പുള്ളിക്കാരൻ സാറിനൊരു പ്രേമക്ളാസ്
September 1, 2017, 10:30 pm
ആർ.സുമേഷ്
അദ്ധ്യാപകരും ഒരുനാൾ കുട്ടികളായിരുന്നു. കുരുത്തക്കേടുകളും കാണിച്ചിട്ടുണ്ട്. പിന്നീട് തെറ്റിൽ നിന്ന് ശരി പഠിച്ച് ഉയരങ്ങളിലെത്തി വീണ്ടും കുട്ടികളെ ശരി പഠിപ്പിക്കുന്ന അദ്ധ്യാപകരായി അവർ മാറുകയും ചെയ്തു. അങ്ങനെ തന്റേതല്ലാത്ത കാരണം കൊണ്ട് കുരുത്തക്കേടിന്റെ പാപം പേറേണ്ടി വരികയും പിന്നീട് അദ്ധ്യാപകരുടെ സാറാകേണ്ടി വന്ന കെ.രാജകുമാരന്റെ കഥയാണ് ശ്യാംധർ സംവിധാനം ചെയ്ത 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമ.

കഥയില്ലായ്‌മയിലെ കഥ
ശൂന്യതയിൽ നിന്ന് ഒന്നുമുണ്ടാവുന്നില്ല എന്നാണ് ചൊല്ല്. അതുപോലെ തന്നെയാണ് ഇവിടേയും. ഒരു കഥയുണ്ട്. പക്ഷേ,​ ആ കഥ എന്നു പറയുന്നത് ഇടുക്കിയിലെ രാജകുമാര(മമ്മൂട്ടി)​ന്റേയും രാജകുമാരിയുടേതുമാണ്. വിദ്യാർത്ഥികൾക്ക് എങ്ങനെ ക്ളാസെടുക്കണം എന്ന് അദ്ധ്യാപകരെ പഠിപ്പിക്കാൻ കൊച്ചിയിൽ എത്തുന്ന രാജകുമാരൻ തന്റെ സ്കൂൾ കാലത്തെ പ്രണയനായികയായ മ‌ഞ്ജരി മുരളീധര (ആശാ ശരത്)​നെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

രണ്ടു മണിക്കൂറും 15 മിനിട്ടുമുള്ള സിനിമ ഒരിക്കൽ പോലും പ്രേക്ഷകന് നല്ലൊരു ദൃശ്യാനുഭം സമ്മാനിക്കുന്നില്ല. ലൂസായ തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്‌മ. ആദ്യ പകുതിയിൽ ഇന്നസെന്റ്,​ ദിലീഷ് പോത്തൻ,​ ഹരീഷ് കണാരൻ എന്നിവരുടെ നർമങ്ങൾ കൊണ്ട് സംപുഷ്ടമാണ് സിനിമ. ഇതിൽ പലതും അശ്ളീല കോമഡി അഥവാ അഡൽറ്റ് കോമഡികളാണ്. വിദ്യാർത്ഥികൾക്ക് അറിവും വിദ്യയും വിളന്പുന്ന അദ്ധ്യാപകനും ഈ കോമഡിയിൽ പങ്കാളിയാവുന്നതാണ് ഏറെ ഖേദകരം. പിന്നെ സ്ത്രീയെ പ്രാപിക്കാൻ താൽപര്യമുണ്ടോയെന്ന് അദ്ധ്യാപകനായ രാജകുമാരനോട് ചോദിക്കുന്നത്ര മനക്കട്ടിയൊക്കെ പ്രേക്ഷകർക്ക് ദഹിക്കാൻ ഇടയില്ല.

രാജകുമാരൻ സാർ വീരനായകനാണ്. ഒരു പെണ്ണിന്റെ പിറകെ രാജകുമാരൻ നടക്കുന്പോൾ മറ്റൊരു പെണ്ണ് രാജകുമാരന്റെ പിറകെ നടക്കുകയാണ്. പക്ഷേ,​ ഇവരിൽ ആരാണ് രാജകുമാരന്റെ മനസ് കീഴടക്കുകയെന്ന നിശബ്ദ യുദ്ധമാണ് സിനിമയിൽ. അനാവശ്യ രംഗങ്ങൾ തിരുകിക്കയറ്റി സിനിമയുടെ മൂഡ് നന്നായിത്തന്നെ സംവിധായകൻ നശിപ്പിച്ചിട്ടുണ്ട്. ടപ്പ് ടപ്പ് എന്നു തുടങ്ങുന്ന ഗാനരംഗവും ബസ് അപകട സീനും എന്തിനാണ് കൊണ്ടുവന്നതെന്ന് സംവിധായകന് നിശ്ചയമുണ്ടെന്ന് തോന്നുന്നില്ല. അതേസമയം,​ ഈ ഗാനത്തിനൊപ്പം വിദ്യാർത്ഥികൾ മികച്ച രീതിയിലാണ് ചുവട് വച്ചിരിക്കുന്നത് എന്നത് പറയാതിരിക്കാനാവില്ല.

സാരോപദേശങ്ങളുടെ കുത്തൊഴുക്ക്
കാര്യം അദ്ധ്യാപകനായതിനാൽ തന്നെ സിനിമ മുഴുവൻ സാരോപദേശങ്ങളുടടെ മലവെള്ളപ്പാച്ചിലാണ്. വിദ്യാ‌ർത്ഥികൾക്കുള്ള സാരോപദേശങ്ങളുണ്ട്,​ അദ്ധ്യാപകർക്കുള്ളതുണ്ട്,​ പിന്നെ സമൂഹത്തിനുള്ളതുണ്ട്. ഇതെല്ലാം കണ്ടും കേട്ടും കഴിയുന്പോൾ പ്രേക്ഷകർ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കും.

പുള്ളിക്കാരൻ സ്റ്റാറാ
സാറാണെങ്കിലും മമ്മൂട്ടിയുടെ രാജകുമാരൻ വേഷം സ്‌റ്റാറാണ്. ഈ വേഷം അവതരിപ്പിക്കാൻ അദ്ദേഹത്തിന് അത്ര വലിയ പ്രയത്നമൊന്നും വേണ്ടി വന്നിട്ടില്ല. സമീപകാലത്തായി സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുന്ന ദിലീഷ് പോത്തൻ ഈ ചിത്രത്തിലും മോശമാക്കിയിട്ടില്ല. ഹരീഷ് കണാരനും ഇന്നസെന്റുമാണ് അഡൽറ്റ് കോമഡിയുടെ ആശാന്മാർ. മഞ്ജരിയുടെ വേഷത്തിലെത്തുന്ന ആശാ ശരത്തും മ‌ഞ്ജിമയായി എത്തുന്ന ദീപ്തി സതിയും തങ്ങളുടെ വേഷത്തോട് നീതി പുലർത്തി എന്നു മാത്രമെ പറയാനാവൂ. അലൻസിയർ,​ മണിയൻപിള്ള രാജു,​ സിജോയ് വർഗീസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വാൽക്കഷണം: പ്രായമോ? അത് വെറുമൊരു നന്പറല്ലേ
റേറ്റിംഗ്: 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ