Thursday, 21 September 2017 9.03 AM IST
അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്‌ത പീരങ്കി കേടായി
September 12, 2017, 9:44 pm
ന്യൂഡൽഹി: അമേരിക്കയിൽ നിന്നും പുതുതായി ഇറക്കുമതി ചെയ്‌ത ഹോവിസ്‌റ്റർ എം. 77 പീരങ്കി പരീക്ഷണത്തിനിടെ കേടായി. പൊഖ്റാനിൽ നടന്ന പരീക്ഷണത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചാണ് പീരങ്കി കേടായതെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പീരങ്കി നിർമ്മിച്ച ബി.ഇ.ഇ സിസ്‌റ്റവും ഇന്ത്യൻ സൈന്യവും സംയുക്തമായാണ് അന്വേഷണം നടത്തുക.

സെപ്‌തംബർ രണ്ടിന് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലാണ് പീരങ്കിയുടെ മൂന്നാം ഘട്ട പരീക്ഷണം നടന്നത്. തോക്കിന്റെ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവയാണ് പ്രധാനമായും സൈന്യം പരിശോധിച്ചത്. എന്നാൽ ഇതിനിടയിൽ ഇന്ത്യയിൽ നിർമ്മിച്ച ഷെൽ പീരങ്കിയ്‌ക്കകത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പീരങ്കിയുടെ കുഴലിനാണ് കേടുപറ്റിയത്. ഇന്ത്യൻ ഓർഡൻസ് ഫാക്‌ടറിയിൽ നിർമ്മിച്ച ഷെല്ലിന്റെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബോഫോഴ്സ് അഴിമതി നടന്ന് മൂന്ന് പതിറ്റാണ്ടിനു ശേഷം ഈ വർഷം മേയിലാണ് രണ്ട് പുതിയ തോക്കുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിക്കുന്നത്. ഇതിന് മുമ്പ് സ്വീഡനിലെ പ്രതിരോധ ഉപകരണ നിർമാതാക്കളായ ബോഫോഴ്സിൽ നിന്ന് 1980ലാണ് ഇന്ത്യ തോക്കുകൾ വാങ്ങിയത്. 2018ഓടെ മൂന്ന് ഹോവിറ്റ്സർ തോക്കുകൾ കൂടി സൈന്യത്തിന് പരിശീലനത്തിനായി ലഭ്യമാക്കും. 2019 മാർച്ച് മുതൽ പ്രതിമാസം അഞ്ചു തോക്കുകൾ എന്ന നിലയിൽ സൈന്യത്തിന് നൽകി 2021ഓടെ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മനോഹർ പരീക്കർ പ്രതിരോധ മന്ത്രി ആയിരിക്കെയാണ് അമേരിക്കയിൽ നിന്ന് 145 ഹോവിറ്റ്സർ തോക്കുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ കരാറൊപ്പിട്ടത്. 5100 കോടി രൂപയാണ് ഇതിനായി ഇന്ത്യ ചെലവിട്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ