Wednesday, 20 September 2017 12.38 AM IST
'താങ്കളുടെ നായിക അവരുടെ ഭർത്താവിന് വേണ്ടി ദിലീപിനെ സമീപിച്ചിരുന്നു'
September 13, 2017, 1:16 pm
മഞ്ജു വാര്യരെ നായികയാക്കി 'റാണി പത്മിനി' എന്ന ചിത്രം ഒരുക്കിയതിന് ശേഷമാണ് ദിലീപിന് തന്നോട് വിരോധം തുടങ്ങിയതെന്ന സംവിധായകൻ ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റിന് മറുപടിയുമായി ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസ് ഖാൻ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പരിപാടിയാണ് ആഷിക്കിന്റെതെന്നും, ദിലീപിനെ നായകനാക്കി സിനിമ എടുക്കാനുള്ള മോഹം മുളയിലെ നുള്ളിയതു കൊണ്ടാണ് 'റാണി പത്മിനി' എടുത്ത് വാശി തീർത്തതെന്നും റിയാസ് വിമർശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെയാണ് റിയാസിന്റെ വിമർശനം.

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ശ്രീ. ആഷിക് അബു,
'അരിയെത്ര പയറഞ്ഞാഴി ' എന്ന താങ്കളുടെ മറുപടി കണ്ടു. അല്ലെങ്കിൽ 'ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം. ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി താങ്കൾ പറഞ്ഞ സിനിമയ്‌ക്ക് ആളേകേറ്റുന്ന പരിപാടി ഇപ്പൊഴുമുണ്ടൊ? സാൾട്ട് ൻ പെപ്പറും, മഹേഷിന്റെ പ്രതികാരത്തിനും മാത്രമെ താങ്കൾ അറിയാവുന്ന പണി എടുത്തീട്ടുള്ളെന്നും മനസ്സിലായി. താങ്കളുടെ മറ്റു സിനിമകൾക്ക് ടിക്കറ്റ് കൊടുത്തവർ വലിച്ചുകീറി മുഖത്തെറിഞ്ഞിട്ടുണ്ടാവും,അതുകൊണ്ടാവാം അതൊക്കെ എട്ടിനും മുകളിൽ കയറിപ്പൊട്ടിയത്.

ഫാൻസ് അസോസിയേഷൻ ഉണ്ടായതിന്റെ ചരിത്രം ഇയാൾ അന്വേഷിക്കേണ്ട, പിന്നെ തങ്കൾക്ക് ദിലീപിനോടുള്ള വിരോധത്തിന്റെ കഥ എന്താണെന്ന് ഞങ്ങൾക്കറിയാം. അത് കഴിഞ്ഞ കുറിപ്പിൽ പറയണമെന്ന് കരുതിയതാണ്,പക്ഷെ മാന്യമായ രീതിയിൽ മറുപടി അർഹിക്കുന്നയാളാണ് താങ്കൾ എന്നു തോന്നിയത് കൊണ്ട് പറഞ്ഞില്ല, ദിലീപിന്റെ മുൻഭാര്യയെ നായികയാക്കി സിനിമയെടുത്തതുകൊണ്ടാണ് അദ്ദേഹത്തിന് താങ്കളോട് നീരസം ഉണ്ടായതെന്നും അത് റാണി പദ്മിനി എന്ന താങ്കളുടെ സിനിമയ്‌ക്ക് ശേഷമായിരിക്കുമെന്നും അത് തികച്ചും മാനുഷികമാണെന്നും താങ്കൾ പറയുന്നു. 'എന്നെ കണ്ടാൽ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ' എന്ന് കള്ളൻ പറയുന്നപോലെയല്ലേ സംവിധായകാ ഇത് ?! ദിലീപിന് താങ്കളോട് നീരസമുണ്ടെന്ന് ആരാണ് പറഞ്ഞത് ? ദിലീപേട്ടൻ എപ്പോഴെങ്കിലും പറഞ്ഞോ ? എന്റെ മറുപടിയിൽ എവിടെയെങ്കിലും അങ്ങനെ ആരോപണം ഉന്നയിച്ചോ ഇല്ലല്ലോ ?! നീരസം താങ്കൾക്കാണ് സുഹൃത്തേ. അത് കുറേനാളുകളായി പൊതുസമൂഹം കാണുന്നുമുണ്ട്. ഇത് ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ തലയിൽ വെറുതെ കൊണ്ട് ചാർത്തല്ലേ. അദ്ദേഹത്തിന് പ്രതികരിക്കാൻ സാധിക്കാത്തതുകൊണ്ട് താങ്കളെപോലെയുള്ള മഹാന്മാരും മാദ്ധ്യമങ്ങളും ആവർത്തിക്കുന്ന നുണകൾ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്ന് കരുതരുത് ശ്രീ.അബു. താങ്കൾ പറഞ്ഞ സ്ഥിതിക്ക് ദിലീപേട്ടനോടുള്ള താങ്കളുടെ വൈരാഗ്യത്തിന് കാരണം എന്തെന്ന് പൊതുജനം അറിയട്ടെ. ഇതിൽ ഏതാണ് ശരിയെന്നു ജനം തീരുമാനിക്കട്ടെ.

ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്‌ക്ക് താങ്കളുടെ നായികയായ നായിക സ്വന്തം ഭർത്താവിന് വേണ്ടി ദിലീപേട്ടനോട് ഒരു ഡേറ്റ് ചോദിച്ചിരുന്നു, തങ്ങളുടെ സ്വന്തം ബാനറിൽ നിർമ്മിക്കാനാണെന്നും പറഞ്ഞത് ഓർമ്മയുണ്ടൊ? സ്വന്തം ബാനറിൽ ദാരിദ്ര്യ സിനിമകളും, മറ്റു ബാനറുകൾക്കു കീഴിൽ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന താങ്കളുടെ ആ താൽപര്യം ദിലീപേട്ടൻ മുളയിലേ നുള്ളി അതിനുശേഷമല്ലെ സുഹൃത്തെ താങ്കൾ റാണി പത്മിനി എടുത്ത് വാശി തീർത്തത്. അപ്പൊ ഇതിലേതാ ആദ്യം സംഭവിച്ചത്? ഞാനും സഖാവ് പിണറായി വിജയൻ എന്ന നേതാവിൽ,ഭരണാധികാരിയിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരൻ തന്നെയാണ്. ഞാനും അദ്ധേഹത്തിൽ വിശ്വസിക്കുന്നു,നിങ്ങളെപ്പോലുള്ളവർക്ക് എക്കാലത്തും അദ്ധേഹത്തിനു മുന്നിൽ നിന്ന് സത്യം മറച്ചു പിടിക്കാനാവില്ലെന്ന്.

അതുകൊണ്ട് എന്തുപറഞ്ഞാലും ഏതു പറഞ്ഞാലും പിണറായി വിജയന്റെ പേര് പറഞ്ഞ് കാറൽ മാർക്‌സിലും വലിയ കമ്മ്യൂണിസ്‌റ്റ്കാരൻ കളിക്കുന്ന താങ്കളുടെ കളിയും നിർത്താൻ സമയമായി.അദ്ദേഹം താങ്കളുടെ കളിപ്പിള്ളയോ കുടുംബ സ്വത്തോ അല്ല. അദ്ദേഹം മൊത്തം മലയാളികളുടെയും മുഖ്യമന്ത്രിയാണ് സ്വത്താണ്. അത് മറക്കരുത്'.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ