Friday, 22 September 2017 6.32 AM IST
ഫാ. ടോം ഉഴുന്നാലിൽ റോമിലെത്തി
September 13, 2017, 1:07 am
ദുബായ് :യെമനിലെ ഏദനിൽ നിന്ന് ഒന്നര വർഷം മുൻപ് ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടങ്കലിലിട്ടിരുന്ന മലയാളി ക്രിസ്ത്യൻ പുരോഹിതൻ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിൽ മോചിതനായി. വത്തിക്കാൻ ഇടപെട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദിന്റെ സഹായത്തോടെയാണ് മോചനം സാദ്ധ്യമാക്കിയത്. മസ്‌‌കറ്റിൽ എത്തിച്ച അദ്ദേഹം അവശ നിലയിൽ ആയിരുന്നു. അത്യാവശ്യ ചികിത്സ നൽകിയശേഷം അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ റോമിൽ എത്തിച്ചതായി റിപ്പോർട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് അദ്ദേഹം കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

പാലാ രാമപുരം സ്വദേശിയാണ് ഫാ.ടോം. അദ്ദേഹത്തെ മോചിപ്പിക്കാൻ ഒരുകോടി ഡോളർ ( 65 കോടി രൂപ ) ഭീകരർക്ക് നൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.ചൊവ്വാഴ്ച പുലർച്ചെ മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഒമാൻ സർക്കാർ അയച്ച റോയൽ എയർഫോഴ്സ് ഒഫ് ഒമാന്റെ പ്രത്യേക വിമാനത്തിലാണ് മസ്‌കറ്റിൽ എത്തിയത്. കറുത്ത ഷർട്ട് ധരിച്ച് കറുത്ത പുതപ്പ് മുണ്ടു പോലെ ഉടുത്ത് വിമാനത്തിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിവന്ന ഫാദർ ടോം ഏറെ അവശനായാണ് കാണപ്പെട്ടത്. നടക്കാൻ പോലും അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മസ്‌കറ്റിൽ ഒമാൻ ഭരണാധികാരിയുടെ കൊട്ടാരത്തിൽ എത്തിച്ച ശേഷമാണ് അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുപോയത്.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നു മണിയോടെ ഒമാൻ വിദേശമന്ത്രാലയമാണ് മോചന വാർത്ത ആദ്യം പുറത്തുവിട്ടത്. വിവരം സ്ഥിരീകരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.

ഒന്നര വർഷത്തെ ദുരിതം
മദർ തെരേസ രൂപം നൽകിയ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. നാല് സന്യാസിനിമാർ ഉൾപ്പെടെ 16 പേരെ കൂട്ടക്കൊല ചെയ്ത ശേഷമാണ് ഭീകരർ ഉഴുന്നാലിലിനെ ബന്ദിയാക്കിയത്. ഇന്ത്യക്കാരിയായ സിസ്റ്റർ സിസിലി മിഞ്ജിയും കൊല്ലപ്പെട്ടിരുന്നു

സംഭവത്തിനുശേഷം ഫാദറുമായി ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ നിരവധി തവണ പുറത്ത് വന്നു. അതിലെല്ലാം അദ്ദേഹം പീഡനങ്ങൾക്കിരയായെന്ന് വ്യക്തമായിരുന്നു.

ഏറ്റവും ഒടുവിൽ ഈ വർഷം മേയിൽ പുറത്ത് വന്ന വീഡിയോയിൽ അതീവ ക്ഷീണിതനായി കാണപ്പെട്ട ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളായതിനാൽ അടിയന്തര ചികിത്സ അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ പുറത്തുവന്ന വീഡിയോയിലും വളരെ ക്ഷീണിതനായിരുന്ന അദ്ദേഹം തന്റെ മോചനത്തിനായി കേന്ദ്രസർക്കാരും ക്രിസ്ത്യൻ നേതൃത്വവും ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.

നീണ്ടുപോയ മോചനം
യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആയതും മോചനം നീളാൻ കാരണമായി. പരിമിതികൾക്കിടയിലും ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാരും. പ്രാർത്ഥനയോടെ വിശ്വാസികളും കാത്തിരിക്കുകയായിരുന്നു.

ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും ഫാ.ടോമിന്റെ മോചനം സാദ്ധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി.

വത്തിക്കാൻ രംഗത്ത്
ഫാ.ടോമിന്റെ മോചനത്തിനായി വത്തിക്കാൻ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചാണ് ഒമാൻ സർക്കാരിന്റെ സഹായം തേടിയത്. ഒമാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ നിന്ന് വത്തിക്കാന്റെ ഇടപെടൽ വ്യക്തമാണ്. ഫാ.ടോമിനെ വത്തിക്കാന്റെ ജീവനക്കാരൻ എന്നാണ് അതിൽ വിശേഷിപ്പിച്ചിട്ടുള്ളത്. വത്തിക്കാൻ അഭ്യർത്ഥിച്ച പ്രകാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായ്ദിന്റെ നിർദ്ദേശപ്രകാരം യെമനിലെ അധികാരികളുടെ സഹായത്തോടെ വത്തിക്കാൻ ജീവനക്കാരനായ ഫാ.ടോമിനെ മോചിപ്പിച്ചു എന്നാണ് വാർത്താക്കുറിപ്പ്.

എല്ലവർക്കും നന്ദി: ഫാ.ടോം ഉഴുന്നാലിൽ
“എന്നെ രക്ഷിച്ച ദൈവത്തിനോട് നന്ദിയുണ്ട്. മോചിപ്പിക്കാൻ സഹായിച്ച ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് ബിൻ സായിദിന് നന്ദിയും ആയുരാരോഗ്യവും നേരുന്നു. എന്റെ മോചനത്തിനായി പ്രാർത്ഥിച്ച സഹോദരി സഹോദരന്മാർക്കും സുഹൃത്തുക്കൾക്കും നന്ദിയുണ്ട്.’’
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ