പാദസരമണിയേണ്ട മകളുടെ കാലിൽ ചങ്ങലയിടേണ്ടി വന്നു, ചങ്കുപിടഞ്ഞ് ആ അച്ഛൻ പറഞ്ഞു
September 2, 2017, 9:50 pm
തന്റെ മകളെ നിറമണിഞ്ഞ പുത്തനുടുപ്പും നിറയെ മണികളുള്ള പാദസരവും അണിയിക്കുക ഏതൊരു അച്ഛന്റേയും സ്വപ്നമായിരിക്കും. എന്നാൽ പാദസരമണിഞ്ഞു നടക്കേണ്ട ഒരു പെൺകുട്ടിയുടെ കാലുകൾ ഇരുമ്പു ചങ്ങല കൊണ്ട് ബന്ധിക്കേണ്ട ഗതികേട് ഒരു അച്ഛനുണ്ടായി. ഓരോ ദിവസവും മകളുടെ കാലുകൾ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിക്കുമ്പോൾ ചങ്കുപൊട്ടുകാണെന്നും ഇതല്ലാതെ മറ്റു മാർഗം തന്റെ മുന്നിലില്ലെന്നും ആ അച്ഛൻ പറയുന്നു.

മകൾ ഓടിപ്പോവാതിരിക്കാൻ തന്റെ മകളെ ചങ്ങലിക്കിട്ട് ജോലിക്ക് പോകുന്ന പിതാവിന്റെയും മകളുടെയും കഥ ലോകമറിയുന്നത് ജെ. എം ബി ആകാശ് എന്ന ബംഗ്ലാദേശി ഫൊട്ടോഗ്രാഫർ സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ്. ചെരിപ്പുകുത്തിയായ അച്ഛന്റെ ജോലി മാത്രമാണ് ആ കുടുംബത്തിലെ ഏക വരുമാന മാർഗം. പെൺകുട്ടിയ്‌ക്ക് ഏഴ് വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അതിന് ശേഷം അമ്മയായും അച്ഛനായും അയാൾ അവളെ വളർത്തി.

ധാക്കയിലെ ചേരിയിലെ ഒരു കുഞ്ഞുകൂരയിലിരുന്ന് അച്ഛൻ തന്റെ മകളെ കുറിച്ച് പറഞ്ഞപ്പോൾ ആകാശ് ശ്രദ്ധിച്ചത് ആ മകളിലേക്കായിരുന്നു. അച്ഛന്റെ കണ്ണുതെറ്റിയാൽ ഈ മകൾ എവിടേക്കെങ്കിലും ഇറങ്ങിപ്പോയ്ക്കളയും. പിന്നെ ദിവസങ്ങളോളം അവളെ തിരഞ്ഞു നടക്കലാണ് അദ്ദേഹത്തിന്റെ പണി. മിക്കവാറും അവളെ കണ്ടെത്തുക തെരുവിലെ മയക്കുമരുന്നുപയോഗിക്കുന്ന കുട്ടികളുടെ സംഘത്തിൽ നിന്നോ ലൈംഗികത്തൊഴിലാളികളുടെയിടയിൽനിന്നോ ഒക്കെയാവും. മകളെ കാണാതായ ദിവസങ്ങളിൽ താൻ മരിച്ചു പോയതുപോലെയാണ് തോന്നിയതെന്നും അവളെ വീണ്ടെടുക്കുന്നതുവരെ ഒരു സമാധാനവുമില്ലായിരുന്നുവെന്നും ആ അച്ഛൻ പറയുന്നു.

10 ദിവസമായി ഞാനെന്റെ മകളെ ചങ്ങലയിൽ പൂട്ടിയിട്ടിട്ട് എന്ന് ബംഗ്ലാദേശ് സ്വദേശിയായ കമൽ ആകാശിനോട് പറയുകയും ആ അച്ഛന്റെ സങ്കടങ്ങൾ കണ്ടപ്പോൾ മകളെ നേരിൽക്കാണാനെത്തിയ ആകാശ് അവളുടെ ചിത്രം പകർത്തുകയും ഈ അച്ഛന്റെയും മകളുടെയും ദുരിതകഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ