Thursday, 21 September 2017 10.31 AM IST
9/11 ആക്രമണത്തിന് സഹായം നൽകിയത് സൗദി അറേബ്യയെന്ന് കണ്ടെത്തൽ
September 11, 2017, 10:15 am
വെബ് ഡെസ്‌ക്ക്
വാഷിങ്‌ടൺ:ലോകമനസാക്ഷിയെ ഞെട്ടിച്ച അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇന്ന് 16 വയസ് പിന്നിടുന്നു. കണ്ണടച്ച് തുറക്കും മുമ്പ് മണ്ണായി മാറിയ അംബര ചുംബിയെയും ആയിരക്കണക്കിന് നിരപരാധികളെയും ഇന്ന് ലോകം മുഴുവൻ സ്‌മരിക്കുകയാണ്. എന്നാൽ 2011 സെ‌പ്‌തംബർ 11ന് നടന്ന ആക്രമണത്തിന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം നൽകിയെന്ന അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി(എഫ്.ബി.ഐ)യുടെ കണ്ടെത്തലാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ആക്രമണത്തിന് മുമ്പ് നടന്ന പരീക്ഷണത്തിലാണ് അമേരിക്കയിലെ സൗദി എംബസി സാമ്പത്തിക സഹായം നൽകിയത്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ എഫ്.ബി.ഐ ഈ റിപ്പോർട്ട് നൽകിയതെന്ന് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു. അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും വേൾഡ് ട്രേഡ് സെന്ററിലും ആക്രമണം നടത്തുന്നതിന് രണ്ട് സൗദി പൗരന്മാർക്ക് എംബസി സാമ്പത്തിക സഹായം ചെയ്‌തു. ഇവർ ആക്രമണം നടത്തുന്നതിന് രണ്ട് വർഷം മുമ്പ് ഫീനിക്‌സിൽ നിന്നും വാഷിങ്‌ടണിലേക്ക് വിമാനം പറത്തുകയും ഒരു പാടത്തേക്ക് ഇടിച്ചിറക്കുകയും ചെയ്‌തുവെന്നും റിപ്പോർട്ട് പറയുന്നു.

എന്നാൽ ആക്രമണത്തിന് പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സൗദിയുടെ നിലപാട്. എന്നാൽ ആക്രമണത്തിന് സൗദിയുടെ വ്യക്തമായ പിന്തുണയുണ്ടെന്നാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വിമാനം റാഞ്ചിയത് സൗദി എംബസിയിൽ നിന്നും നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ആക്രമണത്തിന്റ ഗൂഢാലോചനയിലും ഇവർ പങ്കാളികളായെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, ആക്രമണത്തിന്റെ 16ആം വാർഷികത്തോടനുബന്ധിച്ച് അമേരിക്ക കനത്ത സുരക്ഷയിലാണ്. 9/11 പോലുള്ള ആക്രമണങ്ങൾ ആവർത്തിക്കുമെന്ന തീവ്രവാദികളുടെ ഭീഷണിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

9/11 ആക്രമണം
2001 സെപ്‌തംബർ 11ന് റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശേഷം തകർത്തു.

ഇസ്‌ലാമിക തീവ്രവാദ സംഘടനയായ അൽഖ്വയ്ദയിലെ 19 അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനവുമായി മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ് കൗണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ ഹൗസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നു കരുതുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ