Thursday, 21 September 2017 9.03 AM IST
എം.ജി.ആറിന് ആദരമായി നൂറ് രൂപയുടെ നാണയം ഉടനെത്തും
September 12, 2017, 10:24 pm
ന്യൂഡൽഹി: രാജ്യചരിത്രത്തിൽ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെയും പ്രശസ്‌ത ഗായിക ഡോ.എം.എസ്.സുബ്ബലക്ഷ്‌മിയുടെയും സ്‌‌മരണാർത്ഥമാണ് നാണയം പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് ധനമന്ത്രാലയം പുറത്ത് വിട്ടു. ഇരുവരുടെയും സ്‌മരണാർത്ഥം റിസർവ് ബാങ്ക് അഞ്ച്, പത്ത് രൂപകളുടെ നാണയങ്ങളും പുറത്തിറക്കും.

എം.ജി.ആറിന്റെയും സുബ്ബലക്ഷ്‌മിയുടെയും ജന്മദിനങ്ങളോടനുബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇപ്പോൾ കറൻസി രൂപത്തിലുള്ള നൂറ് രൂപ നാണയമാക്കി പുറത്തിറക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്‌തംഭവും താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. ഇതേവശത്ത് ദേവനാഗരി ലിപിയിലും മറുവശത്ത് ഇംഗ്ലീഷിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നവും ഇതിലുണ്ടാകും. രണ്ട് തരത്തിലുള്ള നാണയങ്ങളാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇതിലൊന്നിൽ സുബ്ബലക്ഷ്‌മിയുടെയും മറ്റൊന്നിൽ എം.ജി.ആറിന്റെയും ചിത്രവുമുണ്ടാകും.

വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവയുടെ സങ്കരമുപയോഗിച്ചാണ് പുതിയ നാണയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രൂപകൽപ്പനയോട് കൂടിയുള്ള നാണയങ്ങൾ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ