത്രമല്ല ആഗ്രഹമുള്ള എല്ലാരും വരണമെന്നാണ് എന്റെ ആഗ്രഹം.'' നിരഞ്ജ് പറഞ്ഞു നിറുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.