Thursday, 21 September 2017 8.48 AM IST
വേഗക്കറുപ്പ്
September 10, 2017, 10:25 am
സനിൽ പി.തോമസ്
വേഗമേറിയ അത്ലറ്റിനെ കണ്ടെത്തുന്ന 100 മീറ്റർ ഓട്ടത്തിൽ ചരിത്രത്തിലെ മികച്ച മൂന്നു പ്രകടനങ്ങൾ. അതിലൊന്ന് ഇന്നും തകരാത്ത ലോക റെക്കാഡ് (9.58 സെ) 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സ് മുതൽ അത്ലറ്റിക് ലോകം ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ താരത്തിലേക്ക് ചുരുങ്ങുകയായിരുന്നു. ട്രാക്കിൽ കറുപ്പിന്റെ അഴകും വേഗവും സമന്വയിപ്പിച്ച ഇതിഹാസം.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാളിതുവരെ പുരുഷവിഭാഗം 100 മീറ്ററിൽ വിജയിച്ചതു കറുത്ത താരങ്ങൾ മാത്രം. 2011ൽ കൊറിയയിലെ ദേഗുവിൽ ഫോൾസ് സ്റ്റാർട്ടിൻ ഉസൈൻ ബോൾട്ട് 100 മീറ്റർ ഫൈനലിൽ അയോഗ്യനാക്കപ്പെട്ടപ്പോൾ സുവർണക്കുതിപ്പു നടത്തിയത് ജമൈക്കയുടെ തന്നെ യോഹാൻ ബ്ലേക്ക് . ഒടുവിൽ (ആഗസ്റ്റിൽ) ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആരാധകരെയെല്ലാം നിരാശരാക്കി ബോൾട്ട് 100 മീറ്ററിൽ മൂന്നാമനായപ്പോൾ സ്വർണമണിഞ്ഞത് അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ. ബോൾട്ട് യുഗം അവസാനിക്കുമ്പോൾ ഗാറ്റ്ലിന് പ്രായം അതിരുതീർക്കുമ്പോൾ വേഗത്തിന്റെ പുതിയ കറുത്ത രാജാവാകാൻ ഒരുങ്ങി നിൽക്കുന്നത് ലണ്ടനിൽ വെള്ളി നേടിയ, അമേരിക്കൻ താരം, ഇരുപത്തൊന്നുകാരൻ ക്രിസ്റ്റ്യൻ കാൾമാൻ. കറുപ്പിന്റെ വേഗം തുടർക്കഥയാവുകയാണ്.

ഹെൽസിങ്കിയിൽ, 1983ൽ പ്രഥമ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വേഗ രാജാവ്, അമേരിക്കയുടെ കാൾ ലൂയിസ് ആയിരുന്നു. 87ൽ റോമിൽ ബെൻ ജോൺസൺ, 91ൽ വീണ്ടും കാൾ ലൂയിസ്. മൗറിസ് ഗ്രീൻ മൂന്നുതവണ ചാമ്പ്യനായി. ഡൊണോവൻ ബെയ്ലി, ടൈസൻ ഗേ, ജസ്റ്റിൻ ഗാറ്റ്ലിൻ തുടങ്ങി കറുപ്പിന്റെ സർവാധിപത്യം. ഗ്രീനിനെപ്പോലെ മൂന്നുതവണ ബോൾട്ടും ലോകചാമ്പ്യൻ. ഉത്തേജനത്തിന് ഒരിക്കലോ അതിലധികമോ തവണ പിടിക്കപ്പെട്ടവരുടെ ഒരു സംഘത്തെ പിന്തള്ളി ബോൾട്ട് 2015ൽ ബെയ്ജിംഗിൽ വിജയിച്ചപ്പോൾ 'തിന്മയ്‌ക്കെതിരെ നന്മ'യുടെ വിജയമായി കായികലോകം കൊട്ടിഘോഷിച്ചു. പിന്നെ അസഫ പവൽ, ലിറോയ് ബുറെൽ തുടങ്ങി രാജ്യാന്തര മീറ്റുകളിൽ 100 മീറ്റർ ജയിച്ചവർ എത്രയോ.

തുടക്കത്തിൽ മദാമ്മമാർ
വനിതാവിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പിന്റെ തുടക്കത്തിലെല്ലാം വേഗത്തിന്റെ രാജ്ഞിമാർ മദാമ്മമാരായിരുന്നു. 83ൽ മർലിസ് ഗോഹറും 87ൽ സിൽക്കെ ഗ്ലാഡിഷും (ഇരുവരും കിഴക്കൻ ജർമ്മനി) 91ൽ കാതറിൻ ക്രാബേയും (ജർമ്മനി) 100 മീറ്റർ വിജയികളായി. പിന്നീട് 2001ൽ ഷാനാ ബ്ലോക്ക് (ഉക്രൈൻ) മാത്രമാണ് വേഗത്തിന്റെ ലോക ചാമ്പ്യനായ വെള്ളക്കാരി.

സ്റ്റുട്ട്ഗർട്ടിൽ, 93ൽ ഗെയ്ൽ ഡിവേഴ്സ് ആണ് ലോക വേദിയിലെ വെള്ളക്കാരുടെ കുതിപ്പ് ആദ്യമായി തകർത്തത്. പിന്നീട് ഉത്തേജകത്തിൽ കുടുങ്ങിയെങ്കിലും മരിയൻ ജോൺസിന്റെ ഊഴമായിരുന്നു അടുത്തത്. ഗ്വെൻ ടോറൻസ്, ഷെല്ലി ആൻ ഫ്രേസർ, കാർമലീറ്റാ ജെറ്റർ തുടങ്ങി ടോറി ബോവിയിൽ എത്തിനിൽക്കുന്ന കറുത്ത വനിതകളുടെ അതിവേഗത്തിന്റെ കഥകൾ. തുടർച്ചയായ വിജയങ്ങളിലൂടെ ഷെല്ലി ആൻ ഫ്രേസർ വനിതകളിലെ ഉസൈൻ ബോൾട്ട് ആയി.

കറുത്ത സഹായസേന
കറുത്ത വർഗക്കാരെയും യഹൂദരെയും തരം താഴ്ത്തില്ല എന്ന് ഉറപ്പുവാങ്ങിയാണ് അമേരിക്കൻ സംഘം 1936ൽ ബെർലിൻ ഒളിമ്പിക്സിനു തിരിച്ചത്. 10 നീഗ്രോ അത്ലറ്റുകൾ യു.എസ്, സംഘത്തിൽ ഉണ്ടായിരുന്നു. 'കറുത്ത സഹായസേന' എന്നാണ് ഇവരെ ഒരു ജർമ്മൻ പത്രം വിശേഷിപ്പിച്ചത്. നീഗ്രോ താരങ്ങളിൽ പ്രധാനി ജെയിംസ് ക്രിവ്ലൻഡ് ഓവൻസ് എന്ന ജെസി ഓവൻസ് തന്നെ. തലേവർഷം കേവലം 45 മിനിട്ടിൽ ആറുതവണ ലോകറെക്കാഡ് തകർക്കുകയോ ഒപ്പമെത്തുകയോ ചെയ്ത ഓവൻസ് ബെർലിനിൽ 100, 200 മീറ്ററുകളും ലോങ് ജംപും വിജയിച്ചു. 4x00 മീറ്റർ റിലേയിലൂടെ നാലാമതൊരു സ്വർണവും നേടി.

നിറഞ്ഞ ഗാലറികൾ ജെസി ഓവൻസിനെ പ്രോത്സാഹിപ്പിച്ചപ്പോഴും അഡോൾഫ് ഹിറ്റ്ലർക്ക് കറുത്തവന്റെ വിജയം സഹിക്കാൻ കഴിഞ്ഞില്ല. ബെർലിൻ ഗെയിംസിലെ സൂപ്പർ താരത്തെ അനുമോദിക്കാൻ വിസമ്മതിച്ച ഹിറ്റ്ലർ വേദിവിട്ടു പോയി. ആര്യവർഗ മേധാവിയെ നടുക്കി ജെസി ഓവൻസ് വേഗത്തിന്റെ രാജാവായപ്പോൾ ഒളിമ്പിക് സ്പ്രിന്റിൽ മാറ്റത്തിന്റെ ശംഖനാദം മുഴങ്ങുകയായിരുന്നു.

1896ൽ ഏഥൻസിൽ പ്രഥമ ആധുനിക ഒളിമ്പിക്സിലെ വേഗമേറിയ ഓട്ടക്കാരൻ അമേരിക്കയുടെ തോമസ് ബുർക്ക് ആയിരുന്നു. വെള്ളക്കാരൻ. പിന്നെ അമേരിക്കയുടെ ഫ്രാങ്ക് ജാർവിസും ആർക്കി ഹാനും വിജയിച്ചു. 1908ൽ ദക്ഷിണാഫ്രിക്കയുടെ റെജിനാൾഡ് വാക്കറും 12ലും 20ലും (1916ൽ ഒളിമ്പിക്സ് നടന്നില്ല) യഥാക്രമം അമേരിക്കയുടെ റാൽഫ് ക്രെയ്ഗും ചാർലി പഡോക്കും വേഗമേറിയ താരങ്ങളായി. 24ൽ ബ്രിട്ടന്റെ ഹാരോൾഡ് എബ്രഹാംസും 28ൽ കാനഡയുടെ പേഴ്സി വില്യംസും സ്വർണം നേടി. ലോസാഞ്ചലസിൽ, 1932ൽ ആതിഥേയരുടെ എഡീ ടോലൻ അമേരിക്കയുടെ തന്നെ റാൽഫ് മെറ്റ്കാഫിനെ അട്ടിമറിച്ചപ്പോൾ കറുത്തവർഗക്കാരൻ നടാടെ ഒളിമ്പിക്സ് 100 മീറ്റർ ചാമ്പ്യനായി. ടോലനും റാൽഫും ഒരേ സമയം ആണു കുറിച്ചത്. റാൽഫ് ജയിച്ചിരുന്നെങ്കിലും കഥ മാറില്ലായിരുന്നു. കറുത്തവരുടെ ശബ്ദമായി റാൽഫ് പിന്നീട് അമേരിക്കൻ രാഷ്ട്രീയത്തിൽ തിളങ്ങി.

പക്ഷേ, ഹിറ്റ്ലറുടെ ആര്യമേധാവിത്വത്തെ വെല്ലുവിളിക്കാനായതാണു ജെസി ഓവൻസിനു കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട്, 1948ൽ ലണ്ടനിൽ അമേരിക്കയുടെ ഹാരിസൺ ഡില്ലാർഡ് 100 മീറ്ററിൽ സ്വർണം നേടി കറുത്തവരുടെ അതിവേഗത്തിന് അടിവരയിട്ടു. ഇതോടെ തുടരെ മൂന്നു ഒളിമ്പിക്സിൽ വേഗത്തിന്റെ തമ്പുരാക്കന്മാർ കറുത്തവരായി. ഹെൽസിങ്കിയിൽ, 1952ൽ അമേരിക്കയുടെ ലിൻഡി റെമിജിനോയും 56ൽ ബോബി മോറോയും 60ൽ ജർമ്മനിയുടെ അർമിൻ ഹാരിയും ഒളിമ്പിക്സ് സ്വർണം നേടിയപ്പോൾ വെള്ളക്കാരുടെ വേഗമികവ് തിരിച്ചെത്തുകയായിരുന്നു. എന്നാൽ 64ലും 68ലും കറുത്തവർ കൊടിനാട്ടി. യഥാക്രമം ബോബ് ഹെയ്സും ജിം ഹൈൻസും (ഇരുവരും യു.എസ്) ചാമ്പ്യൻമാരായി.

സോവിയറ്റ് യൂണിയന്റെ വലേരി ബോർസോവിലൂടെ 1972ൽ വീണ്ടും വെളുപ്പിന്റെ കുതിപ്പു കണ്ടു. 76ൽ ട്രിനിഡാഡിന്റെ ഹാസ്ലി ക്രോഫോർഡ് കറുപ്പിന്റെ വിജയം ആഘോഷിച്ചു. 1980ൽ മോസ്‌കോയിൽ ബ്രിട്ടന്റെ അലൻ വെൽസ് വേഗമേറിയ താരമായി. പക്ഷേ, യു.എസ് ബഹിഷ്‌കരണം മൂലം മികച്ച നീഗ്രോ അത്ലറ്റുകൾ മത്സരരംഗത്ത് ഇല്ലായിരുന്നു. ജെസി ഓവൻസിന്റെ പ്രകടനം ആവർത്തിച്ച്, അതേ ഇനങ്ങളിലായി നാലു സ്വർണം നേടിയാണ് 1984ൽ ലോസാഞ്ചലസിൽ കാൾ ലൂയിസ് ചരിത്രമെഴുതിയത്. ഇവിടെ 100 മീറ്ററിൽ കാളിനു പിന്നിൽ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ട ബെൻ ജോൺസണിന്റെ കുതിപ്പാണു പിന്നീട് ട്രാക്കിൽ കണ്ടത്. കാനഡയുടെ 'ബിഗ് ബെൻ'ട്രാക്കിൽ മിന്നൽപിണറായി. ഒടുവിൽ, 88ൽ സോൾ ഒളിമ്പിക്സിൽ ഉത്തേജകത്തിൽ കുടുങ്ങി സുവർണപ്പതക്കം മടക്കിനൽകി ബെൻ തലകുനിച്ചു മടങ്ങിയപ്പോൾ തലയുയർത്തി ഒന്നാം സ്ഥാനത്തേക്ക് കടന്നുകയറിയത് കാൾ ലൂയിസും, പിന്നെ ലിൻഫോർഡ് ക്രിസ്റ്റിയും (ബ്രിട്ടൻ), ഡൊണോവൻ ബെയ്ലിയും (കാനഡ), മൗറിസ് ഗ്രീനും (യു.എസ്), ജസ്റ്റിൻ ഗാറ്റ്ലിനും (യു.എസ്) വേഗത്തിന്റെ തിളങ്ങുന്ന കറുത്ത അടയാളമിട്ടു. 2008ൽ ബെയ്ജിംഗിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്റെ ശരവേഗത്തിനു 'പക്ഷിക്കൂട് ' സ്റ്റേഡിയം സാക്ഷിയായി. ലണ്ടനിലും റിയോയിലും ബോൾട്ടിന്റെ അതിവേഗം ചോദ്യം ചെയ്യപ്പെടാതെ നിന്നു.

വനിതകൾ
ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ അരങ്ങേറിയത് 1928ൽ ആംസ്റ്റർഡാമിലാണ്. അമേരിക്കയുടെ വെള്ളക്കാരി ബെറ്റി റോബിൻസൻ ലോക റെക്കോർഡോടെ സ്വർണം നേടി, 32ൽ സ്റ്റാനിസ്ലാവ് വലേസ്യൂവികാസും (പോളണ്ട്) 36ൽ ഹെലൻ സ്റ്റീഫൻസും (യു.എസ്) 48ൽ നെതർലൻഡ്സിന്റെ വീട്ടമ്മ ഫാനി ബ്ലാങ്കേഴ്സ്സ്‌കോയിനും 52 ൽ ആസ്‌ട്രേലിയയുടെ മർജോറി ജോക്ക്സ്സനും 56ൽ ബെറ്റി കുത് ബർട്ടും വേഗമേറിയ ഓട്ടക്കാരികൾ ആയപ്പോൾ കറുപ്പിന്റെ വേഗക്കാർ ചുവടുവച്ചു തുടങ്ങുന്നേയുണ്ടായിരുന്നുള്ളു. പിന്നെ, തുടരെ മൂന്ന് ഒളിമ്പിക്സിൽ കണ്ടത് കുറുപ്പിന്റെ അഴകും വേഗവുമാണ്. ശാരീരിക വൈകല്യങ്ങളോടു പൊരുതി ജീവിതത്തിന്റെ ട്രാക്കിൽ ചുവടുറപ്പിച്ച അമേരിക്കൽ താരം സാക്ഷാൽ വിൽമ റുഡോൽഫ് റോമിൽ അതിവേഗത്തിന്റെ റാണിയായി. ലോകം നമിച്ച വിജയം. തുടർന്നു വ്യോമിയ ട്യൂസ്സ് (യു.എസ്.) 100 മീറ്റിൽ തുടരെ രണ്ട് ഒളിമ്പിക്സിൽ സ്വർമണിഞ്ഞു.

അടുത്ത മൂന്ന് ഒളിമ്പിക്സിലും വെള്ളക്കാരികളുടെ കുതിപ്പു പ്രകടമായി. യഥാക്രമം റെനറ്റെ െ്രസ്രച്ചർ (കിഴക്കൻ ജർമനി) ആൻഗ്രറ്റ് റിക്ടറും (പശ്ചിമ ജർമനി) ലൂക്സിമിലാ കോൺട്രാറ്റിയേവയും (സോവിയറ്റ് യൂണിയൻ) സ്വർണം നേടി. പിന്നെ 2004 ൽ ഏഥൻസിൽ ബെലിറസ്സിന്റെ യൂലിയ നത്സ്സിയറേങ്ക മാത്രമാണു വേഗമേറിയ ഓട്ടക്കാരിയായ വെള്ളക്കാരി.

ലോസാഞ്ചലസിൽ ഈവ്ലിൻ ആഷ്‌ഫോർഡ് ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടിയെങ്കിലും അമേരിക്കയുടെ തന്നെ ഫ്‌ളോറൻസ് ഗ്രിഫിത് ജോയ്നറാണ് കറുപ്പിന്റെ വേഗവും സൗന്ദര്യവുമായി ലോകം കീഴടക്കിയത്. നീട്ടിവളർത്തിയ കൈനഖങ്ങളും അവയിലെ വർണവിസ്മയവും വേഷങ്ങളുടെ ചാരുതയുമെല്ലാമായി ഫ്‌ളോ ജോ ഹൃദയം കീഴടക്കി. സോൾ ഒളിമ്പിക്സിൽ ഈവ്ലിൻ അഷ്‌ഫോർ ഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്‌ളോ ജോ കാഴ്ചവച്ച കുതിപ്പ് ഒളിമ്പിക്സിലെ വനിതാ അത്ലറ്റിക് ചരിത്രത്തിലെതന്നെ ശ്രദ്ധേയ വിജയമായി. കേവലം 48 സ്‌ട്രൈഡുകളിൽ ഫ്‌ളോ ജോ 100 മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനക്കാരി മൂന്നു മീറ്റർ പിന്നിലായിരുന്നു. ഒട്ടേറെ സംശയങ്ങൾ ബാക്കിവച്ച് 38ാം വയസിൽ ഫ്‌ളോ ജോ പറന്നകന്നെങ്കിലും അവരുടെ 100 മീറ്ററിലെ ലോക റെക്കാഡ് (10.49സെ) അചഞ്ചലമായി നിൽക്കുന്നു.

ബാർസിലോനയിലും അറ്റ്ലാന്റയിലും ഗെയ്ൽ ഡെവേഴ്സ്സും (യുഎസ്) ബെയ്ജിംഗിലും ലണ്ടനിലും ഷെല്ലി ആൻ ഫ്രേസ്സറും (ജമൈക്ക) ശരവേഗത്തിന്റെ കറുത്തു പ്രതിനിധികളായി സിഡ്നിയിൽ ഒന്നാമതെത്തിയ മരിയൻ ജോൺസ് ഉത്തേജകത്തിനു പിടിക്കപ്പെട്ടു മെഡൽ മടക്കി നൽകിയെങ്കിലും രണ്ടാം സ്ഥാനക്കാരി, വെള്ളക്കാരി യാതെറീനാ തനോവയ്ക്കു സ്വർണം നൽകിയില്ല. കാരണം അവരും മുൻപ് ഉത്തേജകത്തിനു പിടിക്കപ്പട്ടിട്ടുണ്ട്. റിയോയിൽ എലനാ തോംസന്റെ ഉജ്ജ്വല വിജയം കണ്ടു. ജൈത്രയാത്ര തുടരാൻ അമേരിക്കയിലും ജമൈക്കയിലും കറുപ്പിന്റെ കരുത്തും വേഗവുമായി പുതിയ താരനിര ചുവടുവയ്ക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.