ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു: എം.ബി രാജേഷ്
September 7, 2017, 6:32 pm
തിരുവനന്തപുരം: ബംഗളൂരുവിൽ കൊല്ലപ്പെട്ട മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തിൽ പ്രതിഷേധം വ്യക്തമാക്കി എം.ബി രാജേഷ് എം.പി. കൊല്ലാൻ ഒറ്റ വെടിയുണ്ട മതിയെന്നിരിക്കെ മറ്റൊന്ന് ഗൗരി ലങ്കേഷിന്റെ നെറ്റിയിലേക്ക് തൊടുത്തത് മൂർച്ചയുള്ള ചോദ്യങ്ങളുടെ പ്രഭവ കേന്ദ്രമായ ആ തലച്ചോറിനോടുള്ള ഭയം തന്നെയാവണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചിന്തിക്കുന്ന തലച്ചോറുകളുടെ ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്ലറുടെ ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങനെ തന്നെ, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാൻ ഏഴ് വെടിയുണ്ടകൾ ആവശ്യമായിരുന്നില്ലല്ലോ. ഗാന്ധിജിക്ക് പോലും അവർ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ. കൊല്ലാൻ ഹൃദയം പിളർന്ന ഒരൊറ്റയണ്ണം മതിയായിരുന്നല്ലോ. എന്നിട്ടും മറ്റൊന്ന് നെറ്റിയിലേക്കു തന്നെ തൊടുത്തതെന്തുകൊണ്ടായിരിക്കും? മൂർച്ചയുള്ള ചോദ്യങ്ങളുടെ പ്രഭവകേന്ദ്രമായ ആ തലച്ചോറിനോടുള്ള ഭയം തന്നെയാവണം. അന്റോണിയോ ഗ്രാംഷിയുടെ തലച്ചോറിനെ നിശ്ചലമാക്കണമെന്നായിരുന്നല്ലോ മുസോളിനിയുടെ പബ്ലിക് പ്രോസിക്യൂട്ടർ ഇറ്റാലിയൻ കോടതിയിൽ അന്ന് ആവശ്യപ്പെട്ടത്. ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്ലറുടെ ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തന്നെ.

പിന്നെ മരണത്തിന്റെ ആഘോഷം. കൊല ഉത്സവമാക്കുന്നവർ മരണം ആഘോഷിക്കുന്നതിൽ എന്തത്ഭുതം? ഗാന്ധിജിയുടെ കൊലയും അക്കൂട്ടർ ഉത്സവമായി ആഘോഷിച്ചതാണല്ലോ. ശാഖകളിൽ മധുരം നുണഞ്ഞും പടക്കം പൊട്ടിച്ചും ഗാന്ധിഹത്യ ആഘോഷമാക്കിയതിനെക്കുറിച്ച്, മൂന്ന് പതിറ്റാണ്ട് ഗാന്ധിജിയുടെ നിഴലായിരുന്ന പ്യാരേലാൽ 'ഗാന്ധി ദി ലാസ്റ്റ് ഫേസ്' എന്ന പുസ്തകത്തിൽ പറഞ്ഞതോർക്കുന്നില്ലേ? അന്ന് ട്വിറ്ററും ഫേസ്ബുക്കുമില്ലാതിരുന്നത് കൊണ്ടാവണം ശാഖകളിലും തെരുവിലുമായി ആഘോഷം ഒതുക്കിയത്. ആഘോഷം അങ്ങ് ഉത്തരേന്ത്യയിൽ മാത്രമായിരുന്നില്ല. തിരുവനന്തപുരത്തെ അന്നത്തെ ആഘോഷത്തെക്കുറിച്ച് ഒ.എൻ.വി. വ്രണിത ഹൃദയനായി പറഞ്ഞതും മറക്കാറായില്ലല്ലോ. അനന്തമൂർത്തി അവരെ അല്പം നിരാശപ്പെടുത്തി. വെടിയുണ്ടക്ക് കാത്തുനിൽക്കാതെ മരിച്ചുകളഞ്ഞു. കൊലയുടെ ലഹരി ആസ്വദിക്കാനായില്ലെങ്കിലും ആഘോഷം ഒട്ടും കുറച്ചില്ല. ഗൗരിയുടെ ഊഴമായപ്പോഴേക്കും ആഘോഷത്തിനുള്ള എല്ലാ ചേരുവകളും ഒത്തു വന്നിരുന്നു.

ഗാന്ധിജിയുടെ കാലത്ത് നിന്ന് 'ഡിജിറ്റൽ ഇന്ത്യ'യായി നാട് വളർന്നതുകാരണം അതിവിശാലമായ സൈബർസ്‌പേസിലായിരുന്നു ആഘോഷിച്ചു തിമിർത്തത്. ആഘോഷത്തിന്റെ നേതൃത്വം വെറും ഭക്തർക്കായിരുന്നില്ല. പ്രധാനമന്ത്രി പോലും ട്വിറ്റ്വെറിൽ പിന്തുടരുന്നത്ര പരമയോഗ്യരായ വരേണ്യ സംഘികൾക്കായിരുന്നു. ഉറങ്ങാൻ പോലും സമയമില്ലാത്ത വിധം രാഷ്ട്രസേവനം നടത്തുന്നുവെന്ന് ഭക്തർ അവകാശപ്പെടുന്ന പ്രധാനമന്ത്രി തിരക്കിനിടയിലും പിന്തുടരുന്നത് കുറച്ചാളുകളെയാണ്.

കണ്ട അലവലാതി കമ്മികളേയും കൊങ്ങികളേയുമൊന്നും പിന്തുടരുന്നയാളല്ല പ്രധാനമന്ത്രി എന്നും ഓർക്കണം. അത്രയും യോഗ്യരായ അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവർ, വെടിയേറ്റ് ചിതറിയ ഒരു സ്ത്രീയുടെ മൃതശരീരം ചിതയിലേക്കെടുക്കും മുമ്പ് വിഷം ചീറ്റാൻ തുടങ്ങിയെങ്കിൽ വിഷസംഭരണി എവിടെയാണെന്ന് അറിയാൻ പ്രയാസമുണ്ടോ? കൂട്ടത്തിലുള്ള ചിലർക്കു പോലും സഹികെട്ട് പറയേണ്ടിവന്നില്ലേ 'കൊല ഇങ്ങനെ പരസ്യമായി ആഘോഷിക്കുന്നത് വളരെ മോശ'മാണെന്ന്. എന്നിട്ടും ഇതെഴുതും വരെ പ്രധാനമന്ത്രിക്ക് എന്തേ അങ്ങിനെ തോന്നാത്തത്? അവരെ പിന്തുടരേണ്ടെന്ന് പോലും വെക്കാത്തത്? എന്തേ ഒരു ദുർബ്ബല വാക്കു കൊണ്ടു പോലും അപലപിക്കാത്തത് ????
ഇനി പിന്നീടെപ്പോഴെങ്കിലും കാറിനടിയിൽ പട്ടിക്കുഞ്ഞ് പെട്ടതുപോലെയോ മറ്റോ തോന്നുമായിരിക്കും.

പട്ടിക്കുഞ്ഞുങ്ങൾ ഫാസിസ്റ്റ് അധികാര രഥചക്രങ്ങൾക്കിടയിൽ ചതഞ്ഞുകൊണ്ടേയിരിക്കുകയാണ്.
വാതിൽപ്പടികളിൽ മരണം മുട്ടിവിളിച്ചുകൊണ്ടേയിരിക്കുകയാണ്. വെടിയുണ്ടകൾ നെഞ്ചും നെറ്റിയും പിളർന്ന് ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുകയാണ്. കത്തിച്ചുവച്ച മെഴുകുതിരികളും അനുശോചന യോഗങ്ങളും മതിയാവില്ല.
ബ്രെഹത് ഹിറ്റ്ലറുടെ ജർമ്മനിയെ ചൂണ്ടിപ്പറഞ്ഞു. 'ഭയമാണിവിടെ ഭരിക്കുന്നത്. ഇന്ത്യ ഭയത്തിന്റെ റിപ്പബ്ലിക്കായിത്തീരാതിരിക്കാൻ അനുഷ്ഠാനങ്ങൾക്കപ്പുറം പ്രതിഷേധങ്ങൾക്ക് മൂർച്ച കൂട്ടാം.
' വരൂ....ഈ തെരുവുകളിലെ രക്തം കാണൂ....
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ