ലാഹോറിൽ നിന്ന് വ്യത്യസ്തനാമൊരു ബാർബർ
September 11, 2017, 9:36 am
ലാഹോർ: 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല'- കഥ പറയുന്പോൾ എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ബാലൻ എന്ന കഥാപാത്രത്തെ മലയാളികൾ ഇന്നും നെഞ്ചേറ്റുന്നുണ്ട്. ഇപ്പോഴിതാ,​ ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിൽ നിന്ന് അതുപോലൊരു ബാർബർ ശ്രദ്ധ നേടുന്നു. ലാഹോർ സ്വദേശിയായ സാദിഖ് അലിയാണ് ജോലിയിലെ തന്റെ വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരേസമയം 15 കത്രികകൾ ഉപയോഗിച്ചാണ് ഈ യുവാവ് മുടി മുറിക്കുന്നത്.

20 മിനിട്ടു കൊണ്ട് മുടി മുറിച്ച് യുവാക്കളെ കൂടുതൽ സുന്ദരന്മാരും മുതിർന്നവരെ സുന്ദരക്കുട്ടപ്പന്മാരുമാക്കി മാറ്റും സാദിഖ്. 100 രൂപയാണ് മുടി വെട്ടുന്നതിനായി സാദിഖ് ഈടാക്കുന്നത്. സാദിഖിന്റെ സലൂണും മുടിവെട്ടലും ഇതിനോടകം തന്നെ പ്രാദേശിക ചാനലുകളിൽ വാർത്തയായിക്കഴിഞ്ഞു. പാക് ക്രിക്കറ്റ് താരങ്ങളായ ഉമർ അക്‌മൽ,​ സൊഹെയ്ൽ തൻവീർ,​ മുൻ ക്യാപ്ടൻ ഇൻസമാം ഉൾ ഹഖ്,​ പാക് കോച്ച് മിക്കി ആർതർ തുടങ്ങിയവരെല്ലാം സാദിഖിന്റെ സലൂണിലെ സ്ഥിരം ഉപഭോക്താക്കളാണ്.

ചൈനയിലെ ഹെയർഡ്രെസറായ സെദോംഗ് വാംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാദിഖും ഈ രീതി അവലംബിച്ചത്. വാംഗ്, 2007ൽ ഒരേസമയം പത്ത് കത്രികൾ ഉപയോഗിച്ച് മുടി മുറിച്ചിരുന്നു. 16 കത്രികൾ ഉപയോഗിച്ച് മുടി മുറിച്ച് റെക്കാഡ് ഇടുകയാണ് സാദിഖ് അലിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.