ദിലീപ് ജയിലിലായത് പാലിയം സത്യാഗ്രഹത്തിൽ പട നയിച്ചതിനല്ലെന്ന് ദീപാ നിശാന്ത്
September 5, 2017, 8:49 pm
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാനെത്തിയ സിനിമാ പ്രവർത്തകർക്ക് നേരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ദീപാ നിശാന്ത് രംഗത്തെത്തി. ദിലീപിനെ കുറ്റവാളിയെന്ന് വിധിച്ചിട്ടില്ലെന്നത് ശരി തന്നെ. എന്നാൽ പാലിയം സത്യാഗ്രഹത്തിന് പട നയിച്ചതിനല്ല പാവം ദിലീപിനെ വിലങ്ങു വച്ചതെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദിലീപിന് ഓണക്കോടിയുമായി എത്തിയ നടന്മാരിൽ എത്രപേർ നടിയുടെ വീട്ടിലെത്തി? മാവേലിയൊഴിച്ച് മറ്റാരും ചെന്നത് മലയാളി അറിഞ്ഞിട്ടില്ല. അവിടെയാണ് ജയിൽ സന്ദർശനങ്ങൾ വേദനയാകുന്നതെന്ന്. ദിലീപിന് ഗണേഷ് കുമാർ എം.എൽ.എ പിന്തുണ പ്രഖ്യാപിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പവിത്രത ഇല്ലാതാവുന്നുണ്ട്. ദിലീപ് നിരപരാധിയെന്ന് ഉറപ്പുണ്ടെങ്കിൽ സഭയ്‌ക്കുള്ളിൽ ശൂന്യവേളയിൽ എങ്കിലും ഗണേശ് അത് തുറന്നു പറയണമായിരുന്നു. സ്വന്തം പോലീസിനെ കഴിവുകെട്ടവരെന്ന് വിളിച്ചു പറയുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ജയിൽ സന്ദർശനമെന്നും അവർ കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ശരിയാണ്. ദിലീപ് കുറ്റവാളിയെന്ന് കോടതി ഇനിയും വിധിച്ചിട്ടില്ല. എന്നാൽ പാലിയം സത്യാഗ്രഹത്തിന് പട നയിച്ചതിനല്ല പാവം ദിലീപിനെ വിലങ്ങു വച്ചത്. സാക്ഷരകേരളത്തിന് ഇനിയും ഞെട്ടൽ മാറാത്ത ചില സംശയങ്ങൾ ഉള്ളതിനാലാണ്. ചില സംശയങ്ങളാകട്ടെ കൂടുതൽ ദൃഢമാവുകയുമാണ്. നിറ കൊണ്ട ഒരു പാതിരാവിൽ കണ്ണീരിന്റെ പുഴയുമായി ലാലിന്റെ വീട്ടിലേക്ക് കടന്നു ചെന്ന ഒരു പെൺകുട്ടിയുണ്ട്. ഒറ്റ രാത്രി കൊണ്ട് പേരു നഷ്ടമായ പെൺകുട്ടി. നമ്മളിൽ ഒരാളാണ് അവൾ. ഇവരുടെയൊക്കെ സഹപ്രവർത്തകയാണ് അവൾ.

എറണാകുളത്ത് പിന്നാലെയെത്തിയ സായാഹ്നത്തിൽ മലയാളത്തിന്റെ ചലച്ചിത്രപ്രതിഭകളുടെ കണ്ണീരും വിതുമ്പലും തേങ്ങലുകളും നാം കണ്ടു. അവൾക്ക് നീതി വേണമെന്ന് അവർ പറഞ്ഞു. അവൾക്ക് നീതി കിട്ടിയോ? അവൾക്ക് ഓണസമ്മാനവുമായി എത്ര നടന്മാർ ചെന്നു? മാവേലിയൊഴിച്ച് മറ്റാരും ചെന്നത് മലയാളി അറിഞ്ഞിട്ടില്ല. അവിടെയാണ് ജയിൽ സന്ദർശനങ്ങൾ വേദനയാകുന്നത്. സിനിമയിൽ വന്നകാലത്തെ പോലെ നിസ്സഹായനായല്ല ഇന്ന് ദിലീപ്. നിയമസഹായം നിഷേധിക്കപ്പെട്ട ഇരയല്ല ദിലീപ്. മുന്തിയ അഭിഭാഷകരെ മുന്നിൽ നിർത്തി വാദിക്കാൻ കെൽപുണ്ട് ദിലീപിന്. സിംഹാസനങ്ങളിൽ തുരുമ്പ് കണ്ടെന്നിരിക്കാം. പക്ഷേ നീതിദേവതയോട് കാര്യം പറയാൻ ദിലീപിന് ഫാൻസ് അസോസിയേഷനിലെ ഏതംഗത്തേക്കാളും ശേഷിയുണ്ട്.

ഇനി ഗണേഷ് കുമാർ എം.എൽ.എയുടെ കാര്യമെടുക്കാം. ദിലീപിന് ഗണേഷ് പിന്തുണ പ്രഖ്യാപിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പവിത്രത ഇല്ലാതാവുന്നുണ്ട്. ദിലീപ് നിരപരാധിയെന്ന് ഉറപ്പുണ്ടെങ്കിൽ സഭയ്ക്കുള്ളിൽ ശൂന്യവേളയിൽ എങ്കിലും ഗണേശ് അത് തുറന്നു പറയണമായിരുന്നു. സ്വന്തം പോലീസിനെ കഴിവുകെട്ടവരെന്ന് വിളിച്ചു പറയുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ജയിൽ സന്ദർശനം.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ