സ്വ പ്നനേട്ടം
September 10, 2017, 9:30 am
മനോജ് വിജയരാജ്
മലയാള സിനിമയെ ഗാഢമായി പ്രണയിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർക്കിടയിലെ തിളക്കമുള്ള പേരാണ് ശ്യാം പുഷ്‌കരന്റേത്. വിജയ കഥകളുമായി ശ്യാം മുന്നേറുമ്പോൾ പ്രേക്ഷകർ കൈയടിയോടെയാണ് ഓരോ ചിത്രവും നെഞ്ചേറ്റുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം കൂടി സ്വന്തം പേരിനൊപ്പം ചേർത്തതോടെ 'ശ്യാം പുഷ്‌കരൻ' മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള പേരായി മാറി. പുതിയ ചിത്രം തൊണ്ടിമുതലും ദൃക് സാക്ഷിയും വിജയം ആവർത്തിക്കുമ്പോഴും ഇന്നും മഹേഷിന്റെ പ്രതികാരം തന്നെയാണ് തന്റെ ശക്തിയെന്ന് ശ്യാം പറയുന്നു.

''ആലപ്പുഴയിലെ തുറവൂരാണ് എന്റെ നാട്. അവിടെ കണ്ടു വളർന്ന്, പരിചയപ്പെട്ട, അനുഭവിച്ചറിഞ്ഞ കുറേ ജീവിതങ്ങളെയാണ് ചിത്രത്തിൽ കൊണ്ടു വന്നത്. മഹേഷിന്റെ പ്രതികാരത്തിൽ കണ്ട എല്ലാ കഥാപാത്രങ്ങളും എന്റെ ജീവിത പരിസരത്ത് കണ്ടവരാണ്. മഹേഷ് എന്റെ പാത്ര സൃഷ്ടിയാണ്. ഞാൻ അടുത്തറിഞ്ഞ ഒരുപാട് ആളുകളുടെ സ്വാധീനം അയാളിലുണ്ട്. അച്ഛന്റെ സുഹൃത്ത് ഒരു തമ്പാൻ ചേട്ടനുണ്ട്. അദ്ദേഹത്തിന്റെ വാശി മഹേഷിന് കൊടുത്തു. ചുറ്റും പരിചിതമായ പലരുടെയും ഛായകൾക്കൊപ്പം ഭാവന കൂടി തുന്നിച്ചേർത്തതാണ് മഹേഷും അയാളുടെ അച്ഛനും. തമ്പാൻ ചേട്ടന്റെ ചാരായ ഷാപ്പിലാണ് ഞാനും തമ്പാൻ ചേട്ടന്റെ മകൻ വിഷ്ണുവും കളിച്ചു വളർന്നത്. അവിടത്തെ രാഷ്ട്രീയം കേട്ടാണ് വളർന്നത്. ഷാപ്പിൽനിന്ന് മുട്ടയും കപ്പയും കഴിച്ച നാളുകൾ. വൈകുന്നേരങ്ങളിൽ ആളുകളുടെ ഒത്തുച്ചേരലുകൾ.അവർ സംസാരിക്കുന്ന വിഷയങ്ങൾ എനിക്ക് അറിയാമായിരുന്നു. ബേബിച്ചേട്ടനും വിൻസന്റ് ഭാവനയും എഴുതുമ്പോൾ എന്റെ സഹവാസങ്ങളും അനുഭവങ്ങളും അവരിലേക്ക് വേഗം എത്താൻ സാധിച്ചതിന് പിന്നിൽ ഇത്തരം ഇടപെടലുകളാണ്.

മഹേഷിന്റെ പ്രതികാരം തമ്പാൻ ചേട്ടന്റെ പ്രതികാരമായിരുന്നു. എന്നാൽ തമ്പാൻ ചേട്ടനെപോലെയല്ല മഹേഷ്. സിനിമ എത്തും മുൻപേ തമ്പാൻ ചേട്ടൻ പോയി. ജീവിച്ചിരുന്നെങ്കിൽ തുറവൂർ മുഴുവൻ എന്റെ ഫ്ളക്സ് വയ്ക്കുമായിരുന്നു. ചേട്ടന്റെ ചെരുപ്പിന്റെ കഥയാണ് അടുത്ത സിനിമ എന്ന് പറഞ്ഞിരുന്നു. അതൊരു ബോറിംഗ് കഥയാണെന്ന് അപ്പോൾ ചേട്ടൻ പറഞ്ഞു. രണ്ടുമൂന്ന് കഥകൾ തരാമെന്നും വേണ്ടപ്പോൾ പറയണമെന്നും ഓർമപ്പെടുത്തി. മൂന്നു വർഷം ചെരുപ്പ് ധരിക്കാതെ തല്ലിയ ആളിനെ തിരിച്ചു തല്ലാൻ കാത്തിരുന്ന തമ്പാൻ ചേട്ടൻ. ഒടുവിൽ അയാൾക്ക് നല്ല പണി തന്നെ കൊടുത്തു. ഫിലിം പ്രോസസിംഗ് ആദ്യമായി ഞാൻ കാണുന്നത് തുറവൂരിലെ ഭാവന സ്റ്റുഡിയോയിൽ വച്ചാണ്. സിനിമയിലേക്ക് അടുപ്പിച്ചത് ഈ കാഴ്ചകളായിരുന്നു. കലയുടെ ഇടത്താവളമാണ് ഭാവന സ്റ്റുഡിയോ. ''

ആ നാളുകൾ
പ്ലസ്ടു പഠന കാലത്താണ് കഥയുടെ കുത്തിക്കുറിപ്പ് ആരംഭിച്ചത്. പിന്നെ മംഗലാപുരം ഫാഷൻ ടെക് നോളജിയിലെ പഠനം. അതിനു മുമ്പേ സിനിമാ മോഹം ചിറകു വച്ചു. മലയാളത്തിലെ മുൻനിര സംവിധായകരുടെ വീടുകളിൽ സ്വപ്നവുമായി എത്തുന്നു. എന്നാൽ എല്ലാവരും ചോദിച്ചത് കഥ. ഇവിടെ വേണ്ടത് കഥയാണെന്ന് തിരിച്ചറിഞ്ഞു. ആഷിഖ് അബുവിനൊപ്പം പരസ്യചിത്രത്തിൽ സഹ സംവിധായകനായി. ശേഷം സുഹൃത്ത് ദിലീഷ് നായരോടൊപ്പം സാൾട്ട് ആൻഡ് പെപ്പർ എഴുതുന്നു. കഥയെഴുത്തുകാരുടെ അഭാവം തിരിച്ചറിഞ്ഞാണ് എഴുത്ത് തുടങ്ങുന്നത്. കഥയെഴുത്തിൽ പ്രതിഭാ ദാരിദ്ര്യമുണ്ട്. അറിയാവുന്നവർ പേടിച്ചിരിക്കുകയും അറിയാൻ പാടില്ലാത്തവർ രംഗം കീഴടക്കുകയും ചെയ്യുന്നു. കഴിവുള്ളവർ ധൈര്യമായി രംഗത്ത് വരണം.

ചുറ്റിലുമുണ്ട് പിന്തുണ
അച്ഛന് ചെമ്മീൻ കയറ്റുമതി ബിസിനസായിരുന്നു. കാഥികൻ സാംബശിവന്റെ കടുത്ത ആരാധകനാണ് അച്ഛൻ. ഒരുകഥ പലവിധത്തിൽ പറയുന്ന സാംബശിവൻ. സാംബശിവന്റെയും വി.ഡി. രാജപ്പന്റെയും കഥപറച്ചിൽ എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അഞ്ച് വയസുമുതൽ ഞാനും സാംബശിവന്റെ ആരാധകനായി. കുട്ടിക്കാലത്ത് അമ്മയാണ് കഥ പറഞ്ഞുതന്നത്. തപാൽവകുപ്പിൽ ഹെഡ് പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. പുറത്തുപോയി വരുമ്പോൾ നേരെ അടുക്കളയിൽ കയറി അടച്ചുവച്ച പാത്രം തുറന്നുനോക്കുന്ന ജിംസിയുടെ സ്വഭാവം ഞാൻ കണ്ടത് എന്റെ വീട്ടിൽത്തന്നെയായിരുന്നു. ചേച്ചി രശ്മി. ഇവരൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ ഭാര്യയുടെ പേരാണ് ജിംസി. എന്റെ ഭാര്യ ഉണ്ണിമായ ആർക്കിടെ്ര്രകാണ്. ഒപ്പം അസിസ്റ്റന്റ് ഡയറക്ടറും അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമാണ്. അഭിനയത്തോടാണ് പ്രതിപത്തി. മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ചു. പലമേഖലകളിലും ഒരേസമയം പ്രവർത്തിക്കുന്ന ആളുകളുടെ പങ്കാളിത്തം നമ്മോടൊപ്പം ഉള്ളപ്പോൾ കാര്യങ്ങൾ സുഗമമാകുന്നു.

പ്രതീക്ഷയുടെ നാളുകൾ
അടുത്ത സിനിമ കൂട്ടെഴുത്താണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്. കൂട്ടെഴുത്ത് നല്ലതാണ്. പല ആളുകളുടെ പലതരം ചിന്തകൾ ഗുണകരമാണ് . തിരക്കഥ എത്രപേർ ചേർന്നെഴുതിയെന്ന് പ്രേഷകർ അന്വേഷിക്കാറില്ല. സിനിമ നൂറു ദിവസം ഓടണം.എന്നും അതിനു വേണ്ടിയേ ശ്രമിച്ചുള്ളൂ. ഇനിയും അങ്ങനെ തന്നെ. ഇപ്പോൾ ലഭിക്കുന്നതെല്ലാം ബോണസാണ്. ദിലീഷ് പോത്തനൊപ്പം സിനിമാ നിർമ്മാണം ഉണ്ടാകും. മോഹൻലാൽ എന്ന നടനെ പൂർണമായും ഉപയോഗപ്പെടുത്തിയുള്ള സിനിമകൾ പ്രതീക്ഷിക്കാം. ഞാൻ സംവിധാനം ചെയ്താൽ നന്നാകുമെന്ന് തോന്നുന്ന കഥ വന്നിട്ടുണ്ട്. അടുത്തവർഷം ഉണ്ടാകും. ഒരു സൂപ്പർതാരത്തെ പ്രതീക്ഷിക്കാം. കഥയും കഥാപാത്രങ്ങളും തുറവൂരിൽ നിന്ന്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.