Wednesday, 20 September 2017 12.37 AM IST
ഫാ. ടോം ഉഴുന്നാലിൽ റോമിലെത്തി, മോചനദ്രവ്യമായി നൽകിയത് ഒരു കോടി ഡോളർ
September 12, 2017, 8:59 pm
ന്യൂഡൽഹി: യെമനിൽ ഐസിസ് തീവ്രവാദികളുടെ തടങ്കലിൽ നിന്നും മോചിപ്പിച്ച ഫാദർ ടോം ഉഴുന്നാലിൽ മസ്‌ക്കറ്റിൽ റോമിലെത്തിയതായി വിവരം. കൂടുതൽ ചികിത്സയ്‌ക്കായി അദ്ദേഹം കുറച്ച് ദിവസം ഇവിടെ തങ്ങും. അതിന് ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തും. ബംഗളൂരുവിലെ സലേഷ്യൻ സഭയിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. എന്നാൽ ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഫാദറിനെ മോചിപ്പിക്കാൻ ഒരു കോടി ഡോളർ മോചനദ്രവ്യമായി നൽകിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഒമാൻ സമയം ഇന്ന് പുലർച്ചെയാണ് ഉഴുന്നാലിലിനെ മസ്‌കറ്റിൽ എത്തിച്ചത്. യെമനിൽ തീവ്രവാദികൾ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാൻ ഒമാൻ സജീവമായ ഇടപെടലാണ് നടത്തിവന്നത്. ആ ഇടപെടലിന്റെ ഫലമായാണ് ഫാദർ ടോം അടക്കമുള്ളവർ മോചിതരായത്. പരമ്പരാഗത യെമനി വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌ക്കറ്റിൽ വന്നിറങ്ങിയത്. തുടർന്ന് അദ്ദേഹത്തിനെ അടിയന്തര വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു.

മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഒഫ് ചാരിറ്റി) സന്യാസിനി സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. നാല് കന്യാസ്ത്രീകൾ, ആറ് എത്യോപ്യക്കാർ, ആറ് യെമൻ സ്വദേശികൾ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, തട്ടിക്കൊണ്ടു പോയ ഭീകര സംഘടന ഏതാണെന്നോ ഉഴുന്നാലിൽ എവിടെയാണെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഐസിസാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നാണ് നിഗമനം. ഇതിനിടെ നിരവധി തവണ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ വർഷം മേയിലാണ് ഏറ്റവും ഒടുവിലായി വീഡിയോ പുറത്ത് വന്നത്. വീഡിയോയിൽ അതീവ ക്ഷീണിതനായി കാണപ്പെട്ട് ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും അഭ്യർത്ഥിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ