Thursday, 21 September 2017 9.02 AM IST
സർക്കാരിന്റെ കാര്യങ്ങളിൽ ആർ.എസ്.എസ് ഇടപെടാറുണ്ടോ? മോഹൻ ഭഗവതിന്റെ ഉത്തരം
September 12, 2017, 7:11 pm
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭരണകാര്യങ്ങളിൽ രാഷ്ട്രീയ സ്വയംസേവക് സംഘ്(ആർ.എസ്.എസ്) ഇടപെടാറില്ലെന്ന് സർസംഘ് ചാലക് മോഹൻ ഭഗവത് വ്യക്തമാക്കി. ആർ.എസ്.എസിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. എന്നാൽ ആർ.എസ്.എസിന്റെ കാര്യത്തിൽ ബി.ജെ.പിയും. ബി.ജെ.പിയുടെ കാര്യത്തിൽ ആർ.എസ്.എസും ഇടപെടാറില്ല. എന്നാൽ രണ്ട് സംഘടനകളും പരസ്‌പരം ബഹുമാനം കാത്ത് സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നയതന്ത്ര പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസിനെക്കുറിച്ച് കാലങ്ങളായി നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഇതിലൊന്നാണ് ആർ.എസ്.എസ് ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും നിയന്ത്രിക്കുന്നുവെന്ന്. എന്നാൽ ആർ.എസ്.എസ് രാഷ്ട്രീയ സംഘടനയല്ലെന്നും ഒരു സാമൂഹിക സംഘടനയാണെന്നും ഭഗവത് വ്യക്തമാക്കി.

അതേസമയം, വിവിധ വിഷയങ്ങളിൽ സംഘടനയ്‌ക്കെതിരെ ആരോപണം ഉയർ‌ന്ന സമയത്താണ് 50 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പരിപാടി ആർ.എസ്.എസ് സംഘടിപ്പിച്ചത്. ബി.ജെ.പി രാജ്യത്ത് നടപ്പിലാക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ തള്ളിയ ഭഗവത് ഒരുതരത്തിലുള്ള വിവേചനവും ബി.ജെ.പി രാജ്യത്ത് നടപ്പിലാക്കുന്നില്ലെന്ന് വിശദീകരിച്ചു. വിവേചന രഹിതമായ ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്റെ യഥാർത്ഥ സംസ്‌ക്കാരം മനസിലാക്കുന്നതിന് സംഘടന നടത്തുന്ന ക്യാംപുകളിലും യോഗങ്ങളിലും പങ്കെടുക്കാനും മോഹൻ ഭഗവത് നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ