Thursday, 21 September 2017 9.00 AM IST
പണയവസ്‌തുവായി മകളെ കാമറയ്‌ക്ക് മുന്നിൽ കൊണ്ടുവന്നത് ദിലീപ് എന്ന അച്ഛൻ തന്നെയെന്ന്
September 10, 2017, 5:56 pm
ദിലീപ് വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് തിരക്കഥാ കൃത്തായ ഉണ്ണി.ആർ അടുത്തിടെ എടുത്ത നിലപാട് മാദ്ധ്യമപ്രവർത്തകർക്കെതിരെയായിരുന്നു. ഒരു പ്രമുഖ ദിനപത്രത്തിൽ 'മാദ്ധ്യമ സുഹൃത്തുക്കൾക്ക് ക്ഷമാപണത്തോടെ' എന്ന ലേഖനത്തിൽ പാപ്പരാസികൾക്ക് തുല്യമാണ് മലയാള മാദ്ധ്യമ പ്രവർത്തനം എന്ന് പറയാതെ പറയുകയായിരുന്നു ഉണ്ണി.ആർ. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ മകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ് മാദ്ധ്യ പ്രവർത്തകർ എന്നായിരുന്നു ഉണ്ണിയുടെ വിമർശനം.

ഇപ്പോഴിതാ, ഉണ്ണിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാദ്ധ്യമ പ്രവർത്തകനായ ലീൻ.ബി.ജെസ്‌മസ്. സ്വന്തം പ്രണയത്തിന് കുടപിടിക്കാൻ മകളെ വേഷം കെട്ടിച്ച് മാദ്ധ്യമങ്ങളുടെ മുന്നിലെത്തിച്ചത് ദിലീപ് തന്നെയാണെന്നാണ് ലീനിന്റെ വിമർശനം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലീൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'കഥാകൃത്തും ,മുൻ മാധ്യമപ്രവർത്തകനുമായ ഉണ്ണി .ആർ . വായിച്ചറിയാൻ ..
മാദ്ധ്യമ പ്രവർത്തകരോട് ക്ഷമാപണത്തോടെ ഉണ്ണി എഴുതിയ കുറിപ്പ് ക്ഷമയോടെ തന്നെ വായിച്ചു.
അതിൽ പറയുന്ന സ്വകാര്യതയുടെ അതിരുകളെ ബഹുമാനിക്കുന്നു. മാദ്ധ്യമപ്രവർത്തകർ ലോകമെങ്ങും ആ അതിരുകൾക്കുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്നുവെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു. നമ്മൾ ഒന്നിച്ചു മാദ്ധ്യമ പ്രവർത്തനം നടത്തിയിരുന്ന കാലത്തിന് മാറ്റമൊരുപാട് സംഭവിച്ചതിനാലും, ഉണ്ണി ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന സിനിമാ രംഗത്തെന്നപോലെ ഈ മേഘലയിലും മത്സരം കടുത്തതാണ് എന്നതിനാലും മൂല്യങ്ങൾ മുറുകെപ്പിടിച്ചുള്ള മാദ്ധ്യമ പ്രവർത്തനം തികച്ചും അപ്രായോഗികമാണെന്ന് താങ്കൾക്കും ബോധ്യമുണ്ടാകുമല്ലോ.

ഉണ്ണിയെ ഇത്തരമൊരു കുറിപ്പിന് പ്രേരിപ്പിച്ച സംഭവത്തിലേക്ക് വരാം. ജയിലിൽ കഴിയുന്ന സിനിമാ നടൻ ദിലീപിന്റെ മകൾക്ക് അർഹമായ സ്വകാര്യതയെ മാദ്ധ്യമപ്രവർത്തകർ ഇല്ലാതാക്കുന്നു എന്ന ആശങ്ക തീർച്ചയായും ശരിയാണ്. അച്ഛനെക്കാണാൻ രണ്ടാനമ്മയ്‌ക്കൊപ്പം ജയിലിൽ എത്തിയപ്പോഴും, മുത്തച്ഛന്റെ ശ്രാദ്ധത്തിന് അച്ഛന് പിറകിൽ അനുഗമിക്കുമ്പോഴും മാദ്ധ്യമക്കണ്ണുകൾ മീനാക്ഷിക്ക് പിന്നാലെയുണ്ടായിരുന്നു. അത് സ്വാഭാവികമല്ലേ ഉണ്ണി? ദിലീപ് -മഞ്ജു വാര്യർ എന്നീ ജനപ്രിയ താരങ്ങളുടെ ഏക മകളാണ് മീനാക്ഷി. മാദ്ധ്യമങ്ങൾക്ക് മാത്രമല്ല,മലയാളത്തിലെ സിനിമാ പ്രേമികൾക്കും അവൾ പ്രിയപ്പെട്ടവളാണ്. അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞപ്പോഴും മകൾ അച്ഛനൊപ്പം നിൽക്കാനുള്ള തീരുമാനം എടുത്തപ്പോഴുമൊന്നും പാപ്പരാസികൾ എന്ന് വിളിക്കാവുന്ന മലയാള മാദ്ധ്യമങ്ങൾ പോലും അവൾക്ക് പിന്നാലെ പോയിട്ടില്ല. മകളെച്ചൊല്ലി വിവാദങ്ങളോ, ഒരു പരാമർശമോ നടത്താതെ അവളുടെ ഇഷ്ടത്തിനും സ്വകാര്യതയ്ക്കും വില കൽപ്പിച്ച മഞ്ജുവാരിയർക്ക് നമ്മൾ എഴുന്നേറ്റുനിന്ന് കൈയടി നൽകുക. രണ്ടായിരത്തി പതിനാറ് നവംബർ ഇരുപത്തിയാറിന് മീനാക്ഷി മാദ്ധ്യമങ്ങളുടെ ക്യാമറയ്ക്കും മൈക്കിനും മുൻപിൽ എത്തിയത് എന്തിനായിരുന്നു? അവളുടെ അച്ഛന്റെ രണ്ടാം കല്യാണത്തിന് പണയവസ്തുവായി അവളെ കാമറക്കു മുൻപിലേക്ക് കൊണ്ടുവന്നത് ദിലീപ് എന്ന അവളുടെ സംരക്ഷകനായ അച്ഛനാണ്. അയാളുടെ പ്രണയ സാഫല്യത്തിന് മകളെക്കൊണ്ട് മറ്റൊരു ഭാഷ്യം തീർക്കുവാൻ.

ഇനി ഏറ്റവുമൊടുവിൽ ശ്രാദ്ധ ചടങ്ങിൽ പ്രായമേറെയായായ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്യാമറ കണ്ണുകൾക്ക് മുൻപിലെത്തിക്കുന്ന സീൻ എഴുതി ചേർത്തതാരാണ് ?
ദിലീപിന്റെയും കാവ്യയുടെയും പത്തുകൊല്ലത്തിലേറെ നീണ്ട പ്രണയ നാടകങ്ങളെക്കുറിച്ച് എല്ലാമറിയുന്നവർ തന്നെയായിരുന്നു കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ.ഡയാന കേസിൽ എന്ന പോലെ അവരുടെ സമാഗമങ്ങൾ പകർത്താൻ ആരും കാമറയുമായി അവരെ വേട്ടയാടിയിട്ടില്ല. അവരുടെ സ്വകാര്യതകളെ ചോദ്യം ചെയ്തിട്ടുമില്ല. കേരളത്തിലെ ചില മാദ്ധ്യമ പ്രവർത്തകരുടെ സ്വകാര്യതകളിലേക്ക് ഓൺലൈൻ അഭിമുഖത്തിലൂടെ നാവുകുഴഞ്ഞ ജൽപ്പനങ്ങൾ നടത്തിയപ്പോഴും ദിലീപിനെ തിരുത്തുവാൻ ഒരു സിനിമാ പ്രവർത്തകനും തയ്യാറായതുമില്ല.

മീനാക്ഷിയെ പ്രദർശന വസ്തുവാക്കി മാദ്ധ്യമ കാമറകൾക്ക് മുൻപിലെത്തിച്ച ശേഷം അതിന്റെ പഴി
മാദ്ധ്യമങ്ങൾക്ക് മേൽ ചാർത്തുന്നത് ശരിയാണോ ഉണ്ണീ ? മാദ്ധ്യമങ്ങളുടെ പ്രവർത്തിയിൽ ആശങ്കപ്പെടുന്ന ഉണ്ണി, ഇക്കാലത്ത് ഇന്ത്യയിലെ മാദ്ധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടി ആകുലപ്പെടുമെന്ന് കരുതട്ടെ ? സമയം കിട്ടുമ്പോൾ അതിനെക്കുറിച്ചു കൂടി എഴുതുമല്ലോ.
സനേഹത്തോടെ
അന്നും ഇന്നും മാദ്ധ്യമ പ്രവർത്തകനായ
ലീൻ.ബി .ജെസ്മസ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ