Thursday, 21 September 2017 9.03 AM IST
കോൺഗ്രസിൽ ധാർഷ്‌ട്യം കടന്നുകൂടി, പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാം: രാഹുൽ ഗാന്ധി
September 13, 2017, 12:29 am
കാലിഫോർണിയ: 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ താൻ പൂർണമായും തയ്യാറാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ടാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിന് എത്തിയ രാഹുൽ ആദ്യ ദിവസമായ ഇന്നലെ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു.
അതേസമയം, കോൺഗ്രസിൽ കുറേ ധാർഷ്‌ട്യം കടന്നുകൂടിയെന്നും 2012 മുതലുള്ള കുറേ വർഷങ്ങളിൽ അവസരങ്ങൾ നഷ്‌ടപ്പെട്ടത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും ആത്മവിമർശനത്തിന്റെ സ്വരത്തിൽ രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ കോൺഗ്രസിന് സംഘടനാ സംവിധാനങ്ങളുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. കുടുംബവാഴ്ചയുടെ പേരിൽ കോൺഗ്രസിനെയും തന്നെ തിരഞ്ഞുപിടിച്ചും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഇന്ത്യയിലെ മിക്കവാറും എല്ലായിടത്തും കുടുബവാഴ്ചയുണ്ട്. ഇന്ത്യ അങ്ങനെയാണ്. എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും കുടുംബ വാഴ്ചയുണ്ട്. അഖിലേഷ് യാദവ്, എം. കെ. സ്റ്റാലിൻ, അഭിഷേക് ബച്ചൻ, അംബാനി തുടങ്ങിയവരൊക്കെ കുടുംബവാഴ്‌ചയുടെ ഉദാഹരണങ്ങളാണ്. പക്ഷേ, കുടുംബബന്ധമല്ല, കാര്യക്ഷമതയും കഴിവുമാണ് പ്രധാനമെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിന് പുതിയ ദിശാബോധം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഗോള ചിന്തകരുമായും രാഷ്ട്രീയ നേതാക്കളുമായും ആശയവിനിമയം നടത്തുകയാണ് രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയിൽ സിലിക്കൺ വാലിയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ വാഷിംഗ്ടൺ ഡി. സിയും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയും ആസ്‌പെൻ ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിക്കും. ന്യൂയോർക്കിലെ മാരിയറ്റ് ഹോട്ടലിൽ രണ്ടായിരത്തോളം വിദേശ ഇന്ത്യക്കാർ പങ്കെടുക്കുന്ന സമ്മേളനത്തിലും രാഹുൽ പ്രസംഗിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ