Wednesday, 20 September 2017 8.01 PM IST
മന്ത്രിമാരെ മാറ്റിയാൽ പ്രതിച്ഛായ മാറുമോ
September 3, 2017, 2:00 am
പാർലമെന്റിലേക്ക് 2019-ൽ വീണ്ടും ജനവിധി തേടാനിരിക്കെ, മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിച്ചും മന്ത്രിസഭ വികസിപ്പിച്ചും ഒരു പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ലക്ഷ്യം കേരളത്തിൽ അടക്കം പുതിയ വൃഷ്ടിപ്രദേശങ്ങൾ കണ്ടെത്തി 350 ലേറെ സീറ്റ് നേടുകയാണ്. ഉത്തർപ്രദേശിലെ ദളിത് നേതാവായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തും ബ്രാഹ്മണനേതാവായ മഹേന്ദ്രനാഥ് പാണ്ഡെയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തും പ്രതിഷ്ഠിച്ച് ജാതിസമവാക്യ പരീക്ഷണം. ബീഹാറിലെ ഐക്യദളിനെ വശത്താക്കി പുതിയ രാഷ്ട്രീയസഖ്യ പരീക്ഷണം. ഗുജറാത്തിലെ ശങ്കർസിംഗ് വഗേലയെ വലയിലാക്കി രാഷ്ട്രീയചാഞ്ചാടികളെ പ്രലോഭിപ്പിക്കാനുള്ള പരീക്ഷണം. ഈ പരീക്ഷണപരമ്പരയുടെ ഭാഗമായി വേണം മന്ത്രിമാരുടെ ഇളക്കിപ്രതിഷ്ഠയെ കാണാൻ. പക്ഷേ, ഒരു സന്ദേഹം. ഭരണകൂടത്തിന്റെ കാഴ്ചപ്പാട് മാറ്റാതെ മന്ത്രിമാരെ മാറ്റിയതുകൊണ്ട് എന്തു ഫലം? മാറ്റാൻ പോകുന്ന മന്ത്രിമാരിൽ പലർക്കും രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഒരു മുഖം പോലുമില്ല! മുഖമില്ലാത്തവരെ മാറ്റി പ്രതിഷ്ഠിച്ചാൽ എങ്ങനെയാണ് മന്ത്രിസഭയുടെ മുഖംമിനുങ്ങുക.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിയുടെ സ്ഥിതി നോക്കാം. വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ബീഹാറുകാരനായ ധർമ്മേന്ദ്ര പ്രധാനെക്കുറിച്ച് രാജ്യത്ത് എത്ര പേർക്ക് അറിയാം? ഇങ്ങനെ ഒരാൾ കേന്ദ്രമന്ത്രിസഭയിലുണ്ടെന്ന് പോലും അറിയാത്തവരാണ് രാജ്യത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും.
അദ്ദേഹത്തെ മാറ്റിയതുകൊണ്ടോ മാറ്റാതിരുന്നതുകൊണ്ടോ രാജ്യത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില തോന്നിയതു പോലെ കൂട്ടുന്നതിലോ കുറയ്ക്കുന്നതിലോ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്ന് മനസിലാക്കാൻ മിനിമം രാഷ്ട്രീയ സാക്ഷരതയും സാമാന്യബുദ്ധിയും മതി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, 2012 ഒക്ടോബറിൽ പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല ഒഴിയേണ്ടിവന്നപ്പോൾ എസ്. ജയ്‌പാൽ റെഡ്ഡി ഇന്ധന വില വർദ്ധനവിന് പിന്നിലെ രഹസ്യങ്ങൾ പരോക്ഷമായി വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ എണ്ണകമ്പനികളുടെ കച്ചവടതാത്‌പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ധനവില വർദ്ധിപ്പിക്കേണ്ടിവരുന്നതെന്ന സൂചനയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ. അതിന് ശേഷം കേന്ദ്രഭരണവും ഭരണത്തിന് നേതൃത്വം നൽകുന്ന കക്ഷിയും മാറി. അപ്പോൾ കോൺഗ്രസായിരുന്നു മുഖ്യ ഭരണകക്ഷി. ഇപ്പോൾ മുഖ്യ ഭരണകക്ഷി ബി.ജെ.പിയാണ്. റിലയൻസ് അടക്കമുള്ള സ്വകാര്യ എണ്ണ കമ്പനികളുടെ സ്വാധീനത്തിന് എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ? പ്രധാനായാലും അപ്രധാനായാലും വെറുതേ മന്ത്രിയായി ഇരിക്കാമെന്നേയുള്ളൂ. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് ഇന്ധനവില വർദ്ധന. പക്ഷേ, ഭരണനേതൃത്വത്തിന് മാത്രമേ ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കൂ. പാവം മന്ത്രി! വേറെന്ത് പറയാൻ.
ഇന്ത്യ - ചൈന അതിർത്തിയിൽ പതിവില്ലാത്ത വിധം യുദ്ധസാദ്ധ്യതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാനിടയാക്കിയ ഡോക്‌ലാംഗ് സംഘർഷം രാജ്യത്തിന് അഭിമാനകരമായ രീതിയിൽ ശമിച്ചപ്പോൾ പ്രതിരോധവകുപ്പിന് സ്വന്തമായി ഒരു മന്ത്രി പോലുമില്ലായിരുന്നു. മന്ത്രിയുടെ ഇടപെടലായിരുന്നില്ല നിർണ്ണായകം. ദേശസ്നേഹത്തിന്റെ കാര്യത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഏത് അറ്റംവരെയും പോകുമെന്ന് മനസിലാക്കി ചൈന വിവേകത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയായിരുന്നു. മന്ത്രിക്ക് അതിൽ എന്ത് റോൾ?
കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാന തലത്തിലും ഇത് തന്നെയാണ് അവസ്ഥ. സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സങ്കടത്തിലാഴ്ത്തിയ പണകൊഴുപ്പിന്റെ മഹാമേളയായി മാറിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കുഴപ്പം മൂലമാണോ? മന്ത്രിക്ക് എന്ത് ഭരണപരിചയമിരിക്കുന്നു? നിയമയുദ്ധത്തിന് പഴുതുകളുള്ള ഒരു കരാറിന് രൂപംനൽകാൻ മന്ത്രി മാത്രം വിചാരിച്ചാൽ സാധിക്കില്ലെന്ന് ആർക്കാണ് മനസിലാകാത്തത്. ദുരിതവും സങ്കടവും അനുഭവിച്ചവരുടെ കണ്ണിൽ ഭരണകക്ഷി തന്നെയാണ് പ്രതിക്കൂട്ടിൽ.
അഴിമതിയോ മറ്റ് എന്തെങ്കിലും കൊള്ളരുതായ്മയോ കാണിച്ച മന്ത്രിയെ കൈയോടെ പുറത്താക്കിയാൽ ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടും. എന്നാൽ, ഭരണപരിചയമോ മുഖം പോലുമോ ഇല്ലാത്ത മന്ത്രിമാരെ മാറ്റി മുഖം മിനുക്കാമെന്ന് കരുതുന്നത് പൊതുജനത്തെ കഴുതയായി കാണുന്നതിന് തുല്യമാണ്. ഭരണകൂടത്തിന്റെ മുഖംമിനുക്കാൻ മന്ത്രിമാരെയല്ല, ഭരണകക്ഷിയുടെ തെറ്റായ നയപരിപാടികളാണ് മാറ്റേണ്ടത്. പൊതുജനം കഴുതയാണെന്ന ഉറച്ച വിശ്വാസമായിരുന്നു യു.പി.എ സർക്കാരിന്റെയും കോൺഗ്രസിന്റെയും ദയനീയ പതനത്തിന് കാരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ