Thursday, 21 September 2017 9.03 AM IST
 ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിചാരണയ്‌ക്ക് അതിവേഗ കോടതി വേണം: സുപ്രീംകോടതി
September 13, 2017, 12:15 am
ന്യൂഡൽഹി: എം.പിമാരും എം.എൽ.എമാരും വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്ക് അതിവേഗ കോടതികൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഴിമതിക്കാരായ നേതാക്കൾക്കെതിരായ നടപടികൾ വൈകാൻ പാടില്ലെന്നും ജെ.ചെലമേശ്വർ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വരുമാനത്തിൽ വൻ വർദ്ധനയുണ്ടാക്കിയ ഏഴ് ലോക്‌സഭാ എം.പിമാരുടെയും 98 എം.എൽ.എമാരുടെയും പേരുകളും ആസ്തി വിവരങ്ങളും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) മുദ്രവച്ച കവറിൽ ഇന്നലെ സമർപ്പിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വാർത്ത ഇന്നലെ പ്രസിദ്ധീകരിച്ച എല്ലാ പത്രങ്ങളിലുമുണ്ടെന്നും അതിനാൽ മുദ്രവച്ച കവറിൽ സമർപ്പിച്ചത് എന്തിനാണെന്നും ജസ്റ്റിസ് ചെലമേശ്വർ പരിഹസിച്ചു. എന്നാൽ, പേരുകൾ പുറത്തുവന്നിട്ടില്ലെന്നായിരുന്നു അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ മറുപടി.
തിരഞ്ഞെടുപ്പിന് മുൻപ് സമർപ്പിച്ച സത്യവാങ്മൂലമായി താരതമ്യപ്പെടുമ്പോൾ ചുരുങ്ങിയകാലം കൊണ്ട് വരുമാനത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ജനപ്രതിനിധികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌പ്രഹരി, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകൾ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സമ്പത്ത് വാരിക്കൂട്ടുന്നവർക്ക്
പരിരക്ഷ ലഭിക്കുന്നുണ്ടോ?
വെളിപ്പെടുത്തിയ വരുമാന സ്രോതസിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച എം.പിമാരും എംഎൽ.എമാരും വീണ്ടും തിരഞ്ഞടുക്കപ്പെടുന്നത് പതിവായെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ പ്രവണത കഴിഞ്ഞ 30 വർഷമായി തുടരുകാണ്. ഇത്തരത്തിൽ സമ്പത്ത് വാരിക്കൂട്ടിയ ജനപ്രതിനിധികൾക്ക് പരിരക്ഷ ലഭിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ജനപ്രതിനിധികളുടെ വരുമാനത്തിൽ വൻ വ‌ർദ്ധനയുണ്ടാകുമ്പോൾ അത് ജനങ്ങളെ അറിയിക്കാൻ മടിക്കേണ്ട കാര്യമില്ല. ജനപ്രനിധികളുടെ വരുമാന സ്രോതസ് കൂടി വെളിപ്പെടേണ്ടതുണ്ട്. പണം വന്ന വഴിയാണ് അറിയേണ്ടത്. 2014ൽ വെളിപ്പെടുത്തിയ സ്വത്തിനേക്കാൾ പത്ത് മടങ്ങ് 2019ൽ രേഖപ്പെടുത്തിയാൽ അതിനെക്കുറിച്ച് തൃപ്തികരമായ അന്വേഷണം നടത്തിയ ശേഷം മാത്രം അവർ അധികാരത്തിൽ തുടരണോയെന്ന് തീരുമാനിക്കുന്നതല്ലേ നല്ലത്.
ജനപ്രതിനിധികളും ബിസിനസുകാരും ക്രിമിനലുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു ശൃംഘലയിലൂടെയാണ് അഴിമതി വളരുന്നതെന്ന് വോറ കമ്മിറ്റി കണ്ടെത്തിയിരുന്നു. സമിതി മുന്നോട്ട് വച്ച ശുപാർശകൾ എന്തായെന്നും കോടതി ആരാഞ്ഞു.
ജനപ്രതിനിധികളുടെ വരുമാന സ്രോതസിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടൻ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് എ.ജി അറിയിച്ചു. ചില അവസരങ്ങളിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 30 വർഷമായി ജനപ്രതിനിധികൾക്കെതിരെ സ്വീകരിച്ച നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ തിരിച്ചടിച്ചു. ആരോപണവിധേയരാവർ തന്നെ അധികാരസ്ഥാനങ്ങളിൽ തിരിച്ചെത്തുന്നു. അഞ്ച് വർഷം കൊണ്ട് ഒരാൾ സമ്പത്തിൽ വൻ വർദ്ധന രേഖപ്പെടുത്തുമ്പോഴെങ്കിലും അന്വേഷണം നടത്തുമോയെന്നും കോടതി ചോദിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ