'വെളിപാടിന്റെ പുസ്തകം' തുറക്കുന്പോൾ
August 31, 2017, 5:27 pm
രൂപശ്രീ ഐ.വി
ലാൽജോസ്-മോഹൻലാൻ കൂട്ടുകെട്ടിലെ ആദ്യ ചിത്രം - വെളിപാടിന്റെ പുസ്തകത്തെ പ്രേക്ഷകർ വരവേറ്റിരിക്കുന്നത് ഈ ടാഗ്‌ലൈനോടെയാണ്. അഭിനയത്തികവും മാസ്റ്റർ ക്രാഫ്‌റ്റും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് രണ്ടര മണിക്കൂർ കണ്ടിരിക്കാനുള്ള ദൃശ്യാനുഭവം തരുന്നുണ്ട് വെളിപാടിന്റെ പുസ്തകം. വെളിപാടിന്റെ വെളിച്ചം കൊണ്ട് പുത്തൻ തലങ്ങളെ തൊടാനൊന്നും ചിത്രം ശ്രമിക്കുന്നില്ലെങ്കിലും പുതിയ കഥാപരിസരങ്ങളെ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ലാലും ലാലും ചേർന്നപ്പോൾ
ലാൽജോസും മോഹൻലാലും ചേരുമ്പോഴുള്ള ക്രാഫ്‌റ്റിനായായി കാത്തിരുന്ന പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ചിത്രമായി വെളിപാടിന്റെ പുസ്തകം. ഗൗരവമേറിയ ഒരു കഥയെ പുതിയ പരിസരങ്ങളിൽ ഭംഗിയായി അവതരിപ്പിക്കാൻ സംവിധായകനും അഭിനേതാക്കളും ശ്രമിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മൈക്കിൾ ഇടിക്കുള മുന്നോട്ട് നയിക്കുന്ന കഥയിൽ വിശ്വനാഥൻ (അനൂപ് മേനോൻ), മേരി (അന്ന രാജൻ), പ്രേംരാജ് (സലീം കുമാർ), ഫ്രാങ്ക്ളിൻ (ശരത്), കാക്ക രമേഷ് (ചെമ്പൻ വിനോദ്) എന്നീ പ്രധാനകഥാപാത്രങ്ങൾ കൂടിയെത്തുമ്പോൾ വമ്പൻ താരനിരയാണ് വെളിപാടിന്റെ പുസ്തകത്തിൽ അണിനിരക്കുന്നത്. തീരദേശത്തെ പാവപ്പെട്ട വിദ്യാ‌ർത്ഥികൾക്കു വേണ്ടിയുള്ള കോളേജിലെ വൈസ് പ്രിൻസിപ്പലായി മൈക്കിൾ ഇടിക്കുള എത്തുകയും കോളേജിനൊരു ഹോസ്റ്റൽ പണിയാനായി വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരു സിനിമ നിർമ്മിക്കുന്നതുമാണ് ഒറ്റവരിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ കഥ. എന്നാൽ സിനിമയ്ക്കുളളിലെ സിനിമയാണ് പ്രേക്ഷകനെ തൊടുന്ന കഥ. പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാനായി കോളേജ് നിർമ്മിക്കാൻ മുൻകൈയെടുത്ത വിശ്വനാഥൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കാമറ തിരിക്കുമ്പോഴാണ് വെളിപാടിന്റെ പുസ്തകം തുറക്കുന്നത്.

ഭിനയത്തിന്റെ രണ്ട് തലമുറ
കാമ്പസ് ജീവിതത്തിന്റെ നിറങ്ങൾ ഏറെക്കുറെ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതോടൊപ്പം തീരപ്രദേശത്തെ സാധാരണക്കാരന്റെ ജീവിതത്തെയും മാറ്റ് കുറയാതെ അവതരിപ്പിച്ചിട്ടുണ്ട്. കാമ്പസ് ജീവിതത്തേക്കാൾ കടലിന്റെ പശ്ചാത്തലത്തിൽ മാറ്റിനിറുത്തപ്പെടുന്ന ഒരു ജനതയുടെ കഷ്ടപ്പാടും അവർക്കും വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുമാണ് അടിസ്ഥാനപരമായി ചിത്രം പറയുന്നത്.

ഹീറോയിസത്തിൽ തിരക്കഥയുടെ മാറ്റ് മങ്ങിയോ?
മോഹൻലാൽ എന്ന അഭിനേതാവിന്റെ സൂപ്പർ സ്റ്റാർ പരിവേഷം അദ്ദേഹത്തിന്റെ മൈക്കിൾ ഇടിക്കുളയിലേക്ക് കൂടി കടന്നുവന്നപ്പോൾ ഹീറോയിസം ഒരു പൊടിക്ക് അതിരുവിടുന്നുണ്ട്. മാറിയ മലയാള സിനിമാ പരിസരത്തിൽ നിന്ന് വിട്ട് നായകന് ദിവ്യവെളിച്ചം നൽകാൻ ശ്രമിച്ചത് പലയിടത്തും കൈവിട്ടുപോയി. ഇതോടൊപ്പം തിരക്കഥയുടെയും സംഭാഷണത്തിന്റെയും പിൻബലം കുറഞ്ഞപ്പോൾ പ്രേക്ഷകനെ വെറുതെ ഇരുത്തുന്നതിനപ്പുറം പിടിച്ചിരിത്താനുള്ള കൗശലം സിനിമയ്ക്കുണ്ടായില്ലെന്നുവേണം പറയാൻ. കല്യാണ രാമൻ, കുഞ്ഞിക്കൂനൻ തുടങ്ങിയ ചിത്രങ്ങൾ തന്ന പ്രതീക്ഷ, ബെന്നി പി. നായരമ്പലത്തിന്റെ ഈ തിരക്കഥയിൽ ഇല്ല. പലയിടങ്ങളിലും കഥയുടെ സ്വാഭാവികതയിലേക്ക് കടക്കാൻ കഴിയാതെ പോയിട്ടുണ്ട്.

ഫൈറ്റ് സോംഗ് കോംബോ
കമേഷ്യൽ ചിത്രങ്ങളുടെ അവശ്യ കോമ്പിനേഷനായ സംഗീതവും സംഘട്ടനവും വെളിപാടിന്റെ പുസ്തകത്തിൽ ആവശ്യത്തിന്  ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഘട്ടനരംഗങ്ങളുടെ ത്രില്ലിൽ മലയാള സിനിമ കണ്ടിരുന്ന പ്രേക്ഷകർക്ക് മാഫിയ ശശിയുടെ നേതൃത്വത്തിൽ തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഫൈറ്റ് സീനുകൾക്ക് ക്ഷാമമുണ്ടാവില്ല.  സംഘട്ടനത്തിൽ തുടങ്ങി സംഘട്ടനത്തിൽ അവസാനിക്കുന്ന ചിത്രത്തിൽ ഇതേഅളവിൽ തന്നെ സംഗീതം കൂടി ചേർക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.  വയലാർ ശരത് ചന്ദ്രവർ‌മ്മ,​ റഫീക്ക് അഹമ്മദ്,​ അനിൽ പനച്ചൂരാൻ,​ സന്തോഷ് വർമ്മ,​ മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാന്റെ ഈണം കൈവന്നപ്പോൾ സുഖമുള്ള ദൃശ്യാനുഭവം നൽകുന്നുണ്ട് വെളിപാടിന്റെ പുസ്തകം.

സമീർ, പ്രിയങ്കാ നായർ, സിദ്ദീഖ്, സംവിധായകൻ കൂടിയായ ജൂഡ് ആന്റണി ജോസഫ്, ശിവജി ഗുരുവായൂർ, അലൻസിയർ, വിജയ്ബാബു തുടങ്ങിയവരെല്ലാം പ്രാധാന്യമുള്ള വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

പാക്കപ്പ് പീസ്: വെളിപാടുകളില്ല, വെളിപ്പെടുത്തലുകൾ മാത്രം
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ