ഈ ഞണ്ട് ഇറുക്കിക്കൊല്ലില്ല
September 1, 2017, 2:59 pm
ആർ.സുമേഷ്
'പ്രേമം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അൽത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' പേരു കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്. എന്താണ് ഞണ്ടിന് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ അതിനൊരു പ്രത്യേകതയുണ്ട്. കാരണം ഞണ്ട് തന്റെ കൊറുങ്കാലുകൾ കൊണ്ട് ഇറുക്കിയാൽ വേദനയുണ്ടാവും. അതുപോലെ തന്നെ ഗുരുതരമായത് മുതൽ ചെറിയ അസുഖം വരെ വന്നാൽ അത് ശാരീരികമായും മാനസികമായും ആരെയും തളർത്തും. അങ്ങനെ മനുഷ്യജീവിതത്തെ കാർന്നു തിന്നുന്ന ഗുരുതര രോഗങ്ങളുടെ വേദനകളെ എങ്ങനെയൊക്കെ നേരിടാമെന്നും അവയെ കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്ന സോദ്ദേശ്യ സിനിമയാണിത്.

കുടുംബ ബന്ധങ്ങളുടെ കഥ
കോളേജ് അദ്ധ്യാപികയായ ഷീല ചാക്കോയ്ക്കും ചാക്കോയ്ക്കും മൂന്ന് മക്കൾ. കുര്യൻ,​ മേരി,​ സാറ. കുര്യൻ ലണ്ടനിലാണ്. മറ്റുള്ള മക്കൾ കുടുബത്തോടൊപ്പം കേരളത്തിൽ. അങ്ങനെയിരിക്കെ കുര്യനെ ഷീല പെട്ടെന്ന് നാട്ടിലേക്ക് വിളിച്ചു വരുത്തുന്നു. തന്റെ വിവാഹക്കാര്യം സംസാരിക്കാനാണെന്നാണ് കുര്യൻ കരുതിയത്. എന്നാൽ,​ നാട്ടിലെത്തിയ മകനെ കാത്തിരിന്നത് അതിലും വലിയൊരു കാര്യമായിരുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

വേഗം കുറഞ്ഞ ആദ്യ പകുതി
പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന സിനിമ വേഗം കുറഞ്ഞാണ് ആദ്യം സഞ്ചരിക്കുന്നത്. ചാക്കോയുടേയും ഷീലയുടേയും കുടുംബത്തിന്റെ കഥയിലേക്ക് കടക്കുന്നതോടെ സിനിമ വേഗം കൈവരിക്കുന്നു. അതുവരെ കുടുംബത്തിൽ എല്ലാ കാര്യങ്ങളും ഭംഗിയായും ചിട്ടയായും നോക്കിയിരുന്ന ഒരാൾക്ക് പെട്ടൊന്നൊരു അസുഖം വരുന്നതോടെ അവിടെയുണ്ടാവുന്ന പ്രശ്നങ്ങളെ തിരക്കഥാകൃത്തുക്കളായ അൽത്താഫും ജോർജ് കോരയും ചേർന്ന് നർമവും വികാരവും കോർത്തിണക്കി രസച്ചരട് പൊട്ടാതെ അവതരിപ്പിക്കുകയാണ്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും മറ്റും അതിഭാവുകത്വമില്ലാതെ സ്ക്രീനിലെത്തിക്കാൻ കഴിഞ്ഞത് തിരക്കഥാകൃത്തുക്കളുടെ വിജയമാണ്.

കുര്യന്റെ വേഷത്തിലെത്തുന്ന നിവിൻ പോളി അലസനായ ചെറുപ്പക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. സ്വന്തം കാര്യങ്ങൾക്ക് പോലും അമ്മയുടെ സഹായം തേടിയിരുന്ന കുര്യനും മറ്റു മക്കളും ഗുരുതര രോഗം ബാധിച്ച അമ്മയ്ക്ക് പിന്നീട് എങ്ങനെ താങ്ങും ശക്തിയും പിന്തുണയുമേകുന്നുവെന്നതും സിനിമ അനാവരണം ചെയ്യുന്നു. ചാക്കോയുടെ വേഷത്തിൽ എത്തുന്ന ലാൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഭയം മാത്രമുള്ളതും എന്തിനും ഏതിനും അസ്വസ്ഥനാവുകയും ചെയ്യുന്ന ലാലിന്റെ കഥാപാത്രം സിനിമയുടെ അവിഭാജ്യ ഘടകമാണ്.

ശാന്തികൃഷ്‌ണയുടെ ശക്തമായ തിരിച്ചുവരവ്
നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തികൃഷ്‌ണ എന്ന അനുഗ്രഹീത നടി സിനിമയിലേക്ക് തിരിച്ചു വന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്തനാർബുദം ബാധിച്ച അദ്ധ്യാപികയായി ശാന്തികൃഷ്‌ണ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രോഗം ശാന്തിയെ കീഴടക്കുമോ അതോ അതിനെതിരെ പടപൊരുതി അവർ വിജയിക്കുമോയെന്നത് തിയേറ്ററിൽ നിന്ന് അറിയണം. നയം വ്യക്തമാക്കുന്നു,​ പിൻഗാമി പോലുള്ള സിനിമകളിൽ അവതരിപ്പിച്ചതു പോലുള്ള ശക്തമായ കഥാപാത്രമാണ് ശാന്തിയുടേത്.

രോഗത്തിനെതിരെ പൊരുതുന്ന അമ്മയായും ഭാര്യയായും ശാന്തികൃഷ്‌ണ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. സ്താനാർബുദം എന്ന രോഗത്തിനെതിരെ ലോകത്ത് പൊരുതുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാവാൻ ശാന്തിയുടെ ഈ കഥാപാത്രത്തിന് കഴിയുന്നുണ്ട്. നിവിന്റെ സഹോദരിയുടെ വേഷത്തിൽ എത്തുന്ന അഹാന കൃഷ്ണ ചെറിയ റോളാണെങ്കിൽ കൂടി നന്നായി തന്നെ അവതരിപ്പിച്ചു. നിവിന്റെ കാമുകിയുടെ വേഷത്തിലെത്തുന്ന റേച്ചലിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും മലയാളത്തിൽ ഇത് മികച്ച തുടക്കമാകുമെന്ന് കരുതാം.

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിജു വിൽസൺ,​ ഷറഫുദ്ദീൻ, കൃഷ്‌ണശങ്കർ,​ സ്രിന്ധ,​ ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

ഗാനങ്ങൾ അത്ര മികച്ച അനുഭവം നൽകുന്നില്ലെങ്കിലും പശ്ചാത്തല സംഗീതം സിനിമയ്ക്ക് യോജിക്കുന്നതായി.

വാൽക്കഷണം: സംശയം വേണ്ട,​ എങ്കിൽ പ്രശ്നങ്ങളുണ്ടാവും
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ