സെബാസ്റ്റ്യൻ പോളിന്റെ 'ദിലീപിന്റെ നീതി നിഷേധ'ത്തെ പിന്തുണച്ച് സിദ്ദിഖ്
September 11, 2017, 9:09 pm
തിരുവനന്തപുരം: ദീലീപിന്റെ നീതി നിഷേധിച്ചതിനെ കുറിച്ച് ഇടതുസഹയാത്രികൻ സെബാസ്‌റ്റ്യൻ പോൾ നടത്തിയ പ്രസ്‌താവനയെ പിന്തുണച്ച് നടൻ സിദ്ദിഖ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെബാസ്റ്റ്യൻ പോളിന്റെ ലേഖനവും ഫെയ്സ്ബുക്കിൽ നൽകിയിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദിലീപിന്റെ നീതി നിഷേധത്തെ കുറിച്ച് പ്രശസ്‌ത മാദ്ധ്യമ നിരൂപകനും, സാമൂഹ്യ പ്രവർത്തകനുമായ .സെബാസ്റ്റ്യൻ പോൾ പറയുന്നത് ഞാൻ ചുവടെ ചേർക്കുന്നു..
...................

സഹാനുഭൂതി കുറ്റമല്ല; ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം

സെബാസ്റ്റ്യൻ പോൾ

ദിലീപ് ജയിലിൽ അറുപത് ദിവസം പിന്നിട്ടു. അറുപതെന്നത് റിമാന്റ് കാലാവധിയിലെ നിർണായകമായ ഒരു ഘട്ടമാണ്. അടുത്ത ഘട്ടം തൊണ്ണൂറാണ്. ജാമ്യം എന്ന സ്വാഭാവികമായ അവകാശം നിഷേധിക്കുന്നതിന് അപ്പോഴേയ്‌ക്ക് ഒരു കുറ്റപത്രം കോടതിയിൽ വരും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കും. അത് പൊലീസിന്റെ കാര്യം. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനൽ നിയമവും ഭരണഘടനയും നൽകുന്നത്. നിർഭാഗ്യവശാൽ മജിസ്‌ട്രേറ്റുമാരും ജഡ്‌ജിമാരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു. അവർ പൊലീസിനെ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവലളിതമായ നാടൻ ചോദ്യത്താൽ അവർ നയിക്കപ്പെടുന്നു. ഇരയെ ഓർക്കേണ്ടതല്ലേ എന്ന പ്രത്യക്ഷത്തിൽ മനുഷ്യത്വപരമായ ചോദ്യവും അവർ ഉന്നയിക്കും. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാദ്ധ്യമങ്ങളും ചേർന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണ്.

അബ്ദുൾ നാസർ മഅ്ദനിയുടെ കാര്യത്തിൽ നാമിത് കണ്ടു. എത്ര അനായാസമാണ് ഭീകരൻ എന്ന ചാപ്പ കുത്തി കർണാടക പൊലീസിന്റെ നൃശംസതയ്ക്ക് നാം അദ്ദേഹത്തെ വിട്ടുകൊടുത്തത്. ആരോപിച്ച കുറ്റം തെളിയിക്കാനാവാതെ പ്രോസിക്യൂഷൻ ഇരുട്ടിൽ തപ്പുമ്പോൾ മഅ്ദനിയുടെ അന്യദേശത്തെ ജയിൽവാസം ഏഴു വർഷം പിന്നിട്ടു. എന്നിട്ടും പൊലീസിന്റെ ശൗര്യത്തിനു കുറവുണ്ടോ? അവശതയിൽ കഴിയുന്ന മാതാപിതാക്കളെ കാണുന്നതിനും മകന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനും സുപ്രീം കോടതി നൽകിയ അനുവാദം എത്ര സമർത്ഥമായാണ് നിഷേധിക്കാൻ പൊലീസ് ശ്രമിച്ചത്. പിതൃസ്‌മരണയിൽ രണ്ടു മണിക്കൂർ വീട്ടിൽ ചെലവഴിക്കുന്നതിനുള്ള അനുവാദം ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് നൽകി. പൊലീസിന്റെ എതിർപ്പിനെ മറികടന്നായിരുന്നു അത്. നീതിബോധമുള്ളവർക്ക് സന്തോഷം നൽകിയ വാർത്തയായിരുന്നു അത്. അതിലും കുറ്റം കണ്ടവർ നിരവധി.

നീതിനിഷേധത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ജസ്റ്റീസ് ഫോർ മഅ്ദനി ഫോറം എന്ന പേരിൽ മഅ്ദനിക്കുവേണ്ടി പ്രവർത്തിക്കുന്നതിനുള്ള അവസരം എനിക്കുണ്ടായി. അതിന് ഫലവുമുണ്ടായി. ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകൾക്കൊപ്പം ഞാൻ ചേരുന്നു. ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് ഞങ്ങൾ തമ്മിലില്ല.

തടവറയ്‌ക്ക് താഴിട്ടാൽ തടവുകാരനെ മറക്കുകയെന്നതാണ് സാമാന്യരീതി. ഇന്ത്യൻ ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന ഹതഭാഗ്യരുടെ എണ്ണം പറഞ്ഞാൽ സ്വതന്ത്ര പരമാധികാര റിപ്പബ്ളിക് തല താഴ്‌ത്തും. ദാരിദ്ര്യം കൊണ്ടു മാത്രം ജയിലിൽ കഴിയുന്ന ചിലരെ പണം നൽകി വിമോചിതരാക്കിയ കാര്യം ജയിലിൽ നിന്നിറങ്ങിയ മംഗളം ടെലിവിഷൻ സി.ഇ.ഒ അജിത്കുമാർ എന്നോട് പറഞ്ഞു. മഅ്ദനിയും അത്തരം കഥകൾ പറഞ്ഞിട്ടുണ്ട്. ദിലീപിനും അത്തരം കഥകൾ പറയാനുണ്ടാകും. പാരപ്പന അഗ്രഹാര ജയിലിൽ മഅ്ദനിക്കൊപ്പം കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കറിയ എന്ന ചെറുപ്പക്കാരന്റെ കഥ സമൂഹത്തെ അറിയിച്ചത് ഞാനാണ്.

തടവുകാരോടുള്ള സഹാനുഭൂതി വിശുദ്ധമായ മനോഗുണപ്രവൃത്തിയാണ്. ജീവപര;ന്തം തടവ് അനുഭവിച്ചതിനുശേഷവും മോചിതനാകാതെ അതേ ജയിലിൽ കഴിയുന്ന കോട്ടയം സ്വദേശി പ്രസാദ് ബാബുവിനെയും ഞാൻ കണ്ടു. അയാളുടെ കാര്യം ഞാൻ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മോചനത്തിനുള്ള നടപടി ആരംഭിച്ചു. ഒരു തടവുകാരനിൽ വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. റോമൻ ഭരണകൂടം ആ തടവുകാരനോട് നീതിപൂർവകമായല്ല പെരുമാറിയതെന്ന ആക്ഷേപം എനിക്കല്ല, കാലത്തിനുണ്ട്. ഗാഗുൽത്തയിലെ വിലാപം ഇരുപത് നൂറ്റാണ്ടുകൾക്കിപ്പുറവും കേൾക്കുന്നത് അതുകൊണ്ടാണ്. കുരിശിന്റെ വഴിയിൽ ക്രുദ്ധരായ പട്ടാളക്കാരെ വകവയ്‌ക്കാതെ തടവുകാരനെ സമാശ്വസിപ്പിച്ച വെറോണിക്ക മാത്രമല്ല അവളുടെ പുണ്യം പതിഞ്ഞ തൂവാലയും ഇന്നും ഓർമിക്കപ്പെടുന്നത് അതുകൊണ്ടാണ്.

തടവുകാരെ സന്ദർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നത് ആ തടവുകാരന്റെ നിർദേശമാണ്. അന്ത്യവിധിയുടെ നാളിൽ വിലമതിക്കപ്പെടുന്ന മനോഗുണ പ്രവൃത്തിയാണത്. ഇത് ക്രിസ്ത്യാനികൾക്കു മാത്രം ബാധകമായ കാര്യമല്ല. വിനയന്റെ വിശ്വാസത്തിലും, അല്ലെങ്കിൽ പ്രത്യയശാസ്ത്രത്തിലും, ആത്മീയതയുടെ ഈ വെളിച്ചമുണ്ടാകണം. ജയറാമിന്റെ ഓണക്കോടിയിലും ഗണേഷ്‌കുമാറിന്റെ അൽപം അതിരുവിട്ട സംഭാഷണത്തിലും ഈ വെളിച്ചം ഞാൻ കാണുന്നുണ്ട്. മകൻ ജയിലിൽ കിടന്നാലും കാണാൻ പോവില്ലെന്ന് വിനയൻ പറഞ്ഞത് മകൻ ജയിലിൽ കിടക്കാത്തതുകൊണ്ടാണ്. മകൻ ജയിലിൽ കിടക്കുമ്പോഴുള്ള വേദന അനുഭവിച്ചിട്ടുള്ള പിതാവാണ് ഞാൻ.

ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവൾ ചൂണ്ടിക്കാട്ടിയ പ്രതികൾ ജയിലിലുണ്ട്. അവർക്കെതിരെ തെളിവുകൾ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികൾക്കെതിരെയും പൾസർ സുനി നടത്തിയതായി വാർത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്‌തിയും പരിചയവും അയാൾക്കുണ്ട്. വെളിവാക്കപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എനിക്കുള്ള മറ്റ് സന്ദേഹങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

കൊച്ചിയിലെ ആക്രമണത്തിൽ ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. ആയതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയതായി അറിവില്ല. സന്ധ്യയോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടാകാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യജീവിതം കലുഷമായതിന്റെ ഉത്തരവാദി എന്ന നിലയിലാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ? പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തിൽ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവും?

ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് എല്ലാവർക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോൾ വെടിയുണ്ടകളായിരിക്കും മറുപടി. എന്നാലും ചോദ്യങ്ങൾ അവസാനിക്കരുത്. ദീദി ദാമോദരനും മറ്റും ഈ വിഷയത്തിൽ സ്വീകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത നിലപാട് എന്നെ വേദനിപ്പിക്കുന്നു. ദിലീപിന് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് എന്റെ നിലപാടിനെ വ്യാഖ്യാനിച്ചേക്കാം. സഹതാപതരംഗമോ അനുകൂലതരംഗമോ സൃഷ്ടിക്കപ്പെടുന്നതിൽ എന്തു തെറ്റാണുള്ളത്? പ്രതികൂലതരംഗം സൃഷ്ടിക്കുന്നതിന് മാദ്ധ്യമങ്ങളെ പൊലീസ് നന്നായി ഉപയോഗിക്കുന്നുണ്ട്. ടി ദാമോദരന്റെ സ്‌ക്രിപ്‌റ്റ് പോലെ അനായാസം സങ്കീർണവിമുക്തമാക്കാൻ കഴിയുന്നതല്ല ജീവിതത്തിലെ സന്ധികളും പ്രതിസന്ധികളും. ഭരണഘടനയുടെ പരിരക്ഷയുള്ള പൗരനെ കുടയ്‌ക്കു പുറത്ത് മഴയത്ത് നിർത്തുമ്പോൾ ചോദ്യങ്ങൾ ഉണ്ടാകണം. ജാമ്യത്തിനുള്ള നീക്കം ഓരോ തവണയുണ്ടാകുമ്പോഴും കോടതിയുടെ മനസ് പ്രതികൂലമാക്കുന്നതിന് പൊലീസ് ഓരോ കഥയിറക്കും. മഅ്ദനിയുടെ കേസിൽ അത് നിരന്തരം കണ്ടവരാണ് ഞങ്ങൾ. അതിവിടെ ആവർത്തിക്കരുതെന്ന് ശാഠ്യം പിടിക്കുന്നതിനുള്ള ഉത്തരവാദിത്വം എനിക്കും ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉണ്ട്. സംസാരവും സഹാനുഭൂതിയും തടയുന്നതിന് മജിസ്‌ട്രേട്ടിനെ സമീപിച്ച പൊലീസ് തങ്ങളുടെ ആവനാഴിയിൽ അമ്പുകൾ വേണ്ടത്രയില്ലെന്ന സംശയമാണ് ജനിപ്പിക്കുന്നത്. ഏഴു മാസം പഴക്കമായ കേസിൽ തെളിവുകൾ ആവോളമായെങ്കിൽ ഇനി ദിലീപിന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർക്കരുത്. അയാളെ പുറത്തുനിർത്തി നമുക്ക് വിചാരണയിയേക്ക് കടക്കാം. കുറ്റക്കാരനെന്നു കണ്ടാൽ ദീദിക്കും കൂട്ടർക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ