വെടിയുണ്ടകളാൽ ചെറുത്തുനില്പുകളെ തോല്പിക്കാനാവില്ല: ജോയ് മാത്യു
September 6, 2017, 3:29 pm
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സ്വേഛാധിപത്യത്തെ എതിർക്കുന്നവരെ വെടിയുണ്ടകളാൽ തോല്പിക്കാനാവില്ലെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. എന്തു തകർക്കണമെന്ന് ആഗ്രഹമുള്ള കാണ്ടാമൃഗങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാണ്ടാമൃഗങ്ങൾ അങ്ങിനെയാണ്. അവർ ആദ്യം പുസ്തകങ്ങൾ നിരോധിക്കും. പിന്നെ അവ അക്ഷരങ്ങളെ കുളമ്പുകൊണ്ട് ചവിട്ടിയരക്കും. എന്നിട്ടും മതിയായില്ലെങ്കിൽ വായനശാലകളും വിദ്യാലയങ്ങളും എന്തിന് സർവകലാശാകൾ വരെ തീയിട്ട് ചാമ്പലാക്കും. അതിനും മുമ്പേ അഗ്നിയിൽ നിന്നും ചിന്തകൾ പൂക്കളായി, പിന്നെ പൂന്തോട്ടമായി മനുഷ്യരുടെ മനസിലും മണ്ണിലും നിറഞ്ഞ് കഴിഞ്ഞത് പൂക്കളുടെ സുഗന്ധത്തേക്കാൾ ചോരയുടെ നാറ്റം മാത്രം ഇഷ്ടപ്പെടുന്ന കാണ്ടാമൃഗങ്ങൾക്കറിയില്ലല്ലോ. അതിനാൽ ഇനി അവർക്ക് ആകെ ചെയ്യാനുള്ളത് പൂക്കളുടെ ഉറവിടം വെടിയുണ്ടയാൽ തകർക്കുക എന്നതാണ്. എന്നാൽ അവറ്റകൾക്കറിയില്ലല്ലോ ഒരു വെടിയുണ്ടയ്ക്കും തോല്പിപ്പിക്കാനാവത്തതാണ് സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനില്പുകളെന്ന്, ഒറ്റയാൾ പോരാട്ടങ്ങളെന്ന്. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തിനെ രക്തത്തിൽ മുക്കിക്കൊല്ലുന്ന എല്ലാ കാണ്ടാമൃഗങ്ങളും തുലയട്ടെ. കാണ്ടാമൃഗങളുടെ ഒടുവിലത്തെ ഇര ഗൗരി ലങ്കേഷിന് അഭിവാദ്യങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ