വീണ്ടും ചില ഓണക്കാര്യങ്ങൾ
September 3, 2017, 7:18 pm
പി. അയ്യപ്പദാസ്
ഓണക്കാലം ഗൃഹാതുരമായ ചില ഓർമകളുടെ കാലം കൂടിയാണല്ലോ, എങ്ങും മലയാളനാടിന്റെ തനിമയും സംസ്‌കാരവുമൊക്കെ നിറയുന്ന കാഴ്ചകൾ, മുണ്ടുടുത്ത ചുള്ളൻ ചെക്കന്മാർ, മുല്ലപ്പൂ മണമുള്ള തനിനാടൻ മങ്കമാർ, പൂക്കാലവും പൂക്കളങ്ങളും, ഓണസദ്യയും കാർഷികസമൃദ്ധിയും പിന്നെ കുടവയറൻ മാവേലിയും പുലികളിയും തുടങ്ങി നൂറായിരം കാഴ്ചകൾ. ഇതിനിടയിലെ ചില രസകരമായ കാഴ്ചകളുണ്ട്. ഉള്ളിൽ കൗതുകവും ഓർക്കുമ്പോൾ ഓർമകളുടെ തീരത്ത് നൊമ്പരവും പകർത്തുന്ന ചില ഓണാനുഭവങ്ങൾ.

' ഓണമെന്നൊക്കെ പറഞ്ഞാൽ പണ്ടല്ലേ ഓണം' എന്നു പറയുന്ന കൊച്ചാട്ടന്മാരുടെ നാട്ടുമുക്കിലെ കൊച്ചുവർത്തമാനത്തിൽ ഇത്തിരികാര്യമൊക്കെയുണ്ട്. എന്നാലും ന്യൂജെൻമാരും ഓണാഘോഷത്തിൽ ഒട്ടും മോശമല്ല. അവരുടെ ഓണത്തിമർപ്പ് നാട്ടിൻമ്പുറത്തെ നാട്ടുവഴികളിൽ നിന്നൊക്കെ മാറി കലാലയങ്ങളിലായി. മുണ്ടുടുക്കാനറിയാത്തവനും ഒന്നു മുണ്ടുടുക്കും. അരയിലൊരു ബെൽറ്റും കെട്ടി നെറ്റിയിലൊരു ചന്ദനക്കുറിയും ചൂടിയാൽ 'കട്ടകലിപ്പ് ലുക്കല്ലേ ചങ്കേ' എന്നു കണ്ണാടി നോക്കി അവൻതന്നെ പറയും. സുന്ദരിമാരുടെ കാര്യമാണ് അച്ചാ കോമഡി. അതിരാവിലെ ഉണർന്ന് സാരി ചുറ്റൽ ചടങ്ങ് ആരംഭിക്കും. ഒന്നുകിൽ അമ്മ, അല്ലെങ്കിൽ അടുത്ത വീട്ടിൽ അമണ്ടായി സാരി ഉടുക്കുന്ന ചേച്ചി, ആരെങ്കിലും ഒന്നുകൂടെ ചടങ്ങിന് കളർ പകരാൻ കൂടും. സാരിതുമ്പൊന്നു പിടിച്ചിട്ട് തലയിലൊരുമുഴം പൂവും ചൂടി നെറ്റിയിൽ കുറി അണിഞ്ഞ് മുക്കുത്തി മൂക്കിൽ തട്ടി കണ്ണാടിയിലോട്ടു നോക്കി നിൽക്കുമ്പോൾ അവൾക്കു തന്നെ നാണം വരും.

സാരി ചുറ്റിയിൽ മലയാളി പെണ്ണിന് ഇത്തിരിയല്ല, ഒത്തിരിചന്തമാണേ...ലോകത്തെ മിക്ക കാമുകന്മാർക്കും തന്റെ കാമുകിയെ സാരിചുറ്റി കാണാൻ കിട്ടുന്ന അസുലഭ നിമിഷംകൂടിയാണ് ഓണക്കാലം. അതവർ എല്ലാകാലത്തും മതിതീരുവോളം ആസ്വദിക്കുകയും ചെയ്യും. പുതിയകാലത്ത്് സെൽഫി എടുത്തവർ സൂക്ഷിക്കുന്നു എന്നു മാത്രം. പ്രണയത്തിന്റെ പൂക്കാലംകൂടിയാണല്ലോ ഓണക്കാലം.
ഓണത്തിനെ ശപിച്ചുകൊണ്ടു തുടങ്ങുകയും എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ആസ്വദിക്കുകയും ചെയ്യുന്നത് ഒരു പക്ഷെ നമ്മുടെ അമ്മമാരായിരിക്കും. 'ഒരോണം വന്നേക്കുന്നു, ഒരായിരം പണി കിടക്കുവാന്നും' പറഞ്ഞ് പൂമുഖം മുതൽ തൊടി വരെ അവർ ചെത്തി മിനുക്കും. അടുക്കളയിൽ അന്നത്തിന്റെ മണം പടർത്തും, മുറികളിൽ രാജകീയഭാവം പകർത്തും. ഓണം ഒരുക്കി ഉണ്ടാസ്വദിക്കാൻ കഴിയുന്ന ആ അമ്മ മനസൊന്നു നടുനിവർത്തി കിടക്കുമ്പോൾ ഹൃദയത്തിൽ തെളിയുന്നത് ഒരായിരം പൂവിളികളും പൂപ്പാട്ടുകളുമായിരിക്കും. കാരണം അമ്മയ്ക്ക് എല്ലാവരും മക്കളാണല്ലോ.

ഓണത്തിന് കുറേ മണമുണ്ട്. അടുക്കളയിൽ പരിപ്പിന്റെയും പപ്പടത്തിന്റെയും പെണ്ണിന്റെ മുറിയിൽ മുല്ലപ്പൂവിന്റെ, തൊടിയിൽ ഒരായിരം പൂക്കളുടെ, മുറ്റത്ത് അത്തപ്പൂവിൽ നിറഞ്ഞ പൂക്കളുടെ, കിടപ്പുമുറിയിൽ പുതുവസ്ത്രങ്ങളുടെ, അമ്മയേയും അച്ഛനേയും സ്‌നേഹത്തിന്റെ... അങ്ങനെ അങ്ങനെ ആലോചിച്ചാൽ നൂറായിരം മണങ്ങൾ.

ഓണത്തിന്റെ സുഖം ശരിക്കും കുഞ്ഞു മനസുകൾക്കാണ്. ആർപ്പോ വിളിക്കുന്നത് ഇപ്പോഴും അവർ മാത്രമല്ലേ, ഓടി ചാടി, ഇളകി കുത്തി മറിഞ്ഞ്, തെന്നിവീണ്.... അവരെ തേടി പുതുരുചികളും കാഴ്ചകളും എത്തും. പുതിയ കൂട്ടുകാരെ കിട്ടും, പുതിയ വഴികൾ കാണും, പുതിയ നന്മകൾ അറിയും... എല്ലാം കഴിഞ്ഞെന്നു തോന്നുമ്പോൾ അവർ പൊട്ടിക്കരയും.

പിന്നെ ഓണത്തിന് പുലിവേഷം കെട്ടാൻ കാത്തു നിന്നവരും മാവേലിയാവാൻ മീശ പിരിച്ചു ഞെളിഞ്ഞു നടന്നവരും വടംവലിക്കാൻ കയറു വാങ്ങിക്കാൻ കിട്ടിയ കാശുമായി മുങ്ങിയവരും നാട്ടിലൊരു നാടകം കളിച്ച് സ്റ്റാറാകാൻ കാത്തിരുന്നവരുമൊക്കെ എവിടെപോയോ എന്തോ. എന്തായാലും ഓണം നമുക്കെന്നും പൊന്നോണമല്ലേ.... പുതുതലമുറയെ കുറ്റം പറഞ്ഞിങ്ങനെ നേരം കളയാതെ നമുക്ക് ഓണമാഘോഷിക്കാം. കാരണം ഓണം മാറിയിട്ടില്ലല്ലോ, മാറിയത് നമ്മളെല്ലാവരും അല്ലേ, മാറിയത് നമ്മളെല്ലാവരും അല്ലേ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.