ഇടവേളയ്ക്ക് ശേഷം വീണ്ടും അഹാന
September 10, 2017, 9:29 am
അഞ്ജലി വിമൽ
ഓണാഘോഷങ്ങൾ അഹാനയുടെ വീട്ടിൽ ഇപ്പോഴും തീർന്നിട്ടില്ല. ഇത്തവണ ഇരട്ടി സന്തോഷമാണ്. ഓണത്തിന് എല്ലാരും ഒരുമിച്ചുള്ളത് മാത്രമല്ല ആ സന്തോഷം. അഹാനയുടെ ഓണച്ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' മികച്ച പ്രേക്ഷാകാഭിപ്രായവും നേടി മുന്നേറുക കൂടിയാണ്. ചേച്ചി സ്റ്റാറായതിന്റെ സന്തോഷം അനിയത്തിമാരുടെ മുഖത്തും പ്രകടം. മൂന്നു പേരും അഹാനയ്ക്ക് ചുറ്റും വട്ടമിട്ടു. പിന്നെ ചിരിയുടെയും തമാശകളുടെയും മത്താപ്പൂ പൊട്ടിക്കലായി.

'' ഇവിടെ ആഘോഷം ഇപ്പോഴൊന്നും തീരില്ല. സിനിമ നല്ല പ്രതികരണം കൂടിയാണല്ലോ തരുന്നത്. അതിന്റെ സന്തോഷം കൂടിയുണ്ട്. ആദ്യ ഷോ ഞാൻ കണ്ടു. എന്നാലും വീണ്ടും ഒരിക്കൽ കൂടി കാണണം. പിന്നെ ബാക്കി ചിത്രങ്ങളുമൊക്കെയുണ്ടല്ലോ. ഇവരെയും കൂട്ടി പോയി അതും കാണണം.'' അഹാനയുടെ മുഖത്ത് കുറച്ച് ഗൗരവം വിടർന്നു. പക്ഷേ അങ്ങനെയിപ്പോ വലിയ ജാഡ വേണ്ടന്ന രീതിയിൽ അനിയത്തിപ്പട്ടാളം പിന്നെയും കൂടെക്കൂടി. മുറ്റത്ത് ഇപ്പോഴുമുണ്ട് തിരുവോണനാളിലെ അത്തപ്പൂക്കളം. അതും നല്ല വലിപ്പത്തിൽ.

'' കുട്ടിക്കാലം തൊട്ട് ഇതുവരെയുള്ള ഓണത്തിന്റെ പാറ്റേണിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. അന്നത്തെ പോലെ തന്നെയാണ് ഇപ്പോഴും ഞങ്ങളുടെ ഓണാഘോഷം. കുടുംബത്തിൽ അംഗങ്ങൾ കൂടി എന്നതു മാത്രമേ ഒരു വ്യത്യാസമുള്ളൂ. എല്ലാ വർഷവും തിരുവോണത്തിന്റെ തലേ ദിവസമാണ് അത്തപ്പൂവിടുന്നത്. അമ്മയും ഞങ്ങളും കൂടിയാണ് മുമ്പൊക്കെ അത്തപ്പൂക്കളം സെറ്റ് ചെയ്തിരുന്നത്. ഇപ്പോൾ ഞങ്ങൾ നാലാളും കൂടിയായി. തലേദിവസം തന്നെ അത്തപ്പൂക്കളം ഒരുക്കി കഴിഞ്ഞാൽ പിന്നെ പിറ്റേന്ന് വലിയ പണിയൊന്നും ഇല്ല, രാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പും അണിഞ്ഞ് അല്പം ജാഡയൊക്കെ കാട്ടി നടക്കാം. ഫോട്ടോയെടുപ്പും സദ്യയുമാണ് തിരുവോണ ദിവസത്തെ പ്രധാന പരിപാടികൾ. പിന്നെ ബന്ധുക്കളുടെ വീട്ടിൽ ഒരു സന്ദർശനവുമുണ്ടാകും. ഞങ്ങൾക്ക് ഇതുവരെ പൂ പറിക്കാൻ പോകാനൊന്നും സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് തന്നെയായതുകൊണ്ട് ചാലയിൽ നിന്നാണ് ഞങ്ങളുടെ ഓണപ്പൂ എത്താറുള്ളത്. ഇവിടെ പറമ്പും തൊടിയും ഒന്നും ഇല്ലാത്തോണ്ട് അതൊക്കെ മിസായി. എന്നാലും ആഘോഷങ്ങൾക്കൊന്നും ഒരു കുറവും വരുത്താൻ ഞങ്ങൾ തയ്യാറല്ല. '' അതേയെന്ന മട്ടിൽ കുട്ടിപ്പട്ടാളവും ഒരുമിച്ചു.

ഓണച്ചിത്രം പൊളിച്ചടുക്കി
ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നത് സന്തോഷമാണ്. സീനിയറും ജൂനിയറുമായ കുറേ താരങ്ങളുണ്ട്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. 'പ്രേമം' ടീം എല്ലാരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. പിന്നെ ശാന്തികൃഷ്ണ മാഡത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ചിത്രം. എന്തായാലും ഈ ഓണത്തിന് എല്ലാർക്കും മനസ് തുറന്ന് ചിരിക്കാം.

എന്റെ രണ്ടാമത്തെ പടം നിവിന്റെ കൂടെ ചെയ്യാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്. വലിയൊരു നടൻ ആണെങ്കിൽ കൂടിയും അതിന്റെ ഒരുതരത്തിലുള്ള താരപരിവേഷവുമില്ല. വളരെ സിംപിളാണ്, ഫ്രീയാണ്. ലൊക്കേഷനും അങ്ങനെയായിരുന്നു. എല്ലാരും കളിയും തമാശയുമായിട്ട് പെട്ടെന്ന് ഷൂട്ട് കഴിഞ്ഞു. ചെന്നൈയിൽ ആയിരുന്നപ്പോഴാണ് ഞാൻ കഥ കേൾക്കുന്നത്. ഈ വേഷത്തിലേക്ക് എന്നെ തന്നെയായിരുന്നു ആദ്യം മുതലേ അവർ മനസിൽ കണ്ടിരുന്നത്. എനിക്ക് നല്ലൊരു വേഷമുണ്ടെന്ന് എന്നോട് ആദ്യം പറഞ്ഞത് ഫർഹാൻ ആയിരുന്നു. അവന്റെ സുഹൃത്ത് ഈ ചിത്രത്തിൽ അസോസിയേറ്റായി പ്രവർത്തിക്കുന്നുണ്ട്. സാറാ ചാക്കോ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ശാന്തികൃഷ്ണ അമ്മയായിട്ടാണ് അഭിനയിക്കുന്നത്, അവരുടെ മൂന്നു മക്കളാണ്, ഞാനും നിവിനും സ്രിൻഡയും.

ചിന്തിക്കാനുള്ള സമയം പോലും കിട്ടിയില്ല
ആദ്യ ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് കൊമേഴ്യൽ ഫിലിം ആയിരുന്നില്ലെങ്കിൽ കൂടിയും ക്രിട്ടിക്കലി നല്ല അഭിപ്രായം നേടാൻ കഴിഞ്ഞു. പടം കണ്ടതിനുശേഷം ഒരുപാട് ആൾക്കാർ നല്ല അഭിപ്രായം പറഞ്ഞത് വലിയ ധൈര്യമായി. സത്യത്തിൽ എന്റെ സിനിമാപ്രവേശം തീർത്തും അപ്രതീക്ഷിതമായിരുന്നു, സിനിമയിലേക്ക് കടക്കണമെന്ന് വിചാരിക്കുന്നതിന് മുന്നേ സിനിമയിലെത്തിയ ആളാണ് ഞാൻ. സിനിമ എനിക്ക് ഇഷ്ടമാണെന്നോ, ഞാൻ സിനിമയിലേക്ക് വരണമെന്നോ അങ്ങനെയൊന്നും ചിന്തിക്കാൻ പോലും ആ സമയത്ത് കഴിഞ്ഞിട്ടില്ല. സിനിമ എന്താണ്, ഇതിന്റെ പിന്നിൽ വേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെയാണ് എന്നൊന്നും പഠിക്കാതെയാണ് ആദ്യസിനിമ ചെയ്തത്. സത്യത്തിൽ ഹോം വർക്ക് ചെയ്യാൻ സമയം കിട്ടിയിട്ടില്ല. ആദ്യ ദിവസമൊക്കെ ഷൂട്ടിംഗിന് പോയത് അത്ര ഇഷ്ടമില്ലാതെയാണ്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മനസിലായത് സിനിമ എനിക്ക് ഇഷ്ടമായിരുന്നുവെന്ന്. എന്റെയുള്ളിൽ സിനിമയുണ്ടെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.

എന്റെ ഹോം വർക്കുകൾ
സിനിമകൾ സെലക്ട് ചെയ്ത് അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. നല്ലൊരു ആക്ടർ ആകണമെങ്കിൽ മനസിനെ അത് പത്ത് പ്രാവശ്യം പറഞ്ഞു പഠിപ്പിക്കണം. പിന്നെ ചെയ്യേണ്ട തയ്യാറെടുപ്പ് സിനിമ നന്നായി നിരീക്ഷിക്കുക എന്നതാണ്. ഓരോ കാര്യങ്ങളെയും നന്നായി ശ്രദ്ധിക്കണം. ഞാനും ആദ്യ സിനിമ കഴിഞ്ഞ ശേഷമാണ് ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതുപോലെ തന്നെ നമ്മുടെ ചുറ്റുപാടും നന്നായി ശ്രദ്ധിക്കണം. അതൊക്കെയായിരുന്നു എന്റെ ഹോംവർക്കുകൾ. ഉള്ളിന്റെയുള്ളിൽ ആക്ടറാകണമെന്ന് ആഗ്രഹം തോന്നിയപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്നൊക്കെ അഭിനയിച്ചു നോക്കി. പിന്നെ കുറേ ഡബ്സ്മാഷുകൾ ചെയ്തു നോക്കി. പക്ഷേ, എങ്ങും അപ്‌ലോഡൊന്നും ചെയ്തിട്ടില്ല. ഡബ്സ്മാഷ് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

വെറുതേ വന്നുപോകാൻ ഞാനില്ല
ഞാൻ ചെറിയൊരു ആക്ടറാണ്. സെലക്ട് ചെയ്യാൻ വേണ്ടിയൊന്നും വളർന്നിട്ടില്ല. എങ്കിലും ആദ്യമേ ഒരു നിലപാട് ഉണ്ടാക്കുന്നത് നല്ലതാണ്. നാളെ കുറച്ചുകൂടി അവസരങ്ങൾ കിട്ടിയാൽ ഞാനും സെലക്ടീവാകും. ആക്ടേഴസ് സെലക്ടീവാകുമ്പോൾ പ്രേക്ഷകർക്ക് കുറച്ചു കൂടി വിശ്വാസ്യത വർദ്ധിപ്പിക്കാൻ കഴിയും. നമ്മുടെ പേരും മികച്ച ചിത്രങ്ങൾക്കൊപ്പം വരണമെന്ന് ആഗ്രഹിക്കാത്തവർ ആരാണ്? നമ്മൾ സെലക്ടീവാകുമ്പോൾ ഓഡിയൻസിനും പടം തീരുമാനിക്കുന്ന കാര്യത്തിൽ അവരുടെ ജോലി എളുപ്പമാക്കാൻ കഴിയും. പടങ്ങൾ സെലക്ട് ചെയ്യാൻ പറ്റിയാൽ മാത്രം കൊടുക്കാൻ പറ്റുന്ന ഉറപ്പാണത്. എന്നാലും സെലക്ട് ചെയ്യുന്ന പടങ്ങളെല്ലാം നല്ലതാണെന്ന് വരണമെന്നില്ല.. ചിലതൊക്കെ പാളിപോകും. എല്ലാ നല്ല സിനിമകളും ഓടണമെന്നില്ലല്ലോ, എല്ലാ ഓടുന്ന സിനിമകളും നല്ലതാകണമെന്നില്ല. നമുക്ക് നല്ലതെന്ന് തോന്നുന്ന രീതിയിൽ സെലക്ട് ചെയ്യാൻ കഴിയണം. പിന്നെ എനിക്ക് വരുന്ന കഥാപാത്രങ്ങൾക്ക് ആ സിനിമയിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരിക്കണം. വെറുതേ വന്ന് കറങ്ങി തിരിഞ്ഞു നിൽക്കാൻ താത്പര്യമില്ല.

സിനിമ എന്നിൽ അലിഞ്ഞു ചേർന്നതാണ്
ഇതൊരു കരിയറായി കണ്ട് നല്ല നല്ല സിനിമകളുടെ ഭാഗമാകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എങ്കിലും എപ്പോഴും ഒരു പ്രാക്ടിക്കൽ വശമുള്ളതു കാണാതെ പോകുന്നില്ല. നമ്മൾ ടാലന്റഡ് ആയെന്നു കരുതിയോ, നമ്മൾ ഹാർഡ് വർക്ക് ചെയ്തുവെന്ന് കരുതിയോ ക്ലിക്കാകണമെന്നില്ല. ഭാഗ്യമില്ലാതെ പോകുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. എന്നാലും ഞാൻ പരമാവധി സിനിമയിൽ നിൽക്കാൻ ആഗ്രഹിക്കുന്നൊരാളാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹവും അതാണ്, രണ്ട് മൂന്നു വർഷം എന്തായാലും നോക്കും. എന്നിട്ടും വിചാരിച്ച രീതിയിൽ എത്തിയില്ലെങ്കിൽ ഞാൻ വേറെ എന്തെങ്കിലും നോക്കും. ഇതിനെ ഞാൻ വളരെ സീരിയസായിട്ടാണ് കാണുന്നത്. കളി തമാശയല്ല. ആക്ടിംഗ് എന്റെയുള്ളിൽ തന്നെയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൂന്നു നാലു വയസുള്ളപ്പോൾ മുതൽ ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നത് സിനിമാലൈഫാണ്. ചെറുപ്പം മുതലേ അറിയുന്നതുകൊണ്ട് നമ്മളിൽ ആ സിനിമാ എലമെന്റ് എന്തായാലും ഉണ്ടാകും. ഞാൻ വളരെ പോസിറ്റീവാണ്. സിനിമയിൽ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് വിട്ടൊരു കളിയുമില്ല
ഞാൻ പഠിച്ചത് വിഷ്വൽ കമ്യൂണിക്കേഷനാണ്. എങ്ങനെയായാലും മീഡിയ വിട്ട് നിൽക്കാൻ ആകുമെന്ന് തോന്നുന്നില്ല. അഡ്വർടൈസിംഗ് ഫീൽഡിലാണ് ഇത്രയും നാൾ വർക്ക് ചെയ്തത്. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. ഫിലിം മേക്കിംഗും മനസിലുണ്ട്. ഭാവിയിൽ സംവിധാനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷിക്കുന്നുണ്ട്. മനസിൽ ഇടയ്ക്കിടെ ചില ത്രെഡുകളൊക്കെ വരും. അതെല്ലാം എഴുതി വയ്ക്കാറുണ്ട്. പുറംലോകം കാണാത്ത കുറേ കുറിപ്പുകൾ അങ്ങനെയുണ്ട്. പക്ഷേ, ഉടനേയൊന്നും ഡയറക്ട് ചെയ്യാൻ പോകുന്നില്ല. ഇപ്പോൾ മനസിൽ അഭിനയമോഹം തന്നെയാണുള്ളത്. നല്ല വേഷങ്ങൾ കിട്ടിയില്ലെങ്കിൽ അഭിനയമോഹം മാറ്റി വയ്ക്കും. എന്നിട്ട് പരസ്യമേഖലയിൽ കൂടുതൽ ഫോക്കസ് ചെയ്യും. എപ്പോഴും ക്രിയേറ്റീവായിട്ടും ഫ്രെഷായിട്ടുമിരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഈ രംഗത്തോട് എനിക്കിത്ര പ്രിയവും.

പെൺപടയാണ് ഞങ്ങൾ
ഞങ്ങൾ നാലുമക്കളാണ്. അവർക്കും അഭിനയത്തോട് താത്പര്യം ഉണ്ട്. ഞാൻ എന്താണോ അത് തന്നെയാണ് അവരും. ഒരേ ഇഷ്ടങ്ങളാണ്. ഞാനൊന്ന് പച്ച പിടിച്ചിട്ടുവേണം അവര് സിനിമയിലെത്താൻ എന്നാണ് എന്റെ പ്രാർത്ഥന. എന്നുകരുതി നല്ല പടം വന്നാൽ ഒരിക്കലും ചെയ്യരുതെന്നൊന്നും പറയില്ല കേട്ടോ. അവർ വന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഞാൻ തന്നെയായിരിക്കും. വീട്ടിൽ എപ്പോഴും നല്ല രസമാണ്. സമാധാനം എന്താണെന്ന് അറിയണമെങ്കിൽ വീട്ടിൽ നിന്നു പുറത്തു കടക്കേണ്ടി വരും. ഞങ്ങൾ നാലുപേരും കൂടിയുണ്ടെങ്കിൽ വീടെടുത്ത് തിരിച്ചുവയ്ക്കും. അടി, ബഹളം, ചിരി, തമാശ ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ ലോകം. അമ്മയാണ് ബെസ്റ്റ് ഫ്രണ്ട്. അച്ഛൻ കൃഷ്ണകുമാർ സിനിമയിലേക്ക് വരുന്നതിന് മുന്നേ കുറച്ച് ഉപദേശങ്ങളൊക്കെ തന്നിട്ടുണ്ട്. ഇപ്പോൾ സ്വയം തീരുമാനമെടുക്കാൻ വളർന്നതോടെ ഫുൾ സ്വാതന്ത്ര്യം തരുന്നുണ്ട്.

ഫാഷനബിളാണ്
ഫാഷൻ കോൺഷ്യസാണ്. എന്നുകരുതി മാർക്കറ്റിൽ പോകുമ്പോഴും ഒരുങ്ങി പോകുമെന്നല്ല. സന്ദർഭങ്ങൾക്കനുസരിച്ച് ഫാഷൻ മാറ്റാനാണിഷ്ടം. ജീൻസും ടീ ഷർട്ടുമിട്ട് ഒരു മേക്കപ്പുമില്ലാതെ പുറത്തുപോകാനാണ് എനിക്ക് ഇഷ്ടം. ട്രെൻഡ്സ് ഒക്കെ ഫോളോ ചെയ്യാറുണ്ട്. എപ്പോഴും സ്‌റ്റൈലായിട്ട് നടക്കാറൊന്നും ഇല്ല. ഫംഗ്ഷനു പോകുമ്പോൾ സാരിയാണ് ഇഷ്ടം. മിനിമ മേക്കപ്പിനോടാണ് താത്പര്യം. ഓർണമെന്റ്സും അധികം ഉപയോഗിക്കാൻ ഇഷ്ടമല്ല.

ബ്യൂട്ടി ടിപ്സ്
ഞാൻ നല്ലൊരു മടിച്ചിയാണ്. സ്‌ക്രബ് ഒക്കെ ആരെങ്കിലും ഉണ്ടാക്കി കൊണ്ടു വന്ന് തന്നാൽ ഇടാം എന്നുകരുതി മടി പിടിച്ചിരിക്കും. അതല്ലാതെ ഞാനായിട്ട് വലിയ സൗന്ദര്യ സംരക്ഷണ മാർഗങ്ങളൊന്നും പിന്തുടരുന്ന ആളല്ല, അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ നേരേ അടുക്കളയിലേക്ക് പോകും, നാരങ്ങയും പഞ്ചസാരയും ചേർത്ത് ഒരു സ്‌ക്രബ് റെഡിയാക്കിയിടും. അപ്പോൾ മുഖം നല്ല സോഫ്ട് ആകും, തിളങ്ങും. തീർന്നു എന്റെ ബ്യൂട്ടി ടിപ്.

കണ്ണും മുടിയും പ്ലസ് പോയിന്റുകൾ
നല്ല കണ്ണും നല്ല മുടിയും ദൈവം തന്നതാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എല്ലാരും നല്ലതാണെന്ന് പറഞ്ഞപ്പോഴാണ് ഞാനത് മനസിലാക്കിയത്. മുടി നന്നായിട്ട് നോക്കും. ഓയിൽ മസാജ് ചെയ്യാറുണ്ട്. അതല്ലാതെ ഒന്നുമില്ല. ദൈവം തന്നതല്ലേ അതുകൊണ്ട് മുടി വെട്ടി കളയാൻ തോന്നാറില്ല. കണ്ണിന് പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. കണ്ണെഴുതാറുണ്ട്. അത്ര തന്നെ. വലിയ ഫംഗ്ഷനൊക്കെ പോകുമ്പോൾ കണ്ണ് ഹൈലൈറ്റ് ചെയ്താണ് മേക്കപ്പിടുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.