Wednesday, 20 September 2017 12.27 AM IST
യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു
September 12, 2017, 3:01 pm
ന്യൂഡൽഹി: ഒന്നര വർഷത്തോളമായി യെമനിൽ ഐസിസ് തീവ്രവാദികളുടെ പിടിയിലായിരുന്ന കോട്ടയം സ്വദേശി ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ഉഴുന്നാലിലിന്റെ മോചനം സാദ്ധ്യമായത്. മൂന്ന് മോചിപ്പിക്കപ്പെട്ട ഫാദർ ടോം ഉഴുന്നാലിനെ മസ്‌കറ്റിൽ എത്തിച്ചു. അവശനിലയിൽ ആയിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം ചാർട്ടേർഡ് വിമാനത്തിൽ യൂറോപ്പിലേക്ക് മാറ്റി. ഉഴുന്നാലിലിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

ഒമാൻ സമയം ഇന്ന് പുലർച്ചെയാണ് ഉഴുന്നാലിലിനെ മസ്‌കറ്റിൽ എത്തിച്ചത്. യെമനിൽ തീവ്രവാദികൾ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാൻ ഒമാൻ സജീവമായ ഇടപെടലാണ് നടത്തിവന്നത്. ആ ഇടപെടലിന്റെ ഫലമായാണ് ഫാദർ ടോം അടക്കമുള്ളവർ മോചിതരായത്. ഉഴുന്നാലിനെ മോചിപ്പിച്ച കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സ്ഥിരീകരിച്ചു. ഫാദറിനെ മോചിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് സുഷമ ട്വിറ്ററിലൂടെ പറഞ്ഞു. മോചനത്തിനായി ഇടപെട്ട ഒമാൻ സർക്കാരിന് മന്ത്രി നന്ദി രേഖപ്പടുത്തി.

മോചിപ്പിക്കപ്പെട്ട ഫാദർ ഒമാനിൽ വിമാനമിറങ്ങുന്ന ചിത്രങ്ങളും സർക്കാർ കാര്യാലയത്തിൽ നിൽക്കുന്ന ചിത്രങ്ങളും മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഒമാനിലെത്തിച്ച അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയ ശേഷമാണ് പ്രത്യേക വിമാനത്തിൽ യൂറോപ്പിലേക്ക് കൊണ്ടുപോയത്. വത്തിക്കാനിൽ പോപ്പിനെ കണ്ടിട്ടാവും ഫാദർ ടോം കേരളത്തിലേക്ക് മടങ്ങുകയെന്നും അറിയുന്നു. ഫാദറിനെ കൊണ്ടുപോയത് എവിടേക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഒഫ് ചാരിറ്റി) സന്യാസിനി സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. നാല് കന്യാസ്ത്രീകൾ, ആറ് എത്യോപ്യക്കാർ, ആറ് യെമൻ സ്വദേശികൾ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, തട്ടിക്കൊണ്ടു പോയ ഭീകര സംഘടന ഏതാണെന്നോ ഉഴുന്നാലിൽ എവിടെയാണെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഐസിസാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നാണ് നിഗമനം. ഇതിനിടെ നിരവധി തവണ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ വർഷം മേയിലാണ് ഏറ്റവും ഒടുവിലായി വീഡിയോ പുറത്ത് വന്നത്. വീഡിയോയിൽ അതീവ ക്ഷീണിതനായി കാണപ്പെട്ട് ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും അഭ്യർത്ഥിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ