Thursday, 21 September 2017 10.32 AM IST
ഇർമയുടെ 'ചുഴലികൈകൾ' ഫ്ലോറിഡയിൽ, 63 ലക്ഷം പേരെ ഒഴിപ്പിച്ചു, 3 മരണം
September 10, 2017, 10:34 pm
വാഷിങ്ടൺ: കരീബിയൻ ദ്വീപുകളെ തകർത്തെറിഞ്ഞ ഇർമ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്ത് വീശിയടിച്ചു തുടങ്ങി. ദുരന്തസാദ്ധ്യത കണക്കിലെടുത്ത് ഇവിടെ താമസിക്കുന്ന 63 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റെന്ന് വിശേഷിപ്പിച്ച ഇർമ തീരത്ത് പ്രഹരിച്ചു കഴിഞ്ഞാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകുമെന്നതിനാൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശമാകും ഇർമ സൃഷ്‌ടിക്കുക.അതേസമയം. ദുരന്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഇർമ വീശിയടിച്ചതോടെ ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണെന്നാണ് റിപ്പോർട്ട്. കടൽ തീരത്ത് 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരമാല വീശുന്നുണ്ട്. ജീവന് ഭീഷണിയാകുന്ന കാറ്റ് ജനജീവിതം ദുഷ്‌ക്കരമാക്കുമെന്നതിനാൽ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അമേരിക്കയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ഫ്ലോറിഡ. 2.1കോടിയാണ് ജനസംഖ്യ.

ചുഴലിക്കാറ്റിന്റെ ബാഹ്യ വലയങ്ങൾ തെക്കൻ ഫ്ലോറിഡയിൽ എത്തിയതോടെ കനത്ത മഴയും ശക്തമായ കാറ്റും തുടങ്ങി. മാരകമായ മണ്ണൊലിപ്പിനും ഇർമ കാരണമാകും.

ഫ്ലോറിഡയുടെ തെക്കൻ തീരത്തെ ജനങ്ങൾ ഇന്നലെ അർദ്ധരാത്രിയോടെ കൂട്ടത്തോടെ വീടുകൾ വിട്ടിറങ്ങി. ഇതുകാരണം വടക്കോട്ടുള്ള ഹൈവേകളെല്ലാം വൻ ഗതാഗതക്കുരുക്കിലാണ്. തെക്കൻ മുനമ്പിൽ നിന്നാകും ജനസാന്ദ്രത വളരെ കൂടുതലായ വടക്കൻ ഫ്ലോറിഡയിലേക്ക് ഇർമ കടക്കുന്നത്.

സമീപ സംസ്ഥാനങ്ങളായ ജോർജിയയിലും കരോളിനയിലും കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഫ്ലോറിഡയുടെ തെക്കൻ മുനമ്പിലെ നഗരമായ മയാമിയിൽ മാത്രം ഇർമ 12,500 കോടി ഡോളറിന്റെ (8.12 ലക്ഷം കോടി രൂപ ) നാശമുണ്ടാക്കുമെന്നാണ് കണക്ക്. പ്രസിദ്ധമായ മയാമി ബീച്ച് വിജനമായി.

നാശഭീതിയിൽ യൂണിവേഴ്സൽ സ്റ്റുഡിയോയും ഡിസ്‌നി വേൾഡും പ്രസിദ്ധ തീം പാർക്കായ സീവേൾഡും അടച്ചിട്ടു.

ചുഴലിക്കാറ്റ് 160 കിലോമീറ്റർ വേഗതയിൽ ഇന്നലെ ക്യൂബയുടെ വടക്കു കിഴക്കൻ തീരത്ത് എത്തിയിട്ടുണ്ട്.

മണിക്കൂറിൽ 295 കിലോമീറ്റർ വേഗതയിൽ വീശി മാരകമായ കാറ്റഗറി 5ലായിരുന്ന ഇർമ കഴിഞ്ഞ ദിവസം 160 കിലോമീറ്റർ വേഗതയിലേക്ക് ശക്തി ക്ഷയിച്ച് കാറ്റഗറി 4ൽ ആയിരുന്നു. ഇന്നലെ വീണ്ടും രൗദ്രഭാവം പൂണ്ട് കാറ്റഗറി 5ൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഫ്ലോറിഡ തീരത്തെത്തും മുമ്പ് കാറ്റഗറി നാലിലേക്ക് മാറിയതായാണ് സൂചന. 160 കിലോമീറ്റർ വേഗത തന്നെ വൻ നാശമുണ്ടാക്കാൻ പോന്നതാണ്. മരങ്ങളും വൈദ്യുത പോസ്റ്റുകളും ടവറുകളും കടപുഴകും. വീടുകളുടെ മേൽക്കൂരകൾ പറന്നുപോകും. കരയോട് അടുക്കും തോറും പ്രഹര ശേഷി കൂടുന്ന വിഭാഗത്തിലാണ് ഇർമ. 1851നു ശേഷം കാറ്റഗറി അഞ്ചിൽപ്പെട്ട ചുഴലിക്കാറ്റ് മൂന്നു തവണ മാത്രമാണ് അമേരിക്കയിൽ എത്തിയിട്ടുള്ളത്.

ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഇർമ നാശം വിതച്ച ദുരിത മേഖലയിലെ ഇന്ത്യക്കാർ പൂർണ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരാക്കസ്, ഹവാന, ജോർജ് ടൗൺ, പോർട് ഓഫ് സ്‌പെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ