Wednesday, 20 September 2017 12.33 AM IST
പാകിസ്ഥാനെ വെട്ടി വ്യാജ ഇന്ത്യൻ കറൻസിയുടെ കേന്ദ്രമായി ബംഗ്ളാദേശ്
September 12, 2017, 8:37 am
ന്യൂഡൽഹി: ഇന്ത്യയിലെ വ്യാജ കറൻസി അച്ചടിച്ച് കടത്തുന്ന കാര്യത്തിൽ പാകിസ്ഥാനെ കടത്തിവെട്ടി ബംഗ്ളാദേശ് മുന്നിലെത്തി. 500, 1000 രൂപാ നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള കള്ളനോട്ട് കടത്ത് കുറഞ്ഞിരുന്നു. എന്നാൽ, അതിർത്തി രക്ഷാസേനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബംഗ്ളാദേശാണ് പുതിയ 2000 രൂപയുടെ വ്യാജ നോട്ടുകൾ അച്ചടിച്ച് കടത്തുന്നത്. ജമ്മു, പഞ്ചാബ്, പശ്ചിമ ബംഗാൾ, ആസാം, മേഘാലയ എന്നീ അതിർത്തി സംസ്ഥാനങ്ങൾ വഴിയാണ് പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് വ്യാജ കറൻസികൾ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. എന്നാൽ, ജനുവരി മുതൽ ആസാമിലും ബംഗാളിലും മാത്രമാണ് കള്ളനോട്ട് കടത്ത് വർദ്ധിച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ജനുവരി മുതൽ ആറ് മാസത്തെ കണക്കെടുത്താൽ ബി.എസ്.എഫ് പിടികൂടിയ വ്യാജ കറൻസി 32 ലക്ഷം മാത്രമാണ്. ഇവയെല്ലാം അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുമാണ്. 2015ൽ ഗോഹട്ടി, തെക്കൻ ബംഗാൾ എന്നിവിടങ്ങളിൽ 2.6 കോടി രൂപയുടെ വ്യാജ കറൻസി പിടികൂടിയപ്പോൾ 2016ൽ അത് 1.5 കോടി മാത്രമായിരുന്നു. അതേസമയം, തെക്കൻ ബംഗാൾ, ഗോഹട്ടി എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ പിടികൂടിയ വ്യാജ കറൻസികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

ജനുവരിയിൽ ഒരു ലക്ഷത്തിന്റേയും ഫെബ്രുവരിയിൽ 2.96 ലക്ഷത്തിന്റേയും മാർച്ചിൽ 4.60 ലക്ഷത്തിന്റേയും വ്യാജ കറൻസികൾ പിടികൂടിയിരുന്നു. ഏപ്രിൽ 20 ലക്ഷമായിരുന്നത് മേയിൽ 6.98 ലക്ഷമായി കുറഞ്ഞു. ജൂലായിൽ അതിലും കുറവായിരുന്നു പിടിച്ചെടുത്ത വ്യാജ കറൻസികൾ. അതേസമയം, ആഗസ്‌റ്റ് 22ന് ബംഗാളിലെ മാൽഡ സെക്ടറിൽ 5.20 ലക്ഷത്തിന്റെ വ്യാജ കറൻസികൾ ബി.എസ്.എഫ് പിടികൂടിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ