തന്റെ പതിനാറടിയന്തിരം ആഗ്രഹിക്കുന്ന സംഘികൾക്ക് സ്വന്തം ചിലവിൽ സദ്യനൽകാമെന്ന് വി.ഡി.സതീശൻ
September 10, 2017, 6:42 pm
തിരുവനന്തപുരം: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് എം.എൽ.എ വി.ഡി.സതീശൻ രംഗത്തുവന്നു. ഗ്രഹണകാലത്തു പൂഴിനാഗത്തിനും വിഷമുണ്ട് എന്ന പഴഞ്ചൊല്ല് പോലെയാണ്ശശികലയുടെ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരിൽ വോട്ട് ചോദിച്ചു അധികാരത്തിൽ വന്ന മോദിയുടെ പരാജയങ്ങൾ മറയ്‌ക്കാൻ സംഘപരിവാർ വർഗീയത ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം പറവൂരിൽ കോൺഗ്രസ് നടത്തിയ മതേതര സംഗമത്തിനെതിരെ ഹിന്ദു ഐക്യ വേദി നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിഷം ചീറ്റുന്ന പ്രസംഗം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് 'മതേതര' എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുക്കുന്ന ശശികലയ്ക്കെതിരെ സർക്കാർ നടപടിയെടുക്കണം. എന്റെ പതിനാറടിയന്തിരം നടത്തുമെന്ന് പ്രസംഗിച്ച അതെ യോഗത്തിലാണ് ഈ പ്രസംഗം നടന്നതും. എന്റെ പതിനാറടിയന്തിരം നടത്താൻ ആഗ്രഹിക്കുന്ന സംഘികൾക്ക് അന്ന് എന്റെ ചിലവിൽ അന്നദാനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയിട്ടുള്ള പ്രസംഗത്തിൽ കേസെടുത്തില്ല എന്നത് അദ്‌ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചവർക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പൊലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആർ.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണന്താനത്തിന് വിരുന്നു ഒരുക്കുന്ന തിരക്ക് കഴിഞ്ഞാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടെ ഒന്ന് ശ്രദ്ധിക്കണം. കാര്യങ്ങൾ മനസ്സിലാവുന്നില്ലെങ്കിൽ കർണ്ണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് ഉപദേശം ചോദിക്കണം. ഇത് കേരളത്തിന്റെ മതേതര എഴുത്തുകാരോട് മാത്രമല്ല ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. വേറിട്ട അഭിപ്രായങ്ങൾ കൊന്നു തള്ളുകയെന്ന ആർ. എസ്.എസിന്റെ അക്രമഭീഷണിക്കു മുന്നിൽ ഒരു മതേതര വിശ്വാസിയും, ഈ രാജ്യത്തെ കോൺഗ്രസ് പ്രവർത്തകനും വഴങ്ങില്ല. ഇത് സംബന്ധിച്ച് ഞാൻ ഡി.ജി.പി.ക്കു പരാതി നൽകിയിട്ടുണ്ട്. ഇവരെ ഇനിയും ഈ വിഷം ചീറ്റാൻ കേരളത്തിലെ പോലീസ് തയ്യാറാവുകയാണെങ്കിൽ അവർ സംഘ പരിവാറായിട്ടു സന്ധി ചെയ്തു എന്ന് തന്നെ ജനം ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ